SignIn
Kerala Kaumudi Online
Saturday, 18 July 2026 3.12 AM IST

ചെങ്കോട്ടയിൽ വിള്ളൽ നേതാക്കൾക്ക് ഭിന്ന സ്വരം 

a

തിരഞ്ഞെടുപ്പ് ജനവിധിക്കു പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ ഉടലെടുത്ത പൊട്ടിത്തെറി അടങ്ങിയില്ല.സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ ആദ്യം അണികളാണ് രംഗത്തു വന്നതെങ്കിൽ ഇപ്പോൾ നേതൃത്വത്തിലെ ഭിന്നാഭിപ്രായം പാർട്ടിയുടെ അടിത്തറയിളക്കുകയാണ്.

ജില്ലയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ ജില്ലാ സെക്രട്ടറി കെ.കെ. രാംഗഷിനെതിരെ രംഗത്തു വന്നുകഴിഞ്ഞു.

വിഴിഞ്ഞം...
ഈ ആഭ്യന്തര പോരിനെ സംസ്ഥാനതലത്തിലേക്ക് ഉയർത്തിയത് വിഴിഞ്ഞം വിഷയമാണ്. തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടിക്കു പിന്നിൽ അദാനിക്കു വേണ്ടിയുള്ള ഇടപെടലാണെന്ന് കെ.കെ. രാഗേഷ് ആരോപിച്ചതോടെയാണ് പുതിയ ഏറ്റുമുട്ടൽ തുടങ്ങിയത്. ഈ ആരോപണത്തെ പിണറായി വിജയനും എം.വി. ഗോവിന്ദനും അനുകൂലിച്ചെങ്കിലും, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ അതിനൊപ്പം നിന്നില്ല. വിവാദമുണ്ടാക്കുന്നത് വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് യു.ഡി.എഫിന് വച്ചുനീട്ടുന്നതിനു തുല്യമാണെന്നും, ഇക്കാര്യത്തിൽ പാർട്ടി മുഖപത്രം സ്വീകരിച്ച നിലപാടാണ് ശരിയായതെന്നും ഇ.പി തുറന്നടിച്ചു. നേതൃത്വത്തിന് നിലപാടെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിലെ തന്നെ മുതിർന്ന നേതാക്കളായ പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും ഇ.പി യുടെ പാതയിലാണ് സഞ്ചരിച്ചത് അതും തങ്ങളുടെ സ്വന്തം ജില്ലാ സെക്രട്ടറിക്കെതിരെ. ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നും, സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥർ മാറുന്നത് സ്വാഭാവിക നടപടിയാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. രാഗേഷ് ഉന്നയിച്ച ആരോപണത്തിൽ വ്യക്തതയില്ലെന്നും, ആവിലുമില്ല ദുനിയാവിലുമില്ല എന്ന മട്ടിൽ സംസാരിക്കരുതെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഇക്കാര്യത്തിൽ ഇ.പിയുടെ നിലപാടു തന്നെയാണ് തനിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. പിന്നീട് ശൈലജ തന്റെ പ്രതികരണം അൽപം മയപ്പെടുത്തി രാഗേഷിന് പ്രതികരിക്കാൻ അവകാശമുണ്ടെന്നും, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാലത്ത് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചുമതലയിലുണ്ടായിരുന്നു എന്നതിനാൽ ആരോപണത്തിൽ അൽപംകൂടി വ്യക്തത വരുത്താമായിരുന്നു എന്നും അവർ വിശദീകരിച്ചു.
അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കമ്പനിയുടെ 74 ശതമാനം വരെ ഓഹരി കൈമാറാൻ കരാർ

പ്രകാരം അനുമതിയുള്ളപ്പോൾ, 49 ശതമാനം ഓഹരി കൈമാറ്റത്തിൽ പോലും വിവാദമുണ്ടാക്കിയാൽ വിദേശനിക്ഷേപത്തെ പിന്നോട്ടടിച്ചവർ എന്ന പഴി എൽ.ഡി.എഫിന് കേൾക്കേണ്ടിവരുമെന്നതാണ് ഇ.പിയുടെ പ്രധാന വാദം.

കോട്ടയ്ക്കുള്ളിലെ പട
നാല് പതിറ്റാണ്ടിലേറെയായി കണ്ണൂർ സി.പി.എമ്മിന്റെ ഏറ്റവും അഭേദ്യമായ കോട്ടയായി നിലനിന്നു. ഇന്നിപ്പോൾ ആ കോട്ടയ്ക്കുള്ളിൽ തന്നെ വിഭാഗീയതതെളിഞ്ഞുകാണാം ഒരു വശത്ത് പിണറായി വിജയനും എം.വി. ഗോവിന്ദനും അവർ നിയോഗിച്ച ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും; മറുവശത്ത് ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും അടങ്ങുന്ന മുതിർന്ന നിര.
അകത്തെ വിയോജിപ്പുകൾ പുറത്തുവിടാതെ കാത്തുസൂക്ഷിച്ചിരുന്ന കണ്ണൂരിൽ നേതൃത്വം ഭിന്നത പരസ്യമായി വ്യക്തമാക്കുന്നത് അണികളെ ആശങ്കയിലാക്കുന്നു.
രാഷ്രീയത്തിൽ അഭിപ്രായഭിന്നതകൾ അപൂർവമല്ല. എന്നാൽ സി.പി.എം പോലൊരു കേഡർ പാർട്ടിയിൽ പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ പരസ്യ പ്രതികരണങ്ങൾ തുടർച്ചയായി പുറത്തുവരുമ്പോൾ അതിന് രാഷ്രീയ പ്രാധാന്യം വർധിക്കുന്നു കേരളത്തിൽ സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ സംഘടനാ അടിത്തറകളിലൊന്നാണ് കണ്ണൂർ. അവിടെ ഉയരുന്ന ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും സംസ്ഥാന രാഷ്രീയത്തിൽ വലിയ ചർച്ചയാകും.

കെ.കെ. രാഗേഷിന് വെല്ലുവിളികൾ
ജില്ലാ രാഷ്രീയത്തിൽ നിന്ന് ദേശീയതലത്തിലേക്കും പിന്നീട് സംസ്ഥാന സംഘടനാ നേതൃത്വത്തിലേക്കും എത്തിയ നേതാവാണ് കെ.കെ. രാഗേഷ്. സംഘടനാപരമായ കർശന സമീപനവും ഭരണപരമായ ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയുടെ പ്രത്യേകതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, നേതൃത്വം കൂടുതൽ കേന്ദ്രീകൃതമാകുന്നു എന്ന വിമർശനവും ചില രാഷ്രീയ നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്.

പാർട്ടിയുടെ പ്രതീകമെന്ന്
പ്രതികരണം

സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധവും ആസൂത്രിതവുമായ രാഷ്രീയ നീക്കമാണെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഗേഷിന് ജയരാജൻ പിന്തുണ അറിയിച്ചത്. സമാന നിലപാടിൽ ജില്ലാ സെക്രട്ടേറിയറ്റും രംഗത്തെത്തിയിരുന്നു.
രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ലെന്നും കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവുമാണെന്നാണ് ജയരാജന്റെ നിലപാട്.
ജില്ലാ സെക്രട്ടറി രാഗേഷിനെ ലക്ഷ്യമിട്ട് വലതുപക്ഷ മാദ്ധ്യമങ്ങൾ തുടർച്ചയായി ചമയ്ക്കുന്ന വാർത്തകൾ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ശേഷം ജില്ലാ സെക്രട്ടറിക്കെതിരെ മാദ്ധ്യമങ്ങള്‍ തുടർച്ചയായി നിർമ്മിത കഥകൾ ചമയ്ക്കുകയാണെന്നും ഇത് സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വലിയ വിമർശനമുണ്ടായെന്ന നിലയിലായിരുന്നു ഒരു വാർത്ത. പോസ്റ്റിന്റെ കമന്റ് ഭാഗം പൂട്ടിയെന്നു വരെ ചിലർ റിപ്പോർട്ട് ചെയ്തു. എന്നാൽ പാർട്ടി പ്രവർത്തകർ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെ പാർട്ടി ശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിംഗിനെയാണ് ആധികാരിക വാർത്തയായി അവതരിപ്പിച്ചതെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.പാർട്ടിയെ അപഹാസ്യമാക്കുകയെന്ന ബോധപൂർവമായ അജണ്ടയാണ് ഇതിനെല്ലാം പിന്നിലെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY