SignIn
Kerala Kaumudi Online
Saturday, 05 September 2026 1.34 AM IST

തകരുന്ന ഫാമുകൾ, മുടങ്ങുന്ന തിരിച്ചടവുകൾ

a

കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങളുടെയും പ്രധാന ആശ്രയമാണ് കോഴിവളർത്തൽ മേഖല. എന്നാൽ ഇന്ന് ഈ മേഖലയിലെ കർഷകർ മുമ്പൊരിക്കലുമില്ലാത്ത വിധം കടുത്ത പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്. കോഴിത്തീറ്റയുടെ വിപണി വിലയിലുണ്ടായ വൻ വർദ്ധനവാണ് കർഷകരുടെ നട്ടെല്ലൊടിക്കുന്നത്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് കോഴി വളർത്തലിലേക്ക് തിരിഞ്ഞ സാധാരണക്കാരായ കുടുംബങ്ങളും പ്രവാസ ജീവിതത്തിൽ നിന്നും തിരിച്ചെത്തിയവരുമെല്ലാം ഇന്ന് കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായിരിക്കുകയാണ്. കോഴി വളർത്തലിലെ ആകെ ഉൽപ്പാദനച്ചെലവിന്റെ 70 ശതമാനത്തോളവും വരുന്നത് തീറ്റയ്ക്കാണ്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കോഴിത്തീറ്റയുടെ വിലയിലുണ്ടായത് വൻ വർദ്ധനവാണ്. ചോളവും സോയാബീനും പിണ്ണാക്കും അടക്കമുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില അന്താരാഷ്ട്ര-ദേശീയ വിപണികളിൽ ഉയർന്നതാണ് കോഴിത്തീറ്റവില കുത്തനെ വർദ്ധിക്കാനുള്ള പ്രധാന കാരണം. കേരളത്തിലേക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ പ്രധാനമായും തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. അവിടെ ഉത്‌പാദനത്തിലുണ്ടായ കുറവും ഡിമാൻഡ് കൂടിയതും വിലയെ ബാധിച്ചു.

മുട്ടക്കോഴികൾക്ക് നൽകുന്ന 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് 1,820 രൂപയായിരുന്നത് നിലവിൽ 2,500 രൂപയായാണ് വർദ്ധിച്ചത്. നേരത്തെ കിലോയ്ക്ക് 98 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിയുടെ വില നിലവിൽ 76 രൂപയായി കുറഞ്ഞു.
എന്നാൽ ഇതിനനുസൃതമായി ഉൽപ്പാദിപ്പിക്കുന്ന മുട്ടയ്‌ക്കോ കോഴിക്കോ വിപണിയിൽ ന്യായമായ വില ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഒരു കിലോ ഇറച്ചിക്കോഴിയെ വളർത്തിയെടുക്കാൻ ഏകദേശം രണ്ട് കിലോയോളം തീറ്റ ആവശ്യമാണ്. തീറ്റവില കുതിച്ചുയരുമ്പോൾ ഒരു കിലോ കോഴിയിറച്ചി ഉൽപ്പാദിപ്പിക്കാൻ കർഷകന് വലിയ തുക ചെലവാകുന്നു. തങ്ങളുടെ അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കാതെ കടക്കെണിയിലാകുന്ന കർഷകർ പലരും ഈ രംഗം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. 1000ക്കണക്കിന് ആളുകളുടെ ജീവനോപാധിയാണ് ഇതുവഴി ഇല്ലാതാകുന്നത്.
കോഴി വളർത്തൽ കേവലം ഒരു ബിസിനസ്സ് മാത്രമല്ല, കേരളത്തിലെ സാധാരണ കുടുംബങ്ങളുടെയും സ്ത്രീകളുടെയും പ്രധാന വരുമാനമാർഗ്ഗമാണ്. കുടുംബശ്രീ വഴിയും മൃഗ സംരക്ഷണ വകുപ്പിന്റെ പദ്ധതികൾ വഴിയും കോഴി വളർത്തലിലേക്ക് കടന്നുവന്ന സാധാരണക്കാരാണ് കടുത്ത ആശങ്കയിലായിരിക്കുന്നത്. ബാങ്ക് വായ്പയെടുത്തും സ്വകാര്യ വ്യക്തികളിൽ നിന്ന് പലിശയ്‌ക്കെടുത്തും പൗൾട്രി ഫാമുകൾ ആരംഭിച്ചവർക്ക് തീറ്റവിലക്കയറ്റം കാരണം തിരിച്ചടവ് മുടങ്ങിയിരിക്കുന്നു. ഫാമുകൾ അടച്ചുപൂട്ടേണ്ടി വരുന്നത് പ്രാദേശികമായ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും.

ഒരു കോഴിക്കുഞ്ഞിനെ 47 രൂപ നൽകിയാണ് കർഷകർ വാങ്ങുന്നത്. 45 ദിവസം കൊണ്ട് ശരാശരി വലിപ്പമെത്തുന്ന ഒരു കോഴിക്ക് ഏകദേശം 3.5 കിലോ തീറ്റ ആവശ്യമാണ്. 1,000 കോഴികളുള്ള ഒരു ഫാമിലേക്ക് ഈ കാലയളവിൽ മാത്രം 72 ചാക്ക് തീറ്റ വേണ്ടിവരുന്നു. ജനിച്ച് 14 ദിവസം വരെ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റയായ പ്രീ സ്റ്റാർട്ടറിന്റെ വില 50 ചാക്കിന് 2,530 രൂപയാണ്. തുടർന്ന് നൽകേണ്ട തീറ്റയായ സ്റ്റാർട്ടറിന് 2,495, 25 ദിവസത്തിന് ശേഷം നൽകുന്ന ഫിനിഷറിന്റെ വില 2,460 രൂപയുമാണ്. 6,000 മുതൽ 10,000 കോഴികളുണ്ടെങ്കിലേ ഫാമുകളിൽ നിന്ന് ഒരു കുടുംബത്തിന് ഉപജീവനത്തിനുള്ള വരുമാനം ലഭിക്കൂ.

സർക്കാർ ഇടപെടലും പരിഹാര മാർഗ്ഗങ്ങളും

ഈ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിരവും ഫലപ്രദവുമായ ഇടപെടലുകൾ അത്യാവശ്യമാണ്. പാൽ ഉൽപ്പാദന മേഖലയിൽ നൽകുന്നത് പോലെ കോഴിത്തീറ്റയ്ക്കും കർഷകർക്ക് നേരിട്ട് സബ്സിഡി ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. കേരള ഫീഡ്സ് പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള കോഴിത്തീറ്റ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കണം. ചോളം, സോയാബീൻ എന്നിവ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ നികുതി നിരക്കിൽ നേരിട്ട് ഇറക്കുമതി ചെയ്യാനും സംഭരിക്കാനും മൃഗസംരക്ഷണ വകുപ്പ് മുൻകൈയെടുക്കണം. മുട്ടയ്ക്കും ഇറച്ചിക്കോഴിക്കുമെല്ലാമായി ഉൽപ്പാദനച്ചെലവിന് ആനുപാതികമായി കൃത്യമായ തങ്ങുവില പ്രഖ്യാപിക്കുകയും അത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. വലിയ കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തുന്ന അതേ നികുതി തന്നെയാണ് ഷീറ്റിട്ടവ ആണെങ്കിൽക്കൂടി പൗൾട്രി ഫാമുകൾക്ക് ഈടാക്കുന്നത്. കൂടാതെ, 1,000 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള ഫാമുകൾക്ക് ഒറ്റത്തവണ ആഡംബര നികുതി നൽകണം. കോഴിവളർത്തൽ കൃഷിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

വിപണിയിലെ തന്നിഷ്ടപ്രകാരമുള്ള വിലക്കയറ്റവും വൻകിട കമ്പനികളുടെ കുത്തകയും തടയാൻ നിയന്ത്രണങ്ങൾ കൊണ്ടുവരണം. വിപണിയിലെ താളപ്പിഴകളും അമിതമായ തീറ്റവിലയും കാരണം കണ്ണീരുകുടിക്കുന്ന കോഴികർഷകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ഉത്തരവാദിത്വമാണ്. ഭക്ഷ്യസുരക്ഷയിലും സ്വയംപര്യാപ്തതയിലും മുൻപന്തിയിലെത്താൻ ശ്രമിക്കുന്ന ഒരു സംസ്ഥാനത്തിന് പൗൾട്രി മേഖലയുടെ തകർച്ച വലിയ തിരിച്ചടിയാകും. കടക്കെണിയിലായി ഫാമുകൾ പൂട്ടിപ്പോകുന്നതിന് മുമ്പ്‌ ഈ മേഖലയെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരെയും രക്ഷിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY