SignIn
Kerala Kaumudi Online
Saturday, 05 September 2026 1.45 AM IST

റാങ്ക് ലിസ്റ്റ് കാലാവധി മാത്രം നീട്ടിയാൽ പോരാ

READ ENGLISH VERSION
a

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള പതിനെട്ടു റാങ്കുലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത് ഉദ്യോഗാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ഇക്കാര്യം പി.എസ്.സിയോട് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. അധികാരമേറ്റെടുത്തപ്പോൾ ആഗസ്റ്റ് 31നകം റദ്ദാവുന്ന എല്ലാ പി.എസ്.സി റാങ്കുലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയിരുന്നു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന പ്രീപ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപക റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടുന്നത്. യഥാസമയം നിയമനം നടന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികളായിരിക്കും. റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയ ഉദ്യോഗാർത്ഥികളിൽ നല്ലൊരു പങ്കും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. വർഷങ്ങൾ നീളുന്ന കഠിനാദ്ധ്വാനത്തിലൂടെയാവും ഒരു റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ മാത്രമല്ല ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് അതിന് പിന്നിലുണ്ടാകുക.

അതിന്റെ കാലാവധി കഴിയാറാകുമ്പോൾ സ്വാഭാവികമായും അവരെല്ലാം നിരാശരാകും. പലർക്കും പ്രായപരിധി കഴിയാറായിട്ടുണ്ടാകും. പഠനം കഴിഞ്ഞ് പി.എസ്.സി മത്സരപ്പരീക്ഷകളിൽ കൂട്ടായ പരിശീലനമോ കോച്ചിംഗ് സെന്ററുകളിലെ പരിശീലനമോ കഴിഞ്ഞ് പരീക്ഷ എഴുതി ലിസ്റ്റ് വരുമ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കും. പണ്ടൊക്കെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയാൽ ഉദ്യോഗം ഏതാണ്ട് ഉറപ്പായിരുന്നു. അന്നൊക്കെ പി.എസ്.സിക്ക് ഇത്രയും അംഗബലമില്ല. കനത്ത ശമ്പളവും ആഡംബര സൗകര്യങ്ങളുമില്ല. നിഷ്‌പക്ഷവും നീതിപൂർവകവുമായി പരീക്ഷകൾ നടത്തുന്നതിലും കൃത്യമായി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലുമായിരുന്നു ശ്രദ്ധ മുഴുവൻ. അല്ലറ ചില്ലറ ആരോപണങ്ങൾ മിന്നൽപോലെ വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും നൂറുശതമാനം വിശ്വാസ്യത പുലർത്താൻ അവർ ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ യജമാനന്മാരുടെ കല്പനകൾ അന്ധമായി അനുസരിക്കുന്ന റബർ നട്ടെല്ലുള്ള അംഗങ്ങൾ തീരെ കുറവായിരുന്നു. നല്ല അക്കാഡമിക് മികവുകളും വൈദഗ്ദ്ധ്യവും പ്രതിച്ഛായയുമുള്ളവരെയാണ് അന്ന് പി.എസ്.സി അംഗങ്ങളാക്കിയിരുന്നത്.

രാഷ്ട്രീയത്തിൽ ധാർമ്മികച്യുതി കൂടിയതോടെ അതെല്ലാം തകിടം മറിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ ഏറ്റവും നല്ല വിധേയന് ഏറ്റവും വലിയ സ്ഥാനം ലഭിക്കുന്ന അവസ്ഥയാണ്. അതിന്റെ എല്ലാ ദോഷങ്ങളും പി.എസ്.സിയെ ബാധിച്ചിട്ടുണ്ട്. ചോദ്യപേപ്പർ മുതൽ ഇന്റർവ്യൂവും നിയമനവും വരെ ആരോപണങ്ങളിലും ക്രമക്കേടിലും മുങ്ങിയിരിക്കുന്നു. ആ ദുഷ്‌പേര് മാറ്റിയെടുക്കാൻ പി.എസ്.സി ഏറെ വിയർപ്പൊഴുക്കേണ്ടിവരും. പല റാങ്ക് ലിസ്റ്റുകളും അകാലത്തിൽ മരിക്കുകയും ചിലത് ദീർഘശ്വാസം വലിച്ച് കണ്ണടയ്ക്കുകയും ചെയ്യുന്ന കേരള പി.എസ്.സിക്ക് എന്തിനിത്രയും അംഗങ്ങൾ എന്ന് പൊതുജനം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ ഇതിന്റെ നാലിലൊന്നു അംഗങ്ങളേയുള്ളു. ഇതേപോലുള്ള ദുഷ്‌പേരുമില്ല. കാഴ്ചയിലും ഉൾക്കാഴ്ചയിലും രാഷ്ട്രീയതിമിരം മൂത്തവരെ അല്ലാതെ വിദഗ്ദ്ധന്മാരെ നിയമിക്കാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ സന്ദേഹങ്ങൾക്ക് മാറിമാറി ഭരിക്കുന്ന മുന്നണികളാണ് മറുപടി പറയേണ്ടത്.

യുവതലമുറയുടെ പ്രതീക്ഷകളെ ഇങ്ങനെ പന്താടാൻ അനുവദിക്കരുത്. പി.എസ്.സിയുടെ ഘടനയിൽ സമൂലമായ ഒരഴിച്ചുപണി പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്. റാങ്ക് ലിസ്റ്റുകളുടെ ആയുസ് നീട്ടിയത് നല്ലതാണെങ്കിലും ഒഴിവുകൾ കൂടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കാലാവധി നീട്ടിയതിൽ പലതും ജില്ലാതല റാങ്ക് ലിസ്റ്റുകളാണ്. യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയവരുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി. തങ്ങൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നതൊഴികെ റാങ്ക് ലിസ്റ്റിൽ പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രശ്നം കാണാൻ ജീവനക്കാരുടെ സംഘടനകൾക്കും താത്‌പര്യമില്ല. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനും നികത്താനും കൂടി സർക്കാർ യുക്തമായ നടപടി സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION