
ഒരു കാലത്ത് ഇറക്കുമതിയുടെ കണക്കുകൾ പറഞ്ഞിരുന്ന രാജ്യത്തെ പ്രതിരോധരംഗം ഇന്ന് സ്വന്തമായുള്ള ആയുധ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും കണക്കുകൾ പറയുകയാണ്. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള 12 വർഷത്തിൽ പ്രതിരോധരംഗത്ത് വന്ന മാറ്റം.
2013-14ൽ രാജ്യത്തെ പ്രതിരോധ രംഗത്തെ ഉത്പാദനം 46,429 കോടി. 2025-26ൽ അത് 1.28 ലക്ഷം കോടി. പന്ത്രണ്ട് വർഷത്തിനിടെ ഏകദേശം മൂന്നിരട്ടി വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം മുൻവർഷത്തേക്കാൾ 15.6 ശതമാനം വർദ്ധന.
പ്രതിരോധ രംഗത്തെ കയറ്റുമതി 2013-14ൽ 686 കോടി ആയിരുന്നത് 2025-26ൽ 38,424 കോടിയായി ഉയർന്നു. ഇന്ന് 80ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾ എത്തുന്നു. കയറ്റുമതിയിൽ പങ്കാളികളായ സ്ഥാപനങ്ങളുടെ എണ്ണം 145 ആയി. മേയ്ക്ക് ഇൻ ഇന്ത്യ ഉപകരണങ്ങൾക്ക് മുൻഗണന, സ്വകാര്യ മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ അവസരം, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന സംരംഭങ്ങൾക്ക് പിന്തുണ എന്നിവയിലൂടെയാണിത് സാദ്ധ്യമാക്കിയത്.
പൊതുമേഖലയെ മാത്രം ആശ്രയിച്ചിരുന്ന പ്രതിരോധ വ്യവസായത്തിലേക്ക് സ്വകാര്യ സ്ഥാപനങ്ങളും ചെറുകിട ഇടത്തരം വ്യവസായങ്ങളും കൂടുതൽ കടന്നുവന്നു. 2025-26ൽ രാജ്യത്തെ പ്രതിരോധ ഉത്പാദനത്തിന്റെ ഏകദേശം നാലിലൊന്ന് സ്വകാര്യ മേഖലയിൽ നിന്നായിരുന്നു. ആയുധങ്ങൾ വാങ്ങിയിരുന്ന ഇന്ത്യ, ആയുധങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ഇന്ത്യയായി മാറിയതിന്റെ കണക്കുകളാണ് കഴിഞ്ഞ 12 വർഷത്തിന്റേത്. അതിനു പിന്നിലുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |