SignIn
Kerala Kaumudi Online
Wednesday, 08 July 2026 11.24 PM IST

അങ്ങനെ കൊച്ചിയുടെ ആ പ്രശ്‌നത്തിന് പരിഹാരമാകുന്നു; 523 കോടി ചെലവില്‍ ആലുവയില്‍ വമ്പന്‍ പദ്ധതി

kochi

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ആലുവയില്‍ 190 എം.എല്‍.ഡി. ശേഷിയുളള കുടിവെളള ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 523 കോടിയുടെ ഭരണാനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മോന്‍സ് ജോസഫ് അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനും സമീപ പ്രദേശങ്ങളായ അഞ്ചു മുനിസിപ്പാലിറ്റികള്‍ക്കും 13 പഞ്ചായത്തുകള്‍ക്കും ആവശ്യമായ തോതില്‍ ജലം ലഭ്യമാക്കുന്നതിനും ശുദ്ധജല വിതരണം സംബന്ധിച്ച പരാതികള്‍ക്ക് തൃപ്തികരമായ രീതിയില്‍ പരിഹാരം കണ്ടെത്തുന്നതിനുമായി മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട എംഎല്‍എമാരുടെ സാന്നിദ്ധ്യത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുളള രൂക്ഷമായ കുടിവെളളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ പ്രോജക്ട് എ.ഡി.ബി. സഹായത്തോടെ നടപ്പാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക താല്പര്യമെടുത്താണ് ജലവിഭവ വകുപ്പിന്റെ ഭരണാനുമതി പ്രൊപ്പോസല്‍ അംഗീകരിച്ചു കൊണ്ട് ധനകാര്യ വകുപ്പ് 523 കോടി രൂപ അനുവദിക്കാന്‍ തീരുമാനമെടുത്തതെന്ന് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് വ്യക്തമാക്കി.


ആലുവാ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കൊച്ചി കോര്‍പ്പറേഷനിലും അഞ്ചു മുനിസിപ്പാലിറ്റികളിലും 13 പഞ്ചായത്തുകളിലും ജലവിതരണം കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഈ പദ്ധതി മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്. ഇതോടെ ഈ മേഖലയില്‍ ആവശ്യമായത്ര കുടിവെളളം കാര്യക്ഷമമായി വിതരണം നടത്താന്‍ കഴിയുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.


യോഗത്തില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി എന്നിവര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സുഹാസ് എസ്. ഐ.എ.എസ്., കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് ഐ.എ.എസ്., കേരള വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ വി. കെ. പ്രദീപ്, ടെക്‌നിക്കല്‍ മെമ്പര്‍ സജീവ് രത്‌നാകരന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്. രതീഷ് കുമാര്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ പി. ശ്രീദേവി, കെ.ഐ.ഐ.ഡി.സി. ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.


കൊച്ചി മെഖലയിലെ കുടിവെളള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് എംഎല്‍എമാരും, ജില്ലാ കളക്ടറും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ കൂടി പങ്കെടുപ്പിച്ച് വിപുലമായ യോഗം സര്‍ക്കാര്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.


വിവിധ എംഎല്‍എമാര്‍ നിയമസഭയില്‍ കൊച്ചിയിലെ ശുദ്ധജലക്ഷാമം സംബന്ധിച്ച സബ്മിഷനുകള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിക്കാനും ഫണ്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുളള തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA