
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ രാജ്യം കൈവരിച്ച 7.8 ശതമാനം ജി.ഡി.പി വളർച്ചാ നിരക്ക് സാമ്പത്തിക സ്ഥിതിയുടെ സുസ്ഥിരതയും പുരോഗതിയുമാണ് വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധരും ആർ.ബി.ഐ പോലും ഇത്രയും ഉയർന്ന വളർച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാത്രമല്ല സാമ്പത്തിക വളർച്ച പിറകോട്ടാവുമെന്നാണ് പ്രവചിച്ചിരുന്നത്. റിസർവ് ബാങ്ക് 7 ശതമാനം വളർച്ച നേടിയേക്കുമെന്ന് പറഞ്ഞിരുന്നു. അതിനേക്കാൾ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന്റെ സുസ്ഥിരതയും സാമ്പത്തിക വളർച്ചയെയും ആഭ്യന്തര ഉത്‌പാദനത്തെയും ത്വരിതപ്പെടുത്തുന്ന ധന നയങ്ങളും ഉത്‌പാദന, നിർമ്മാണ, സേവന മേഖലകളുടെ വൻകുതിപ്പുമാണ് എണ്ണവില ക്രമാതീതമായി ഉയർന്നിട്ടും ഈ വളർച്ചാ നിരക്ക് നേടാൻ ഇടയാക്കിയത്.
മുൻവർഷത്തെ ഇതേ പാദത്തിലെ 6.9 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ കുതിച്ചുചാട്ടം തന്നെയാണ്. ഈ നേട്ടത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് അഭിമാനകരം തന്നെയാണ്. ഇന്ത്യൻ ജനതയുടെ കൂട്ടായ അദ്ധ്വാനത്തിന്റെയും ശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിനാശം പ്രവചിച്ചവരെ നിരാശപ്പെടുത്തുന്നതാണ് ജി.ഡി.പി വളർച്ചയെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, പക്ഷേ വരുംദിനങ്ങളിൽ കൂടുതൽ ജാഗ്രതയോടെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നൽകുകയുണ്ടായി. സ്വർണം ആവശ്യത്തിന് മാത്രം വാങ്ങുക, വിദേശത്ത് നടത്തുന്ന വിവാഹച്ചടങ്ങുകൾ ഒഴിവാക്കുക, വിനോദസഞ്ചാരത്തിന് പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക തുടങ്ങിയ ഉപദേശങ്ങളാണ് മോദി നൽകിയത്. പശ്ചിമേഷ്യയിലെ യുദ്ധ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ അഭിപ്രായം.
രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 85- 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന നാടാണ് ഇന്ത്യ. ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവഴിക്കേണ്ടി വരുന്നതും ഇതിനാണ്. 2025- 26ൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവ് 77,500 കോടി ഡോളറായിരുന്നു. ഇതിൽ 24,070 കോടി ഡോളറും ക്രൂഡ് ഓയിൽ, സ്വർണം, ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് വേണ്ടിയാണ്. ക്രൂഡ് ഓയിലിന് മാത്രം 13,470 കോടി ഡോളർ ചെലവിട്ടപ്പോൾ സ്വർണ ഇറക്കുമതിക്ക് 7200 കോടി ഡോളർ ചെലവിടേണ്ടി വന്നു. ഇന്ധനത്തിന്റെ ഇറക്കുമതി കുറയ്ക്കാനാകില്ല. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 2025- 26 സാമ്പത്തികവർഷം ഇറക്കുമതി മൂല്യം 24 ശതമാനം വർദ്ധിച്ചിരുന്നു. ജുവലറിക്കാരും ജനങ്ങളും വാങ്ങുന്നതിനേക്കാൾ സ്വർണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് സെൻട്രൽ ബാങ്കാണ്.
എന്നാൽ ആവശ്യത്തിനല്ലാതെ സമ്പാദ്യമെന്ന നിലയിൽ ജനങ്ങൾ സ്വർണം വാങ്ങുന്നത് നിയന്ത്രിച്ചാൽ ഈ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ രാജ്യത്തിന് വിദേശ നാണ്യം ലാഭിക്കാൻ ഇടയാക്കുമെന്ന വിചാരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാവണം പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ഉത്പാദന മേഖലയിൽ 9.2 ശതമാനം വളർച്ചയും റിയൽ എസ്‌റ്റേറ്റ്, ഐ.ടി മേഖലകളിൽ 12.1 ശതമാനം വളർച്ചയും സേവനമേഖലയിൽ ഉണ്ടായ കുതിച്ചുചാട്ടവുമാണ് ജി.ഡി.പി വളർച്ചയുടെ പ്രധാന ചാലക ശക്തികളായി മാറിയത്. എന്നാൽ രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാർഷിക മേഖലയുടെ വളർച്ച 3.6 ശതമാനമായി ചുരുങ്ങിയത് ആശങ്കാജനകമാണ്. അതിനാൽ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് രാജ്യം കൂടുതൽ ഉൗന്നൽ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |