
പാട്ടൊക്കെ ഗംഭീരം, ഏതു വേദിയിലും നാടൻപാട്ടോ ലളിതഗാനമോ ,ചലച്ചിത്രഗാനമോ ആലപിക്കാൻ ഒട്ടുമടിയുമില്ല. സംസ്ഥാന കോൺഗ്രസിലെ ഗാനകോകിലം രമ്യഹരിദാസിന്റെ കാര്യമാണ് പറഞ്ഞത്. ഒരു ടേം എം.പി ആയി, ഇപ്പോൾ എം.എൽ.എയും . കോൺഗ്രസിന്റെ യുവ മഹിളാരത്നങ്ങളിൽ എന്തുകൊണ്ടും ശ്രദ്ധേയയായ നേതാവ്. ഭാവി കേരളത്തിന്റെ പ്രതീക്ഷ. അങ്ങ് പാലക്കാട്ടു നിന്നെത്തി ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ളചിറയിൻകീഴ് പോലൊരു മണ്ഡലത്തിൽ വിജയകൊടി പാറിക്കുക എന്നത് നിസാരമല്ല. യു.ഡി.എഫ് അനുകൂല തരംഗത്തിന്റെ പിന്തുണയൊക്കെ ഉണ്ടായിരുന്നു എന്നത് വാസ്തവമാണെങ്കിലും രമ്യയുടെ സാന്നിദ്ധ്യവും നിശ്ചയമായും അനുകൂല ഘടകമായിരുന്നു. പക്ഷെ എന്തു ചെയ്യാം ഒറ്റ ദിവസത്തെ 'കലാപരിപാടി" കൊണ്ട് എല്ലാം മാറിമറിഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രി സമയത്ത് നടത്തിയ ഒരു 'സൗഹൃദ സന്ദർശനം" എല്ലാം മാറ്റിമറിച്ചു. നായികയിൽ നിന്ന് പ്രതിനായികയിലേക്കുള്ള രമ്യയുടെ വീഴ്ചയാണ് പൊതുസമൂഹം കണ്ടത്. പക്വതക്കുറവെന്നൊ ജാഗ്രതക്കുറവെന്നോ ഒക്കെയുള്ള പതിവ് വരട്ട് ന്യായങ്ങൾ പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാമെങ്കിലും ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇതൊക്കെ ഭൂഷണമോ എന്ന ചോദ്യമാണ് ഉയരുന്നത്.
സ്ഥാനാർത്ഥിയായി രമ്യ ചിറയിൻകീഴിലേക്ക് വന്നനാൾ മുതൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ചിലർക്കൊക്കെ ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. അത് സ്വാഭാവികവും. തിരുവനന്തപുരത്തു നിന്ന് രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട്ട് എത്തിയപ്പോഴും ഏറെക്കുറെ ഇതേ അപസ്വരങ്ങളുണ്ടായിരുന്നു. പക്ഷെ ഉണ്ണിത്താൻ പിന്നീട് അവരുടെയൊക്കെ പ്രിയങ്കരനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതാണ് രാഷ്ട്രീയത്തിലെ മെയ് വഴക്കം എന്നു പറയുന്നത്. പക്ഷെ അതുപോലെ ചിറയിൻകീഴിലെ അപ്രിയങ്ങളെ മാറ്റിയെടുക്കാൻ രമ്യയ്ക്ക് കഴിഞ്ഞോ എന്നതാണ് സംശയം.
സംഭവദിവസം രാവിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് നടന്ന ബ്ലോക്ക്തല യോഗത്തിലെ തർക്കങ്ങളാണ് ക്രമേണ വികസിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുകളിലേക്കും പരസ്പര ചെളിയെറിയൽ കലാപരിപാടികളിലേക്കും നീണ്ടത്. എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ എം.എൽ.എയുടെ പി.എ പാളയംപ്രദീപ് പങ്കെടുത്തതിനെ പ്രാദേശിക നേതാക്കൾ വിമർശിച്ചതാണ് കാര്യങ്ങൾ കൊഴുപ്പിച്ചത് . യോഗത്തിന്റെ ദൃശ്യങ്ങൾ എം.എൽ.എ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കു വച്ചിരുന്നു.ഇതിനെതിരെ പ്രദേശത്തെ കോൺഗ്രസ് നേതാവായ സജാദ് ഫെയ്സ് ബുക്കിൽ അല്പം സാഹിത്യം കുറിച്ചു. കോൺഗ്രസിൽ അടുത്തകാലത്തായി സാഹിത്യകാരന്മാരുടെ എണ്ണം കൂടിവരികയാണല്ലോ. എം.എൽ.എയോട് എന്തെങ്കിലും വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പാർട്ടി പ്രവർത്തകർക്ക്
അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ 1947-ൽ നമുക്ക് ലഭിച്ചത്. പക്ഷെ ഏത് വിമർശനത്തിലും അല്പം ചില മര്യാദകൾ കൂടി പാലിക്കണം. ഒരു നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാർ അംഗീകാരം നൽകിയിട്ടാണല്ലോ ഏതൊരു നേതാവും എം.എൽ.എ ആവുന്നത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ആ വ്യക്തി ഏതു രാഷ്ട്രീയത്തിൽപ്പെട്ടവരാണെങ്കിലും അവരെ മാനിക്കുക എന്നതാണ് ജനാധിപത്യപരമായ മാന്യത. എതിർപ്പുകളും വിയോജിപ്പുകളുമൊക്കെ മാന്യമായ രീതിയിൽ ഉന്നയിക്കാം. അതിരു വിടരുതെന്നുമാത്രം. എന്നാൽ ചിറയിൻകീഴിലെ ചില പ്രാദേശിക നേതാക്കൾ എം.എൽ.എയുടെ മനസിനെ വേദനിപ്പിക്കും വിധമുള്ള ചില പ്രചാരണങ്ങൾ നടത്തിയെന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. ഇവിടെ സജാദ് കുറിച്ച സാഹിത്യം എം.എൽ.എയ്ക്ക് അത്രക്കങ്ങു പിടിച്ചില്ല. ഇതേക്കുറിച്ചൊന്നു സംസാരിക്കാനും സജാദിന്റെ കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കാനുമൊക്കെയായിട്ടാണ് പരിവാരങ്ങൾക്കൊപ്പം എം.എൽ.എ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്.
തീർത്തും സൗഹൃദപരമായ അന്തരീക്ഷത്തിൽ തുടങ്ങിയ സംഭാഷണം പുട്ടുകുടത്തിലെ വെള്ളം തിളക്കും പോലെ തിളച്ചു തിളച്ചു വന്ന് ആവിയായി ഒരു ചീറ്റൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരമാണെങ്കിൽ എം.എൽ.എയും ഗൃഹനാഥനും തമ്മിൽ ചെറിയ മല്ലയുദ്ധം നടക്കുന്നുണ്ട്. താരസ്ഥായിയിൽ എം.എൽ.എയുടെ നിലവിളിയുണ്ട്. ചുറ്റും കൂടി നിൽക്കുന്നവരുടെ കോറസുമുണ്ട്. ഏതായാലും ഒരു വിധത്തിൽ കലാപരിപാടികൾ മറ്റു പ്രവർത്തകർ ഇടപെട്ട് അവസാനിപ്പിച്ചു. തൊട്ടു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലും ചാനലുകളിലും എം.എൽ.എയെ പ്രതിക്കൂട്ടിൽ നിർത്തിയും പ്രാദേശിക നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയും മറിച്ചും തിരിച്ചും വാദപ്രതിവാദങ്ങൾ നടന്നു. സംഭവമെന്തായാലും ഒരു വശത്ത് എം.എൽ.എ ഉള്ളതിനാൽ സംഗതി അങ്ങു കൊഴുത്തു.
പത്ത് വർഷത്തെ ഗ്യാപ്പിന് ശേഷം ഭരണചക്രം തിരിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷാലസ്യത്തിലായിരുന്ന കോൺഗ്രസിന് ഇതൊരു വല്ലാത്ത ക്ഷീണമായി. ആത്മാഭിമാനത്തിന് ക്ഷതമേറ്റതിന്റെ പേരിൽ അഭിമാനികളായ പല മുതിർന്ന നേതാക്കളും രഹസ്യമായി ഉറഞ്ഞുതുള്ളി. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് സാറാവട്ടെ ഉടൻ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചു, പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ. സമിതി തെളിവെടുപ്പു നടത്തിയ ദിവസം ഡൽഹിയിലായതിനാൽ എം.എൽ.എയ്ക്ക് എത്താനാവില്ലെന്ന് അറിയിച്ചു. എം.എൽ.എയുടെ മുൻ പി.എയ്ക്കും സംഭവം അരങ്ങേറിയ വീട്ടുടമസ്ഥനായ പ്രാദേശിക നേതാവിനും സമിതി ശുപാർശപ്രകാരം സസ്പെൻഷൻ അവാർഡ് ചെയ്തു. പക്ഷെ ഏറെ കൗതുകമായത്, ഡൽഹിയിലെന്ന് പറഞ്ഞ എം.എൽ.എ ഇതേദിവസം പാലക്കാട്ട് ഒരു കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ്. ഇത് പാർട്ടിക്ക് ഒന്നു കൂടി ക്ഷീണമായി.
പാർട്ടി അന്വേഷണവും തുടർ നടപടികളുമൊക്കെ അതിന്റെ വഴിക്ക് പോകട്ടെ. ഒരു വ്യക്തി, അത് ആരുമാവട്ടെ, അയാളെ അധിക്ഷേപിച്ചാൽ അത് ചോദിക്കുന്നത് തെറ്റെന്ന് പറയാനാവില്ല. പ്രതികരിക്കുന്നതും ഒട്ടും തെറ്റല്ല. പക്ഷെ ഓരോന്നിനും തെരഞ്ഞെടുക്കേണ്ട യോജിച്ച സമയമുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധി എന്ന നിലയ്ക്ക് പാലിക്കേണ്ട മിതത്വമുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും അതിന് പരിഹാരം നിർദ്ദേശിക്കാനും ചുമതലപ്പെട്ട ജനപ്രതിനിധി , ഏതു കാര്യത്തിലേക്കായാലും എടുത്തു ചാടുന്നത് പക്വമായ നടപടി എന്നു പറയാനാവില്ല. സ്വന്തം പാർട്ടിയിൽപോലും എം.എൽ.എയോട് വിയോജിപ്പ് ഉയരാൻ കാരണവും ഇതു തന്നെ.
ഇതുകൂടി കേൾക്കണേ
രാഷ്ട്രീയത്തിലിറങ്ങുന്നവർക്ക് പലപ്പോഴും അനാവശ്യ ആക്ഷേപങ്ങൾ കേൾക്കേണ്ടിവരാറുണ്ട്. അവരും മനുഷ്യരാണെന്നത് ഇതുന്നയിക്കുന്നവർ മറക്കും. എന്നാലും തങ്ങളുടെ പദവി ജനപ്രതിനിധികൾ മറക്കരുതല്ലൊ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |