അജൈവ മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി കേരളം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മാലിന്യ സംസ്കരണത്തിൽ വിപ്ലവകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്. അഞ്ച് വർഷം കൊണ്ട് അജൈവ മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലുമായി 236 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിൽ കേരളത്തിന് പുതിയൊരു ദിശാബോധം നൽകിയ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലെ 20 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ (ഡംപ് സൈറ്റുകൾ) ബയോമൈനിംഗ് പ്രക്രിയയിലൂടെ ശാസ്ത്രീയമായി മാലിന്യങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിന് കരുത്തേകുന്നതാണ് അജൈവ മാലിന്യ സംസ്കരണത്തിലെ സംസ്ഥാനത്തിന്റെ ഈ നേട്ടം. മാലിന്യ കേന്ദ്രങ്ങൾ വൃത്തിയാക്കിയ ശേഷം വീണ്ടെടുക്കുന്ന സ്ഥലങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് ചെയ്യുക.
2021-22 കാലഘട്ടത്തിൽ കേരളത്തിൽ 21,839 ടണ്ണായിരുന്ന മാലിന്യ ശേഖരണം 2025-26ൽ 73,403 ടണ്ണായി ഉയർന്നെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി മാലിന്യ സംസ്കരണ സേവനങ്ങൾ നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിന് ശേഷം കേരളത്തിൽ മാലിന്യശേഖരണവും സംസ്കരണവും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും 2023 മാർച്ചിലെ 47 ശതമാനത്തിൽ നിന്ന് 98 ശതമാനമായി വർദ്ധിച്ചുവെന്ന് പതിനഞ്ചാം കേരള നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.
2021-ൽ മാലിന്യം തരംതിരിക്കുന്നത് 25.6 ശതമാനമായിരുന്നെങ്കിൽ 2026ൽ ഇത് 51.6 ശതമാനമായി വർദ്ധിച്ചു. പുനരുപയോഗത്തിനായി അയച്ച മാലിന്യത്തിന്റെ അളവിൽ 577 ശതമാനത്തിന്റേയും വർദ്ധനവുണ്ട്. അതായത്, 5,587 ടണ്ണിൽ നിന്നും ഇത് 37,853 ടണ്ണായി വർദ്ധിച്ചു. 2023-24ൽ ക്ലീൻ കേരള കമ്പനി കൈകാര്യം ചെയ്ത അജൈവ മാലിന്യത്തിന്റെ അളവ് 47,534 ടണ്ണിൽ നിന്ന് 2024-25ൽ 1,52,603 ടണ്ണായും ഉയർന്നിട്ടുണ്ട്. ക്ലീൻ കേരള കമ്പനി വഴി 3,079 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമിക്കാൻ നൽകി. ഇങ്ങനെ 7249 കിലോമീറ്റർ റോഡ് നിർമ്മിക്കുകയും ചെയ്തു.
പ്രകൃതിദത്തമോ ജൈവികമോ ആയ പ്രക്രിയകളിലൂടെ മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുക്കളെയാണ് അജൈവ മാലിന്യങ്ങൾ എന്ന് പറയുന്നത്. പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹങ്ങൾ എന്നിവ കൂടാതെ കാർഡ്ബോർഡ്, പേപ്പർ, പഴയ വസ്ത്രങ്ങൾ, തെർമോക്കോൾ ഷീറ്റുകൾ, ക്യാനുകൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, കെമിക്കൽ മാലിന്യങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ (മൊബൈൽ, ലാപ്ടോപ്പ്), ബാറ്ററികൾ തുടങ്ങിയവ അജൈവ മാലിന്യങ്ങളുടെ ഗണത്തിൽപെടുന്നു. കേരളത്തിൽ പ്രതിദിനം 7398.64 ടൺ ജൈവ മാലിന്യവും 2174 ടൺ അജൈവ മാലിന്യവും 3,099 ദശലക്ഷം ലിറ്റർ ദ്രവമാലിന്യവും ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
വീടുകൾ, വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, കൃഷി, നിർമ്മാണ മേഖല തുടങ്ങിയിടങ്ങളിലെല്ലാം അജൈവ മാലിന്യങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്, ഇലക്ട്രോണിക് അവശിഷ്ടങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസ് തുടങ്ങിയവ പ്രധാനമായും വീടുകളിലും ലോഹങ്ങൾ, പ്ലാസ്റ്റിക്, മിനറൽ മാലിന്യങ്ങൾ തുടങ്ങിയവ വ്യവസായ കേന്ദ്രങ്ങളിലും മെഷിനറി അവശിഷ്ടങ്ങൾ, പാക്കേജിംഗ് മാലിന്യങ്ങൾ, ആശുപത്രികളിൽ നിന്നുള്ള സിറിഞ്ചുകൾ, മരുന്നുകൾ തുടങ്ങിയവ യഥാക്രമം കൃഷി, ആരോഗ്യ മേഖലകളിലുമാണ് ഉണ്ടാകുന്നത്.
മാലിന്യങ്ങൾ കൃത്യമായി സംസ്കരിച്ചില്ലെങ്കിൽ അത് പരിസ്ഥിതിയെ സാരമായി ബാധിക്കും. നിയന്ത്രണമില്ലാത്ത മാലിന്യക്കൂമ്പാരങ്ങൾ സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് ജലാശയങ്ങളിലെയും അഴുക്ക് ചാലുകളിളെയും ഒഴുക്ക് തടസപ്പെടുത്തും. ഭൂഗർഭജലവും ജലസ്രോതസുകളുടെ മലിനീകരണത്തിനും അജൈവ മാലിന്യങ്ങൾ കാരണമാകും. മാലിന്യ സംസ്കരണ രംഗത്ത് കൂടുതൽ മുന്നേറ്റം നടത്താൻ സംസ്ഥാനത്തിനകത്ത് തന്നെ റീസൈക്ലിംഗ് (പുനരുപയോഗ) യൂണിറ്റുകൾ ആരംഭിക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ നിന്ന് ശേഖരിക്കുന്ന പുനരുപയോഗ സാധ്യതയുള്ള മാലിന്യങ്ങൾ ഇവിടെ സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അയയ്ക്കുന്നത്.
മാലിന്യ പ്രശ്നം പരിഹരിക്കാൻ പ്രധാനമായും മൂന്ന് മാർഗങ്ങളാണ് അവലംബിക്കേണ്ടത്. പുനരുപയോഗം, കത്തിച്ചുകളയുക, വീടുകളിൽ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുക എന്നിവയാണ് അവ. പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ലോഹങ്ങൾ എന്നിവ പുനരുപയോഗത്തിലൂടെ പുതിയ ഉല്പന്നങ്ങളാക്കി മാറ്റാം. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളെ 500 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ഉയർന്ന താപനിലയിൽ കത്തിച്ചു കളയുന്ന രീതിയാണ് ഇൻസിനറേഷൻ.
ഇത് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വീടുകളിൽ തന്നെ മാലിന്യങ്ങൾ തരംതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ജൈവമാലിന്യങ്ങൾക്കും അജൈവമാലിന്യങ്ങൾക്കുമായി പ്രത്യേക ബിന്നുകൾ ഉപയോഗിക്കുന്നത് വ്യാപകമാക്കണം. പ്രതിദിനം 142 ടൺ സംസ്കരണ ശേഷിയുള്ള 271 കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, പ്രതിദിനം 149.36 ടൺ ശേഷിയുള്ള 1303 എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളും 306.66 ടൺ ശേഷിയുള്ള 34 വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റുകളും നിലവിലുണ്ട്.
Kerala has achieved significant progress in non-biodegradable waste collection and processing, marking a 236% increase over five years. Waste processing efficiency rose from 47% to 98% by March 2023. Bio-mining is rapidly progressing at 20 dump sites across 14 districts. Additionally, recycled plastic has been effectively utilized for constructing thousands of kilometers of roads, demonstrating a substantial leap in scientific waste management.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |