
അഴിയാക്കുരുക്കിലമർന്നതോടെ കണ്ണൂർ നഗരം കഴിഞ്ഞ കുറേ ദിവസങ്ങളായി നിശ്ചലമായിരിക്കുകയാണ്. നഗരത്തിലേക്കെത്തുന്നവർക്കും തിരിച്ച് പോകുന്നവർക്കും മണിക്കൂറുകളാണ് നിരത്തിൽ നഷ്ടമാകുന്നത്. കണ്ണൂർ നഗരത്തിൽ കാൾടെക്‌സിൽ എൻ.എസ് ടാക്കീസിന് സമീപം റോഡ്അടച്ച് കലുങ്ക് നിർമ്മാണം തുടങ്ങിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുക്ക് രൂക്ഷമായി. കാൾടെക്‌സ് എൻ.എസ് തിയേറ്ററിന് സമീപം അടുത്തിടെ വലിയ ഗർത്തം രൂപപ്പെടുകയുണ്ടായി. ഇത് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധിക്കുകയും കലുങ്കിലെ തകരാറാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്നും കണ്ടെത്തി. ഉടൻ റോഡ് അടച്ച് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വൻ അപകടത്തിന് സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഒരാഴ്ച റോഡ് അടച്ച് കലുങ്ക് നിർമ്മാണം ആരംഭിച്ചത്. ആഗസ്റ്റ് 21 വരെ റോഡ് അടച്ചിടാനാണ് തീരുമാനം. ഈ റോഡ് പൂർണമായും അടച്ചതോടെ നിലവിൽ കാൾടെക്സിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ ഗതാഗത കുരുക്കാണ് രാത്രി വരെ അനുഭവപ്പെടുന്നത്. പൊതുവെ ഗാതാഗത കുരുക്കിൽ വലയുന്ന നഗരത്തിൽ ഇപ്പോൾ വാഹനയാത്രക്കാർക്ക് ദുരിതമാണ്.കനത്ത മഴ കൂടി പെയ്യുന്ന സാഹചര്യത്തിൽ നഗരത്തിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥ.
നിലവിൽ എ.കെ.ജി ആശുപത്രി മുതൽ താണ വരെയുള്ള ഭാഗം വരെ കനത്ത ബ്ലോക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ഇതിനു പുറമെ തെക്കീ ബസാർ,കാൾടെക്‌സ്,പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. കുരുക്കിൽ കുടുങ്ങി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഏറെ നേരത്തെ പ്രയാസത്തിന് ശേഷമാണ് കടന്നു പോകാൻ കഴിയുന്നത്. ഓണത്തോടനുബന്ധിച്ച് നഗരത്തിൽ വിവിധ മേളകളും വിപണികളും നഗരത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇതോടെ അടുത്ത ദിവസങ്ങളിൽ തിരക്ക് ഇനിയും വർദ്ധിക്കും. ഇത് വലിയ കുരുക്കിലേക്കായിരിക്കും നയിക്കുന്നത്.നിലവിൽ കാൽടെക്‌സിൽ എല്ലാ വാഹനങ്ങളും ട്രാഫിക് സിഗ്നൽ വഴിയാണ് പോകേണ്ടത്. ഇതോടെ സിഗ്നൽ സംവിധാനവും താറുമാറാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ആഴ്ച ട്രാഫിക് സിഗ്‌നൽ പണി മുടക്കിയതും നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കിനിടയാക്കിയിരുന്നു.നേരത്തെ വളപട്ടണത്തു നിന്നും കണ്ണൂർ നഗരത്തിലേക്കെത്താൻ കുറഞ്ഞത് അരമണിക്കൂറിന് മുകളിൽ റോഡിൽ നഷ്ടമായിരുന്നു. നിലവിലെ സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലെത്താനും കടന്നു കിട്ടാനും മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതോടെ കലുങ്ക് അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.കനത്ത കുരുക്ക് തുടരുമ്പോഴും കുരുക്കഴിക്കാനാവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നാണ് ആക്ഷേപം.
മോചനമില്ലാതെ വളപട്ടണം
പരിഷ്‌കാരങ്ങൾ വന്നിട്ടും കണ്ണൂർ വളപട്ടണത്തെ ഗതാഗതകുരുക്കിന് മോചനമില്ല. മഴക്കാലമായതോടെ വളപട്ടണം പാലത്തിൽ റോഡ് തകർന്ന് നിറയെ കുഴികൾ രൂപപ്പെട്ടതും ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. വളപട്ടണം പാലത്തിലും പുതിയതെരുവിലും റീടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. വളപട്ടണം പാലം കടന്നു കിട്ടാൻ വാഹനങ്ങൾക്ക് ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയതെരുവിലെ റോഡും അപകടാവസ്ഥയിലാണ്.രാവിലെയും വൈകിട്ടും തിരക്കേറുന്ന സമയങ്ങളിൽ വളപട്ടണം പാലത്തിലും പഴയ ടോൾ ബൂത്ത് പരിസരത്തും പുതിയ തെരുവിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. അടിയന്തരമായി റീടാറിംഗ് നടത്താൻ ദേശീയപാത അതോറിറ്റിയോടും വിശ്വസമുദ്ര കരാർ കമ്പിനിയോടും ആവശ്യപ്പെടണമെന്ന് സ്ഥലം എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ നടപടി എന്താകുമെന്ന ആശങ്കയിലാണ് യാത്രക്കാരും പൊതുജനങ്ങളും .രാവിലെ ഏകദേശം എട്ട് മുതൽ പത്ത് വരെയും വൈകിട്ട് 4.30 മുതൽ ഏഴ് വരെയും കുരുക്ക് സാധാരണയായി കൂടുതൽ രൂക്ഷമായിരിക്കും.ഇത് ഒഫീസിലും സ്കൂളിലും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവരെ വലക്കുകയാണ്.
വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ
ഒാണ വിപണി സജീവമാകാനിരിക്കെ നഗരത്തിലെ ഗതാഗത കുരുക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.അടുത്ത ആഴ്ചയോടുകൂടി നഗരത്തിൽ വിവിധ മേളകൾ സജീവമാകും.ഇതിന് പുറമെ വസ്ത്ര- വ്യാപാര രംഗത്തുള്ളവരുമെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ഒാണവിപണിയെ വരവേൽക്കാനിരിക്കുന്നത്.തെരുവു കച്ചവടക്കാരും അടുത്ത ദിവസങ്ങളോടെ നഗരത്തിൽ സജീവമാകും.കാൾടെക്സ്,സ്റ്റേഡിയും,പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ഇവർ നിലയുറപ്പിക്കാറുള്ളത്. എന്നാൽ കച്ചവടം നന്നായി നടക്കുമോ എന്ന ആശങ്കയിലാണ് ഇവരെല്ലാമുള്ളത്.ശരിയായ പാർക്കിംഗ് കേന്ദ്രങ്ങളുടെ അഭാവവും വാഹനങ്ങൾ റോഡരികിൽ തന്നെ പാർക്ക് ചെയ്യുന്നതും റോഡിന്റെ വീതി കുറവുമെല്ലാം ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.ഇതിനോടകം പ്രതിഷേധവുമായി വ്യാപാരി സംഘടകളും രംഗത്ത് വന്നിട്ടുണ്ട്.നഗരത്തിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ ജില്ലാ ആശുപത്രിയിൽ നിന്നും താലൂക്ക് ഓഫീസ് വരെ ബസ്സുകളുടെ മെല്ലെപോക്ക് നിർത്തണമെന്നും യുണൈറ്റഡ് മർച്ചന്റ് ചേംബർ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ചിറക്കൽ ബുഷറ പറഞ്ഞു. ബസുകൾ സ്റ്റോപ്പിലും സ്റ്റോപ്പില്ലാത്തയിടത്തും നിർത്തി ബ്ലോക്ക് പതിവാണ്. സ്റ്റോപ്പിൽ മാത്രം ബസുകൾ നിറുത്തി പെട്ടെന്ന്തന്നെ പോകാനുള്ള ക്രമീകരണങ്ങൾ നടത്തണം. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിറുത്തിയാൽ ആയിരം രൂപയെങ്കിലും പിഴ ചുമത്തണമെന്നും ആവശ്യമുയരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |