
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോച്ച് ഫാക്ടറി ഇനി ഇല്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ വഞ്ചിതരായത് പാലക്കാടൻ ജനതയാണ്. ഓരോ ബഡ്ജറ്റിലും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പച്ചക്കൊടി തെളിയും. പ്രദേശത്തുള്ളവർക്ക് ജോലി സാദ്ധ്യതയേറും അതോടെ ഒരു പ്രദേശംതന്നെ മാറുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. കേരളത്തിന്റെ സ്വപ്നപദ്ധതി എന്ന നിലയിലായിരുന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് കോച്ച് ഫാക്ടറിയുടെ പ്രഖ്യാപനം. പക്ഷേ, വാഗ്ദാന ലംഘനത്തിന്റെയും കെടുകാര്യസ്ഥതയുടെയും നേർസാക്ഷ്യമായി കാടുകയറി നശിക്കുകയാണ് ആ സുന്ദരസ്വപ്നം. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് ഒരിക്കൽക്കൂടി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചതോടെ രാഷ്ട്രീയക്കാരുടെ പഴിചാരൽ മാത്രമായി പദ്ധതി മാറി.
2008 - 09ലെ റെയിൽവേ ബഡ്ജറ്റിലാണ് കോച്ച് ഫാക്ടറി പ്രഖ്യാപിക്കപ്പെട്ടത്. പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിക്കുന്നതിന് പ്രത്യുപകാരമായി കോച്ച് ഫാക്ടറി തരാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. അന്ന് കഞ്ചിക്കോടിനൊപ്പം റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചിരുന്നു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 239 ഏക്കർ കഞ്ചിക്കോട്ട് ഏറ്റെടുത്തു നൽകി. 2012 ഫെബ്രുവരി 21ന് അന്നത്തെ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി പാലക്കാട് കോട്ടമൈതാനത്ത് കോച്ച് ഫാക്ടറിക്ക് തറക്കല്ലുമിട്ടു. 1,215 കോടി രൂപയിലധികം നിക്ഷേപത്തിലൂടെ വർഷംതോറും 600 കോച്ചുകൾവരെ നിർമ്മിക്കാവുന്ന ഫാക്ടറിയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, റെയിൽവേ ഫണ്ട് അനുവദിക്കാതെ പിന്നോട്ടുപോയതോടെ പദ്ധതി തടസപ്പെടുകയായിരുന്നു. അന്നിട്ട കല്ലുപോലും ഇന്ന് കോട്ടമൈതാനത്തില്ല. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലിയിലും പിന്നീട് പ്രഖ്യാപിച്ച ബംഗാളിലെ കാഞ്ചപ്രയിലും ഹരിയാണയിലെ സോണിപ്പത്തിലും കോച്ച് ഫാക്ടറികൾ പ്രവർത്തനം തുടങ്ങി.
വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്ക് നിലവിലെ കോച്ച് ഫാക്ടറികളിൽ ആവശ്യമായ കോച്ച് നിർമ്മിക്കാൻ സാധിക്കാത്തതിനാൽ ചെന്നൈ കോച്ച് ഫാക്ടറിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ കോച്ചുകൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനികളെ ക്ഷണിക്കാൻ നടപടി ആരംഭിച്ചിരുന്നു. റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് 16 ബോഗിയുള്ള ഒരു സെറ്റ് കോച്ച് നിർമ്മിക്കാൻ 62.5 കോടി ചെലവ് വരുമ്പോൾ സ്വകാര്യ കമ്പനികൾക്ക് 120 കോടിവരും. ഇതിലെ അഴിമതി ചൂണ്ടിക്കാണിച്ച് ചെന്നൈ ഐ.സി.എഫിലെ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. നിലവിൽ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ബംഗളൂരുവിലെ ബെമലിലാണ് നിർമ്മിക്കുന്നത്. ബെമലിന്റെ സഹകരണത്തോടെ പാലക്കാട് കോച്ച് ഫാക്ടറി ആരംഭിച്ചാൽ ഓരോ സെറ്റ് കൊച്ചിനും 47.5 കോടി ലാഭംകിട്ടും. മാത്രമല്ല, പതിനായിരക്കണക്കിന് യുവജനങ്ങൾക്ക് നേരിട്ടും അല്ലാതെയും ഗുണം ലഭിക്കും. ഇതെല്ലാം മറന്നാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചത്.
അവഗണനയുടെ ചരിത്രം
1982ൽ കോട്ടമൈതാനത്ത് നടന്നൊരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കേരളത്തിന് സമ്മാനമായി പാലക്കാട് റെയിൽ കോച്ച് ഫാക്ടറി എന്ന വാഗ്ദാനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്. ഖാലിസ്ഥാൻ തീവ്രവാദം ആളിക്കത്തിയ നാളുകളിൽ പഞ്ചാബിനെ പ്രീണിപ്പിക്കാനായി പാലക്കാടിന് വാഗ്ദാനം ചെയ്ത പദ്ധതി കപൂർത്തലയിലേക്ക് കടത്തിക്കൊണ്ടുപോയതാണ് ഈ ജനത നേരിട്ട ആദ്യത്തെ അവഗണന. പിന്നീട് നിരന്തരം ഈ ആവശ്യം ആവർത്തിക്കപ്പെട്ടുവെങ്കിലും മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ ചെവിക്കൊണ്ടില്ല. ഒടുവിൽ ഒന്നാം യു.പി.എ സർക്കാർ ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്നപ്പോഴാണ് വീണ്ടും പ്രതീക്ഷകൾക്ക് ചിറകുമുളച്ചത്. ശേഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു 2012ൽ തറക്കല്ലിട്ടു. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പ്രതീകാത്മക ചടങ്ങിലായിരുന്നു ശിലാസ്ഥാപനം നടന്നത്. അവഗണനയുടെ പ്രതീകമായി ആ കല്ല് എവിടെയെവിടെയോ മറഞ്ഞുകിടക്കുന്നുണ്ട് ഇന്നും. ഇക്കാലയളവിൽ കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകൾ മാറിവന്നു. കേരളത്തിൽ നിന്നു കേന്ദ്രമന്ത്രിമാരുണ്ടായി. പക്ഷേ, കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ ആർക്കും കഴിഞ്ഞില്ല. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലി ഫാക്ടറിയിൽനിന്നുള്ള കോച്ചുകൾ പാളത്തിൽ കയറാൻ തുടങ്ങിയിട്ട് കാലമേറെയായി.
കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നൽകിയ 239 ഏക്കർ ഇപ്പോൾ വാളയാർ കാട്ടിൽനിന്നിറങ്ങുന്ന കാട്ടാനകളുടെ ഇടത്താവളമാണ്. തറക്കല്ലിട്ടു മൂന്നര വർഷം കഴിഞ്ഞ് പ്രവർത്തന രൂപരേഖയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിനു ശേഷമാണു പദ്ധതിയുടെ കാര്യത്തിൽ അനിശ്ചിതത്വം ആരംഭിച്ചത്. സ്വകാര്യ പങ്കാളിയെ കണ്ടെത്താനാണു രൂപരേഖയിൽ മാറ്റം വരുത്തുന്നതെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.
ഏറ്റെടുത്ത സ്ഥലത്ത് ഇനിയെന്ത്?
കോച്ച് ഫാക്ടറി ഉപേക്ഷിച്ചതോടെ കഞ്ചിക്കോട്ടെ 239 ഏക്കർ ഭൂമിയിൽ ഇനിയെന്ത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. റെയിൽവേയുടെ കൈവശമുള്ള ഭൂമി അനാഥമാകാതെ എങ്ങനെ പാലക്കാടിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാം? നോളേജ് വില്ലേജ്,കയറ്റുമതി ഇറക്കുമതി ഹബ് ഐ.ഐ.ടി ഗവേഷണകേന്ദ്രം, റെയിൽവേ ഗവേഷണകേന്ദ്രം എന്നിവയുൾപ്പെടെ പല നിർദേശങ്ങളുമുണ്ട്. ഐ.ഐ.ടിയുടെയും വ്യവസായ ഇടനാഴിയുടെയും സാമീപ്യം വലിയ സാദ്ധ്യതയാണു നൽകുന്നത്. ജനങ്ങളിൽ നിന്ന് വിലയ്ക്കുവാങ്ങിയ ഭൂമി കാടുകയറി,മതിലിടിഞ്ഞ് കാട്ടാനകളുടെ താവളമായി മാറി. അങ്ങനെ നഷ്ടപ്പെടാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും റെയിൽവേയും തീരുമാനിക്കണം.
അയ്യായിരത്തിലധികം പേർക്കു തൊഴിൽ ലഭിക്കുന്ന വിധത്തിൽ സ്ഥലത്തു ഭക്ഷ്യസംസ്‌കരണ, കയറ്റുമതി കേന്ദ്രം ആരംഭിക്കണെന്ന് ആവശ്യം ഉയരുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്നു റെയിൽവയുമായി ബന്ധപ്പെട്ട സംയുക്ത സംരംഭം ആരംഭിക്കണം. വിശാഖപട്ടണത്ത് ഇത്തരത്തിൽ റെയിൽവീൽ ഉണ്ടാക്കുന്നുണ്ട്. കേരളത്തിൽ ആരംഭിക്കാനാകില്ലെന്ന നിലപാടു രാഷ്ട്രീയ വിവേചനമാണെന്നും ആക്ഷേപമുണ്ട്.
സാദ്ധ്യത ഏറെ
വ്യാവസായിക ഉപകരണങ്ങൾ നിർമ്മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനത്തിനും പ്രദേശത്ത് സാദ്ധ്യതയേറെയാണ്. കേന്ദ്രസർക്കാർ മുമ്പ് പ്രഖ്യാപിച്ച മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക് യോജിച്ച സംരംഭമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന നിത്യോപയോഗവസ്തുക്കൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ സംഭരിച്ചു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്ന ഹബിനും സാദ്ധ്യയുണ്ട്. വ്യവസായ മേഖലയിൽ നിന്നുള്ള ഉൽപന്നങ്ങളും ഇവിടെ നിന്നു കയറ്റുമതി ചെയ്യാം. റെയിൽ സൗകര്യമുള്ളതിനാൽ സംഭരണത്തിനും വിതരണത്തിനും തടസമുണ്ടാകില്ല. ഇതുകൂടാതെ വ്യവസായ മേഖലയും റെയിൽ സൗകര്യവുമുള്ളതിനാൽ ഇൻഡസ്ട്രിയൽ ഇന്നവേഷൻ ആൻഡ് ഇന്ററാക്ഷൻ കേന്ദ്രം ഉൾപ്പെടെ ആരംഭിക്കാവുന്നതാണ്. നവീകരിക്കപ്പെടുന്ന റെയിൽവേയുടെ ഗവേഷണ മേഖലകൾക്കും യോജിച്ച സ്ഥലമാണിത്. പലതിലും ഐഐടിക്കും സംഭാവന നൽകാനാകും. ഭാവിയിൽ ഐഐടിയുടെ റിസർച്ച് സെന്ററിനും സ്ഥലം ആവശ്യമാണ്. ഏതു പദ്ധതിയിലും കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനം ആദ്യം വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |