SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.42 AM IST

'നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്ന്'

a

'പാടില്ല, പാടില്ല, നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ'. ഭാര്യാ സ്നേഹത്തിനടിപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സിറ്റിംഗ് സീറ്റായ തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ കൂട്ടുനിന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷിന് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉപദേശം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് തെറ്റു തിരുത്താൻ കോഴിക്കോട്ട് ചേർന്ന മൂന്ന് ദിവസത്തെ വിശാല

സംസ്ഥാന സമിതി ഗോവിന്ദൻ മാഷിനെ ശാസിക്കുന്നതിന് മുമ്പായിരുന്നു ഇത്.

ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിലുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ എതി‌ർപ്പ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മറച്ചു വച്ചതും, കണ്ണൂർ ജില്ലയിൽ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകളും പാർട്ടിയെ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ നിഴലാക്കി മാറ്റിയതുമൊക്കെ ശാസനയ്ക്ക് കാരണമായി. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ എതിർപ്പ് മറി കടന്നാണ് എം.എ.ബേബിയും കേരളത്തിന് പുറത്തു നിന്നുള്ള നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിക്കെതിരായ നടപടിയിൽ ഉറച്ചു നിന്നത്.

പാർട്ടി നേതാക്കളും പ്രവർത്തകരും ആരെയും ചാരി നിന്ന് പ്രവർത്തിക്കേണ്ടെന്നും പാർട്ടി എൽപ്പിക്കുന്ന ഉത്തരവാദിത്വം സ്വയം വഹിക്കണമെന്നുമായിരുന്നു പിണറായിയെക്കൂടി ലക്ഷ്യമാക്കിയുള്ള ബേബിയുടെ ഒളിയമ്പ്. പക്ഷേ, മാഷിനെ മാത്രം എങ്ങനെ കുറ്റം പറയും?. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.വിജയരാഘവൻ സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായിരിക്കുമ്പോഴല്ലേ ഭാര്യ ആർ.ബിന്ദുവിനെ മത്സരിപ്പിച്ചതും മന്ത്രിയാക്കിയതും. മരിച്ചു കഴിഞ്ഞിട്ട് രോഗം അന്വേഷിക്കുന്നത് പോലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്നും, ഉചിതമായ ഘട്ടത്തിൽ തിരുത്തേണ്ടിയിരുന്നുവെന്നും വിമർശനം.

മലപ്പുറത്ത് സമ്പന്നനായ ഒരു മന്ത്രിയുടെ വീട്ടിൽ കൊണ്ടുവച്ച് മന്ത്രിസഭാ യോഗം പിണറായി സർക്കാർ നടത്തിയ വിവരം ബേബി സഖാവ് അറിഞ്ഞിരുന്നില്ലായിരിക്കും. രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച ഏതോ ഒരു ചക്രവർത്തിയുടെ മുഖം പാർട്ടി ജനറൽ സെക്രട്ടറിക്ക് ഇണങ്ങുമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനൊക്കില്ല.

തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇത്ര വലിയ ശിക്ഷ പാർട്ടിക്കും മുന്നണിക്കും നൽകിയതിലാണ് ബേബിക്ക് പരിഭവം. 'ജനങ്ങൾക്ക് ഞങ്ങളോട് ചിലതെല്ലാം പറയണമെന്നുണ്ട്. പക്ഷേ,ഇങ്ങനെയൊരു തോൽവി തരേണ്ടിയിരുന്നോ?' -ബേബി ചോദിക്കുന്നു. എന്തിനാണ് ജനങ്ങൾ ഇങ്ങനെ ശിക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വി‌‌ജയനും ഇനിയും മനസിലായിട്ടില്ല. ഈ നേതാക്കളൊക്കെ കഴിഞ്ഞ പത്ത് കൊല്ലം ഏത് സങ്കൽപ്പ ലോകത്തായിരുന്നുവെന്നാണ് പാർട്ടി അണികളുടെ ചോദ്യം.

വിശാല സംസ്ഥാന സമിതി മൂന്ന് പുതുമുഖങ്ങളെ സംസ്ഥാന സെക്രട്ടേറിയറ്റിലും, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുൾപ്പെടെ ഒമ്പത് പേരെ സംസ്ഥാന കമ്മിറ്റിയിലും ഉൾപ്പെടുത്തിയത് പാർട്ടിക്ക് പുതുരക്തവും ചൈതന്യവും പകരും. കഴിഞ്ഞ 28 വ‌‌ർ‌ഷമായി സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വം ചവിട്ടിപ്പിടിച്ചിരുന്ന പി.ജയരാജന് സെക്രട്ടേറിയറ്റ് അംഗത്വം ഏറെ വൈകി ലഭിച്ച അംഗീകാരം. പി.ജയരാജന്റെ പ്രവ‌ർത്തന പാരമ്പര്യമില്ലാത്ത എത്രയോ

പേർ‌ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും വരെ എത്തി. പക്ഷേ,2028ൽ നടക്കുന്ന അടുത്ത പാർട്ടി കോൺഗ്രസോടെ അദ്ദേഹത്തിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം അവസാനിച്ചേക്കും. അപ്പോഴേക്കും പി.ജയരാജൻ 75 വയസ് പ്രായപരിധി പിന്നിടും.

2021ലെ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ റെക്കാഡ് ഭൂരിപക്ഷം നേടിയ മുൻമന്ത്രി കെ.കെ.ശൈലജയെ അവിടെ നിന്ന് മാറ്റി പേരാവൂരിൽ നിറുത്തി തോൽക്കാൻ ഇടവരുത്തിയ നേത‌ൃത്വത്തിനെതിരായ വികാരവും വിശാല സമിതിയിൽ പ്രതിഫലിച്ചു. സമാപന റാലിയിൽ സംസാരിക്കാനും ശൈലജ ടീച്ചർക്ക് അവസരം ലഭിച്ചത് പാർട്ടിയിൽ വരാനിരിക്കുന്ന തിരുത്തലുകളുടെ സൂചകമാവാം.

ഏറെക്കാലമായി കണ്ണൂർ ജില്ലയിൽ തളച്ചിട്ടിരുന്ന എസ്.എഫ്.ഐയുടെ പഴയകാല തീപ്പൊരി നേതാവ് എൻ.സുകന്യയെ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയതും തെറ്റ് തിരുത്തൽ തന്നെ. ഇനി, പാർട്ടി ജില്ലാ കമ്മിറ്റികളിൽ മുതൽ ബ്രാഞ്ച് കമ്മിറ്റികളിൽ വരെ വിപുലീകൃത യോഗങ്ങൾ ചേരുമെന്നാണ് പറയുന്നത്. ചവിട്ടിപ്പിഴിച്ചിൽ താഴെത്തലം വരെ തുടരുമെന്ന് സാരം.!

പക്ഷേ, ജനപ്രിയനായ സുരേഷ് കുറുപ്പിനെ സംസ്ഥാന കമ്മിറ്റിയിൽ പോലും എടുക്കാതെ 'പണ്ഡിതയായ' വനിതാ സഖാവിനെ സംസ്ഥാന കമ്മിറ്റിയിലും യുവജന സംഘടനയുടെ തലപ്പത്തുമൊക്കെ എത്തിച്ചതിനു പിന്നിൽ ആരെണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്.

'നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്'. കടമ്മനിട്ട കവിതയിലെ വരിയിൽ ചെറിയൊരു മാറ്റം വരുത്തിയാണ് സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയുടെ സമാപന സമ്മേളനത്തിൽ എം.എ. ബേബി ചൊല്ലിയത്. 'നമ്മളോർക്കുക നമ്മളെങ്ങനെ നമ്മളായെന്ന്'. തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, തെറ്റ്

പറ്റിയത് പാർട്ടി അണികൾക്കും ജനങ്ങൾക്കുമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നിലപാടിനുള്ള മറുപടിയായി അതിനെ കാണാം.

പക്ഷേ, പ്രതിപക്ഷ ഉപനേതാവ് പ്രശ്നത്തിൽ സി.പി.എം നേതൃത്വവുമായി പരിഭവത്തിൽ കഴിയുന്ന സി.പി.ഐക്കാരെ ബേബി സഖാവ് ഒന്നുകൂടി കുത്തി നോവിക്കേണ്ടിയിരുന്നില്ല. സി.പി.ഐ നേതാവ് സി.അച്ചുതമോനോന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ കേരളത്തിലെ കോൺഗ്രസ് സർക്കാരുകളുടെ കൂട്ടത്തിലാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. സി.പി.ഐക്കാരുടെ ക്ഷമയ്ക്കുമില്ലേ ഒരതിര് ?. തങ്ങൾ അഭിമാനമായി കാണുന്ന അച്ചുത മേനോൻ സർക്കാരിനെ കമ്മ്യൂണിസ്റ്റ് സർക്കാരായി കണക്കാക്കാത്ത ബേബിയോട് സഹതപിക്കുകയാണ് സി.പി.ഐ നേതാക്കൾ!

നുറുങ്ങ്

പ്രതിവർഷം 15 ലക്ഷം സന്ദർശകരും, എട്ടു കോടി രൂപ വരുമാനവും, 167 വർഷത്തെ പഴക്കവുമുള്ള തിരുവനന്തപുരത്തെ മൃഗശാല മാറ്റിക്കൊണ്ടു പോകാൻ സർക്കാർ തലത്തിൽ ശ്രമം.

►തലസ്ഥാന നഗരത്തിലെ വിശാലമായ ഏക പച്ചത്തുരുത്തിൽ ആർക്കൊക്കെയോ കണ്ണുണ്ടെന്ന് വ്യക്തം!

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION