
കണ്ണൂരിലെ സി.പി.എമ്മിന്റെ ഏറ്റവും കരുത്തുറ്റ കേന്ദ്രത്തിൽ ഉയരുന്ന ആഭ്യന്തര ഭിന്നതകൾ, ആരോപണപ്രത്യാരോപണങ്ങൾ, നേതൃത്വ സംഘർഷങ്ങൾ ജില്ലയിലെ പാർട്ടി അണികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രം പറയുമ്പോൾ കണ്ണൂരിനെയും കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം പറയുമ്പോൾ പയ്യന്നൂരിനെയും ഒഴിവാക്കാനാവില്ല. പാർട്ടി സംഘടനയുടെ കരുത്തും അച്ചടക്കവും ജനകീയ അടിത്തറയും ഒരുപോലെ പ്രതിഫലിച്ച പ്രദേശമാണ് പയ്യന്നൂർ. തിരഞ്ഞെടുപ്പുകളിലെ വിജയങ്ങൾ മാത്രമല്ല, സംഘടനാ പ്രവർത്തനത്തിന്റെ മാതൃകയായും ഈ മണ്ണ് പലപ്പോഴും ഉയർത്തിക്കാട്ടപ്പെട്ടിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തുവരുന്ന വാർത്തകൾ മറ്റൊരു ചിത്രം വരയ്ക്കുകയാണ്. പാർട്ടി ഫണ്ട് സംബന്ധിച്ച വിവാദങ്ങൾ, നേതൃത്വത്തെച്ചൊല്ലിയ അഭിപ്രായഭിന്നതകൾ, അച്ചടക്ക നടപടികൾ, ഏരിയാ കമ്മിറ്റിക്കുള്ളിലെ അസ്വാരസ്യങ്ങൾ, പൊതുവേദികളിലെ പരസ്പര വിമർശനങ്ങൾ, മുൻ പ്രവർത്തകരുടെ പ്രതികരണങ്ങൾ, ഒപ്പം തുടരുന്ന അക്രമ പരമ്പരകൾ ആ നാടിന്റെ ഉറക്കം കെടുത്തുന്നു.
പ്രാദേശിക സംഘടനാ പ്രശ്നമാണോ?
ഇത് കേവലം ഒരു പ്രാദേശിക സംഘടനാ പ്രശ്നമാണോ? അതോ പാർട്ടിയുടെ പ്രവർത്തനരീതിയെയും നേതൃത്വ ശൈലിയെയും കുറിച്ചുള്ള വലിയ ചോദ്യങ്ങളുടെ പ്രതിഫലനമാണോ?പയ്യന്നൂരിലെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ദീർഘകാലമായി കൃത്യമായ അച്ചടക്കത്തിന്റെയും കേന്ദ്രീകൃത പ്രവർത്തനത്തിന്റെയും പേരിലായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും അവ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടുന്ന രീതിയായിരുന്നു പൊതുവേ.എന്നാൽ അടുത്തകാലത്ത് അതിൽമാറ്റം പ്രകടമായി. പാർട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചയായി മാറി. സംഘടനാ വിഷയങ്ങൽ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും ഇടംപിടിച്ചു. അതോടെ പാർട്ടിയുടെ ആഭ്യന്തര ചർച്ചകൾ പൊതുരാഷ്ട്രീയ വിഷയങ്ങളായി.
ഫണ്ട് വിവാദം: വഴിത്തിരിവ്
സമീപകാല വിവാദങ്ങളുടെ കേന്ദ്രത്തിൽ നിന്നത് പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സാമ്പത്തിക സുതാര്യത, ഫണ്ടിന്റെ വിനിയോഗം, സംഘടനാ നടപടിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന ചോദ്യങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾക്ക് കാരണമായി. ഇതിന്റെ ഭാഗമായി ചില നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കപ്പെട്ടു. ചിലർ പരസ്യമായി പ്രതികരിച്ചു.
രാഷ്ട്രീയ ഭിന്നതകൾ ആശയപരമായ ചർച്ചകളിൽ നിന്ന് വ്യക്തിപരമായ വിമർശനങ്ങളിലേക്കും കടുത്ത ആരോപണങ്ങളിലേക്കും മാറിയെന്നതാണ് സമീപകാല സംഭവങ്ങളുടെ പ്രത്യേകത.
1985 മുതൽ ഏരിയ കമ്മിറ്റിയിലും 2024ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്ന, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കുഞ്ഞികൃഷ്ണൻപാർട്ടിക്കുള്ളിൽ ദശകങ്ങളുടെ വിശ്വാസ്യതയുള്ള നേതാവായിരുന്നു. അദ്ദേഹമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത് എന്നതാണ് വിഷയത്തിന്റെ ഗൗരവം കൂട്ടിയത്.പാർട്ടി അദ്ദേഹത്തിന്റെ പരാതി പരിഗണിക്കുന്നതിന് പകരം കമ്മിറ്റിയിലെ അനൈക്യം പരിഹരിക്കാനെന്ന വിശദീകരണത്തോടെ കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ പോലും കുഞ്ഞികൃഷ്ണൻ ഒരു കുറ്റവും ചെയ്യാത്ത നേതാവാണെന്ന് അന്ന് പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ് അതായത്, തെറ്റുകാരനല്ലെന്ന് പാർട്ടി തന്നെ സമ്മതിച്ച ഒരാളെ, കേവലം ഐക്യം എന്ന പേരിൽ മാറ്റിനിർത്തുകയായിരുന്നു.ഈ വർഷം ജനുവരിയിൽ കുഞ്ഞികൃഷ്ണൻ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലാണ് തിരിമറി നടന്നതെന്നും ഇതിൽ പയ്യന്നൂർ എംഎൽഎയായിരുന്ന ടി ഐ മധുസൂദനന് പങ്കുണ്ടെന്നും അദ്ദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ പരസ്യമായി ആരോപിച്ചു.ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഈ ആരോപണങ്ങളെ രൂക്ഷമായി തള്ളി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും, കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് മധുസൂദനനോടുള്ള വ്യക്തിപരമായ പകയാണെന്നും രാഗേഷ് വാദിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വരവ് ചെലവ് കണക്കുകൾ പുറത്തുവിടില്ലെന്ന രാഗേഷിന്റെ വാക്കുകൾ തന്നെ അണികൾക്കിടയിൽ പാർട്ടിക്ക് തിരിച്ചടിയായി മാറി. കണക്ക് സുതാര്യമല്ലെങ്കിൽ എന്തിനാണ് മറച്ചുവെക്കുന്നത് എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. സി.പി.എമ്മിന്റെ പരമ്പരാഗത കോട്ടയിൽ പാർട്ടിക്ക് ചരിത്രപരമായ തിരിച്ചടി. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന തന്റെ പുസ്തകത്തിലെ തലക്കെട്ടിനൊപ്പം പയ്യന്നൂരിലെ ജനങ്ങൾ നിന്നു എന്നായിരുന്നു വിജയശേഷം കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
വിമർശകർക്കു നേരെ അക്രമം
മുൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ ഷെഡ് കഴിഞ്ഞ ദിവസം കത്തിനശിച്ച സംഭവം വലിയ ചർച്ചയായി. സംഭവത്തിന് പിന്നിൽ ചില സി.പി.എം നേതാക്കളും പ്രവർത്തകരുമാണെന്ന് പുരുഷോത്തമൻ ആരോപിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥിരവരുമാനത്തിനായി രണ്ട് വർഷം മുൻപ് തുടങ്ങിയതാണ് ഈ ചെമ്മീൻ കൃഷി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ അദ്ദേഹത്തിന്റെ സഹോദരപുത്രൻ ചെമ്മീനുകൾക്ക് തീറ്റ നൽകി മടങ്ങുമ്പോൾ എല്ലാം സാധാരണ പോലെയായിരുന്നു. രാവിലെ വീണ്ടും ഫാമിലെത്തിയപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ ഷെഡും ചാരമായ ഭാവിയുമായിരുന്നു.
10 ചാക്കോളം തീറ്റ, വലകൾ, ചെമ്മീൻ കൊണ്ടുപോകാനുള്ള 40 ട്രേകൾ, പൈപ്പുകൾ, കട്ടിൽ അടക്കമുള്ള ഫർണിച്ചറുകൾ എല്ലാം കത്തിനശിച്ചു. വാതിലുകളും ജനലുകളും തകർന്നുകിടന്നു സംഭവത്തിന് പിന്നിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനും സിപിഎം പ്രവർത്തകരുമാണെന്നാണ് പുരുഷോത്തമന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ മധുസൂദനൻ തനിക്കെതിരെ പരസ്യമായി സംസാരിക്കുകയും വെറുതെ വിടില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അദ്ദേഹം പറയുന്നു വിമതനായി വിജയിച്ച വി കുഞ്ഞികൃഷ്ണൻ അനുകൂലിക്കുന്നവർക്കെതിരെ ആക്രമണം നടത്താൻ പാർട്ടി പദ്ധതിയിടുന്നുണ്ടെന്നും പുരുഷോത്തമൻ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും പുരുഷോത്തമന്റെ വീടിന് നേരെ സമാന ആക്രമണം ഉണ്ടായിരുന്നു.പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാടിനെ പുരുഷോത്തമൻ പിന്തുണച്ചതാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമായത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നത്.
പ്രതിരോധത്തിൽ
പാർട്ടിയുടെ ഏരിയാ കമ്മിറ്റി ഇന്ന് ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.സംഘടനാ അച്ചടക്കം നിലനിർത്തുകയും, അസ്വാരസ്യങ്ങൾ പരിഹരിക്കുകയും, പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുക എന്നത് നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്.ഒരു കാലത്ത് പാർട്ടി തീരുമാനങ്ങൾ പൊതുവേദികളിൽ ചോദ്യം ചെയ്യപ്പെടാത്ത പ്രദേശമായിരുന്നു പയ്യന്നൂർ. എന്നാൽ സമീപകാലത്ത് പ്രാദേശിക നേതൃത്വത്തെക്കുറിച്ചും സാമ്പത്തിക സുതാര്യതയെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും ചില നേതാക്കളും പ്രവർത്തകരും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഇതോടെ സംഘടനാ തലത്തിലും ഏരിയാ കമ്മിറ്റി തലത്തിലും ഭിന്നതകൾ തുറന്ന ചർച്ചാവിഷയമായി.
ഏരിയാ കിറ്റി മുതൽ പ്രാദേശിക ഘടകങ്ങൾ വരെ ഉയരുന്ന അസ്വാരസ്യങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയാത്ത പക്ഷം, അത് ഇനിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കില്ല.തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ചേർന്ന ഏരിയാ അവലോകന യോഗത്തിൽ പ്രശ്നം കൂടുതൽ തുറന്നുകാട്ടപ്പെട്ടു. ജനങ്ങളുടെ മുഖത്തു നോക്കാൻ പറ്റാത്ത വിധം പാർട്ടി നാണക്കേടിലായെന്നും ഏരിയ കമ്മറ്റി തന്നെ പിരിച്ചുവിടണമെന്നും മൂന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |