
വ്യക്തിത്വ വികസനത്തിന് വിദ്യാഭ്യാസമെന്നപോലെയാണ് ശരീരത്തിന് വ്യായാമവും. പണ്ടത്തെപോലെ കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സാഹചര്യങ്ങളും അവസരങ്ങളുമില്ല. ഈ സമയം കുട്ടികൾ മൊബൈൽ ഫോണുകൾക്ക് മുന്നിൽ ചടഞ്ഞുകൂടും. അവസരം ഉണ്ടായാൽ രക്ഷിതാക്കൾ വിടുകയുമില്ല. കുട്ടികൾക്ക് ആകെ ആശ്വാസമാകുന്നത് സ്കൂളിലെ കായിക പരിശീലനവും സ്കൂൾ ഗ്രൗണ്ടുകളുമാണ്. എന്നാൽ പല സ്കൂളുകളിലും ഗ്രൗണ്ടുകളില്ല.ലഹരി ഉപയോഗത്തിനൊപ്പം ഇന്റർ നെറ്റ് അഡിക്ഷനും കുട്ടികൾ വിധേയരാകുന്ന ഈ സ്ഥിതി വിശേഷത്തിന് ആരാണ് ഉത്തരവാദികൾ. ലഹരിക്കെതിരെ സർക്കാരിന്റെ നേതൃത്വത്തിൽ തൂഫാൻ, തണ്ടർ തുടങ്ങിയ വമ്പൻ പദ്ധതികൾ തുടരുമ്പോഴും കായിക ലഹരിയിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്ന് രാജ്യത്തിനും ലോകത്തിനുതന്നെയും മികവുറ്റ പ്രതിഭകളെ സമ്മാനിക്കാൻ വിദ്യാലയങ്ങൾക്ക് കളിക്കളങ്ങളും കായിക അദ്ധ്യാപകരുമില്ലാത്ത സ്ഥിതിയാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയിലെ കുറവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമുൾപ്പെടെ കാരണങ്ങളനവധിയുണ്ടെങ്കിലും പരിശീലനത്തിന് അദ്ധ്യാപകരോ മെച്ചപ്പെട്ട ഗ്രൗണ്ടോ ഇല്ലാതെ കഴിവുകൾ കുഴിച്ചുമൂടപ്പെടേണ്ടവരാണോ നമ്മുടെ കുട്ടികൾ. ലഹരിക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൂഫാന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിച്ചിരിക്കെ ലഹരി വലയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ കളിക്കളങ്ങളൊരുങ്ങേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിൽ സംസ്ഥാന കായികോത്സവത്തിന് മുന്നോടിയായുള്ള കായികമേളകൾ ആരംഭിച്ചിരിക്കെ സബ്ജില്ലാ തലങ്ങളിൽ പോലും നല്ല കളിക്കളങ്ങൾ കണ്ടെത്താനാകാതെ നെട്ടോട്ടത്തിലാണ് സംഘാടകർ.
പുസ്തകത്താളുകളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം കായികശേഷികളും മാനസിക വികാസവും, കലാപരമായ കഴിവുകളും ഒക്കെ പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴാണ് ഒരു നല്ല വ്യക്തി ഉണ്ടാകുന്നത്.
കുട്ടികളെ സ്പോർട്സിലും കലാ മത്സരങ്ങളിലും എസ്.പി.സി, എൻ.എസ്.എസ് യൂണിറ്റുകളിലും ചേർക്കുന്നത് പൊതു പരീക്ഷകളിൽ ഗ്രേസ് മാർക്കിന് മാത്രമാണ്. എത്ര വികലമായ കാഴ്ചപ്പാടാണ് അത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കലാകായിക പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ബാലാവകാശ കമ്മിഷൻ നിർദ്ദേശത്തെ തുടർന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിട്ട് ഏറെ നാളായെങ്കിലും കലാകായിക പഠനം പ്രാവർത്തികമാക്കാനുള്ള സംവിധാനങ്ങളൊരുക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിനായിട്ടില്ല. അറിവും ആനന്ദവും ആരോഗ്യവും ലക്ഷ്യംവച്ച് ആരംഭിച്ച പദ്ധതി എങ്ങുമെത്തിയിട്ടില്ല. അഞ്ച് മുതൽ 10 വരെ ക്ലാസുകൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകവും തിയറി, പ്രാക്ടിക്കൽ പരീക്ഷകളും നിലവിലുണ്ട്. എന്നാൽ ഈ വിഷയം പഠിപ്പിക്കാനാവശ്യമായ കായികാദ്ധ്യാപകരെ സർക്കാർ നിയമിച്ചിട്ടില്ല.
തലയെണ്ണൽ കഴിഞ്ഞിട്ടും
സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കഴിഞ്ഞവർഷം വിരമിച്ച കായികാദ്ധ്യാപകർക്ക് പകരം നിയമനം നടന്നിട്ടില്ല. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം കുറച്ച് മറ്റ് അദ്ധ്യാപക നിയമന മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നെങ്കിലും അറുപത് കൊല്ലമായി തസ്തികാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടില്ല. 500 കുട്ടികളുള്ള യു.പി.വിഭാഗത്തിൽ ഏതെങ്കിലുമൊരു സ്പെഷ്യലിസ്റ്റ് ടീച്ചർ (കല, കായികം, പ്രവൃത്തിപരിചയം ഇവയിലേതെങ്കിലും ഒന്നു മാത്രം) എന്നതാണ് നിലവിലുള്ള നിയമം. ശാസ്ത്രീയമായും, കാലോചിതമായും നിയമനമാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നതാണ് കായികാദ്ധ്യാപകരുടെ ആവശ്യം. യു.പി വിഭാഗത്തിൽ 200 വിദ്യാർത്ഥികൾക്ക് ഒരു കായികാദ്ധ്യാപകനെ നിയമിക്കണമെന്നും, പുതുക്കിയ ടൈംടേബിൾ പ്രകാരം 8, 9, 10 ക്ലാസുകളിലെ പിരീഡ് തസ്തികയ്‌ക്ക് പരിഗണിച്ച് കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തിക അനുവദിച്ച് നിയമനം സാദ്ധ്യമാക്കുക, തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക എന്നിവ കാലങ്ങളായി ഉയരുന്ന ആവശ്യങ്ങളാണ്.
പ്രീഡിഗ്രി കോളേജിൽനിന്നും മാറ്റി ഹയർ സെക്കൻഡറിയായി മാറിയതോടെ ഈ വിദ്യാർത്ഥികൾക്കും കായികാദ്ധ്യാപകന്റെ സേവനം നഷ്ടമായി.
കളിക്കളങ്ങൾ അന്യമായതോടെ കൗമാരക്കാർക്കിടയിൽ ലഹരിയുടെ ഉപയോഗം കൂടുകയും നിരാശയും മാനസിക പിരിമുറുക്കവും ആത്മവിശ്വാസമില്ലായ്മയും വർദ്ധിക്കുകയും ഇത് ആത്മഹത്യകൾക്ക് കാരണമാവുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ ഹൃദ്രോഗം, കൊളസ്ട്രോൾ തുടങ്ങി അപകടകരമായ പല രോഗങ്ങളും കുട്ടികളിൽ കണ്ടുവരുന്നു. മാറി വരുന്ന ഭക്ഷണ ശീലവും വ്യായാമക്കുറവുമാണ് ഇതിന് പ്രധാന കാരണം. എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും വിനോദം എന്നത് നടപ്പിലാവുമ്പോഴേ സമ്പൂർണ്ണ വിദ്യാഭ്യാസ യജ്ഞം പൂർണ്ണാർത്ഥത്തിൽ വിജയിക്കൂ. മതേതരത്വവും സഹവർത്തിത്വവും സൗഹൃദവും ഐക്യവും നേടി ആരോഗ്യമുള്ള ഒരു ജനതയേയും സമൂഹത്തേയും വാർത്തെടുക്കാൻ ആരോഗ്യ കായിക വിദ്യാഭാസം നിർബന്ധ പാഠ്യവിഷയമാക്കേണ്ടതുണ്ട്. ആശുപത്രികളല്ല കളിക്കളങ്ങളാണ് നമുക്കാവശ്യം.
സി.ബി.എസ്.ഇ പോലും ഒരു പിരീഡ് കായിക പ്രവർത്തനങ്ങൾക്കായി ഉത്തരവിറക്കിയിട്ടുണ്ട്. ദേശീയ ശരാശരിയിലും മികച്ച വിദ്യാഭ്യാസമുള്ള കേരളം ഇതിനോട് പുറം തിരിഞ്ഞ് നിൽക്കുന്നത് ആശാവഹമല്ല. ദേശീയ മേളകളിൽ തുടർച്ചയായ മേൽക്കോയ്മ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങി. നിയമന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കായികാദ്ധ്യാപക നിയമനം നടത്തി കുട്ടികൾക്കവകാശപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് കായിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. സബ് ജൂനിയർ വിഭാഗം മത്സരങ്ങളും പുതിയ 20 ഗെയിമുകളുമടക്കം 38 ഇനം മത്സരങ്ങളാണ് ഈ വർഷം നടക്കുന്നത്. ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകം സമയബന്ധിതമായി പഠിപ്പിച്ചു തീർക്കാനും മേളകൾക്ക് കായിക താരങ്ങൾക്കാവശ്യമായ പരിശീലനം ഉറപ്പുവരുത്താനും വിവിധ അദ്ധ്യാപക സംഘടനകൾ, സ്പോട്സ് അസോസിയേഷനുകൾ, പ്രമുഖ താരങ്ങൾ എന്നിവരെല്ലാം അധികാരികളുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഫലം കണ്ടിട്ടില്ല. ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ അഭാവം ഭാവി തലമുറയിൽ ഗുരുതരമായ സാമൂഹ്യ, അരോഗ്യ പ്രശ്നങ്ങൾക്കാകും വഴിവയ്ക്കുക.
.........................................................................
സംസ്ഥാനത്തെ വിദ്യാലയങ്ങൾ
ആകെ സ്കൂളുകളുടെ എണ്ണം..........15,750
ആകെ വിദ്യാർത്ഥികൾ....................60.44 ലക്ഷം
അദ്ധ്യാപകരുടെ എണ്ണം...................2.94 ലക്ഷം
സ്കൂളുകൾ ഗവ., എയ്ഡഡ്, ആകെ എന്ന ക്രമത്തിൽ
എൽ.പി - 2628. 3890. 6518
യു.പി - 868. 1865. 2733
എച്ച്.എസ്- 1203. 1431. 2634
എച്ച്.എസ്.എസ് - 852. 846. 1698
വി.എച്ച്.എസ്.സി- 261. 128. 389
കായിക അദ്ധ്യാപകർ
ഗവ.യു.പി സ്കൂളുകൾ - 868
കായിക അദ്ധ്യാപകർ- 101
ഗവ. എച്ച്.എസ് - 1203
കായിക അദ്ധ്യാപകർ- 652
എയ്ഡഡ് യു.പി.എസ് - 1865
കായിക അദ്ധ്യാപകർ - 293
എയ്ഡഡ് എച്ച്.എസ് : 1431
കായിക അദ്ധ്യാപകർ - 823
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |