ന്യൂഡൽഹി: അമേരിക്കയിൽ യുദ്ധത്തിൽ പരീക്ഷിച്ച് വിജയിച്ച ജാവലിൻ ആന്റി-ടാങ്ക് മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. ഒരാൾക്ക് കൊണ്ടുനടക്കാവുന്നതും അത്യാധുനിക ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സംവിധാനമുള്ളതുമായ മദ്ധ്യദൂര ആന്റി-ടാങ്ക് ആയുധ സംവിധാനമാണ് ജാവലിൻ.
കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയ്ക്ക് ജാവലിൻ ആയുധ സംവിധാനം വിൽക്കാനുള്ള അനുമതി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൂടാതെ സംയുക്ത ഉല്പാദനത്തിനുള്ള സാദ്ധ്യതകൾക്കും ഇത് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കവചിത വാഹനങ്ങളും ടാങ്കുകളും പോലുള്ള ലക്ഷ്യങ്ങളെ നേരിടുന്നതിനായാണ് ജാവലിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുഎസിനും സഖ്യരാജ്യങ്ങൾക്കും ഇടയിൽ ഈ സംവിധാനം നിലവിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ജാവലിൻ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ് ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതിക വിദ്യ.
മിസൈൽ വിക്ഷേപിച്ചതിന് ശേഷം അതിന്റെ സ്വയംനിയന്ത്രിത ഗൈഡൻസ് സംവിധാനം ലക്ഷ്യത്തെ പിന്തുടരും. അതിനാൽ മിസൈൽ വിക്ഷേപിച്ച സൈനികന് ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടാങ്കിന്റെ താരതമ്യേന ദുർബലമായ മുകളിലെ ഭാഗത്ത് ആക്രമണം നടത്തുന്നതിനായി മിസൈൽ വളഞ്ഞ പാതയിലൂടെ ഉയർന്ന് പിന്നീട് ലക്ഷ്യത്തിലേക്ക് പതിക്കുന്ന ടോപ് അറ്റാക്ക് രീതിയാണ് ഉപയോഗിക്കുന്നത്.
വെടിയുതിർക്കുന്നതിന് മുമ്പ് തന്നെ ലക്ഷ്യത്തെ തിരിച്ചറിഞ്ഞ് ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ജാവലിനുണ്ട്. ഭാരം കുറവായതിനാൽ സൈനികർക്ക് സ്വന്തം കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും. കൂടാതെ, സോഫ്റ്റ് ലോഞ്ച് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ കെട്ടിടങ്ങൾ, ബങ്കറുകൾ തുടങ്ങിയ അടച്ചിട്ടയിടങ്ങളിൽ നിന്നും ജാവലിൻ സുരക്ഷിതമായി പ്രയോഗിക്കാൻ കഴിയും.
ജാവലിൻ ഇടപാട് ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളും ചേർന്ന് ആയുധങ്ങൾ നിർമിക്കുന്നതിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
The US Ambassador to India, Sergio Gor, announced India's plan to acquire the war-tested Javelin anti-tank missile system from the United States. Approved by the US State Department last November, this 'fire and forget' man-portable weapon system aims to strengthen Indo-US defense cooperation and explore opportunities for joint production of advanced weaponry.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |