SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.36 AM IST

സാക്ഷരതാദിനം ഓർമ്മിപ്പിക്കുന്നത്

1

സാങ്കേതികവിദ്യയും സമൂഹമാദ്ധ്യമങ്ങളും ഒരു ദിവസത്തിന്റെ സിംഹഭാഗവും കൈയടക്കി വച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്ന് സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കുടുംബാംഗങ്ങൾ ചുരുക്കമാണ് ഓരോ വീട്ടിലും. സ്‌ക്രോളിംഗിലൂടെ എന്തും ഏതും കണ്ടറിയാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ എഴുത്തിലും വായനയിലും മാത്രം ഒതുങ്ങുന്ന സാക്ഷരതാ നിർവചനങ്ങൾ പുതുക്കി എഴുതപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

അതുകൊണ്ടുതന്നെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുക എന്നതിലുപരി, ലഭിക്കുന്ന വിവരങ്ങളെ തിരിച്ചറിയാനും പരിശോധിക്കാനും വിലയിരുത്താനും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനുമുള്ള ശേഷി വികസിപ്പിക്കുക എന്നതാണ് ഡിജിറ്റൽ സാക്ഷരതയുടെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായതിനാൽ തന്നെ സൈബർ സുരക്ഷ ഇന്ന് സാക്ഷരതയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഷയമാണ്.

ഡിജിറ്റൽ സാക്ഷരതയുടെ ലക്ഷ്യം എല്ലാവരെയും ഒരേ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നതല്ല.

ആർക്കും ഡിജിറ്റൽ ലോകത്തിൽനിന്ന് പുറത്താകേണ്ടിവരാത്ത ഒരു സമൂഹം സൃഷ്ടിക്കുക എന്നതായിരിക്കണം.

സാക്ഷരതാ പ്രസ്ഥാനത്തിലൂടെ അക്ഷരജ്ഞാനം നേടിയവരെ തുടർവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ അറിവും നൈപുണികളും ലഭ്യമാക്കുകയും ചെയ്യുക എന്നതിലൂന്നിയാണ് കേരളത്തിലെ സാക്ഷരതാപ്രവർത്തനങ്ങൾ സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇന്ന് അതേ തുടർച്ചയിലാണ് ഡിജിറ്റൽ സാക്ഷരതയെയും കാണേണ്ടത്.


സാക്ഷരതയുടെ ലക്ഷ്യം സാങ്കേതികവിദ്യയ്ക്ക് പിന്നാലെ ഓടുക എന്നതല്ല. ഡിജിറ്റൽ ലോകം വളരുമ്പോഴും അക്ഷരജ്ഞാനം, വായന, എഴുത്ത്, സംഖ്യാപരിജ്ഞാനം തുടങ്ങിയ അടിസ്ഥാന ശേഷികളുടെ പ്രാധാന്യം കുറയുന്നില്ല. മറിച്ച്, അവയ്ക്ക് പുതിയ സാങ്കേതിക സാഹചര്യങ്ങളിൽ കൂടുതൽ പ്രസക്തി ലഭിക്കുകയാണ്. അടിസ്ഥാന സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും പരസ്പരം പൂരകങ്ങളാണ്. ഒന്നിനെ മറ്റൊന്നിന് പകരമായി കാണാനാകില്ല. ലോക സാക്ഷരതാദിനം നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെയാണ്.

(സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടറാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LITERACY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY