SignIn
Kerala Kaumudi Online
Friday, 07 August 2026 2.16 AM IST

ആ കുടുംബത്തിന് തണലൊരുക്കണം

READ ENGLISH VERSION
ss

അത്യാപത്തിൽപ്പെട്ട ജീവനു നേരെ രക്ഷയുടെ കൈവിരൽ നീട്ടുന്നതുപോലെ മഹത്തായ കർമ്മമില്ല. മറ്റൊന്നുമോർക്കാതെ സ്വന്തം ജീവൻ തന്നെ നല്കിക്കൊണ്ടാകുമ്പോൾ അതിന് വൈകാരികതയ്ക്കപ്പുറം ഒരു വീരപരിവേഷം കൂടി കൈവരും. അങ്ങനെയൊരാൾ ഒരു നാടിന്റെ വീരനായകനായിത്തീർന്ന കഥയാണ് തിരുവനന്തപുരത്ത്,​ നേമം കല്ലിയൂർ കിഴക്കേ തെറ്റിവിളയിൽ ആർ. രാജേഷിന്റേത്. കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരണത്തെ സ്വീകരിച്ച രാജേഷിന് തോരാത്ത കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം ഒരു നാടാകെ വിടനല്കിയത്. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനു പോലും രാജേഷിന്റെ ഭാര്യ ഷാഫിയയുടെയും മക്കളായ ആ‍ർഷന്റെയും അഭിഷേകിന്റെയും അലമുറകൾക്കു മുന്നിൽ കണ്ണീരടക്കാനായില്ല.

കണ്ണൂരിലെ പുളിങ്ങോമിൽ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ കർഷകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്കിയാണ് രാജേഷ് മരണത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപ്പോയത്. മൂന്നു ദിവസത്തിനു ശേഷം മൃതദേഹം വീണ്ടെടുക്കാനായെങ്കിലും മുഖം പോലും തിരിച്ചറിയാനാവുമായിരുന്നില്ല. രാജേഷിന്റെ മൂടിക്കെട്ടിയ ശരീരത്തിലേക്കു നോക്കി,​ 'അച്ഛന്റെ മുഖമെങ്കിലും ഒന്നു കാണിച്ചുതരൂ' എന്ന് നിലവിളച്ചുകൊണ്ട് കുതറിയ രണ്ട് കുഞ്ഞുങ്ങളുടെ ദൈന്യം,​ അത് കണ്ടുനിന്നവരുടെ ഉള്ളിൽനിന്ന് മാഞ്ഞുപോവുകയില്ല. സാഹസിക വിനോദ സഞ്ചാരത്തിലും രക്ഷാപ്രവർത്തനത്തിലും പരിശീലനം നല്കിയിരുന്ന രാജേഷിന്റെ സമ്പാദ്യമാകട്ടെ,​ അതിന് സർക്കാരിൽ നിന്നും മറ്റും കിട്ടിയ സർട്ടിഫിക്കറ്റുകൾ മാത്രവും! വീടിന്റെ പണി പൂർത്തിയായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ ഭാര്യ ഷാഫിയയുടെ വരുമാനം മാത്രമാണ് ഇനി കുടുംബത്തിന് ആശ്രയം.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം,​ രാജേഷിന്റെ വീടിന്റെ നിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിച്ചത് ആ കുടുംബത്തിന് തീർച്ചയായും ആശ്വാസമാകും. രാജേഷിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്കണമെന്ന് ആവശ്യപ്പെട്ട് എം. വിൻസന്റ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തുനല്കിയിട്ടുണ്ട്. കുടുംബത്തിനു വേണ്ടുന്ന തുടർസഹായങ്ങൾ നല്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയിട്ടുമുണ്ട്. രാജേഷിന്റെ സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺമക്കളുടെ ഭാവി,​ അകാലത്തിൽ അച്ഛൻ നഷ്ടമായതുകൊണ്ട് ഇരുളടഞ്ഞുകൂടാ. അവരുടെ ഇനിയങ്ങോട്ടുള്ള പഠനച്ചെലവും,​ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വവും സംസ്ഥാനം ഏറ്റെടുക്കുക തന്നെ വേണം. ആറു വർഷം മുമ്പ് കേരളത്തെ കണ്ണീരിലാഴ്ത്തിയ ഇടുക്കി പെട്ടിമുടി ഉരുൾദുരന്തത്തിന്റെ ഓർമ്മദിവസം ഇന്നലെയായിരുന്നു. ദുരന്തത്തിൽ അച്ഛനെയും അമ്മയെയും ബന്ധുക്കളെയും നഷ്ടമായ ഗോപികയുടെയും ഹേമലതയുടെയും ധീരമായ അതിജീവനത്തിന്റെ കഥ ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഗോപിക ഇപ്പോൾ നാലാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഹേമലത ബിരുദാനന്തര ബിരുദം നേടി.

ഒരു ദുരന്തവും എല്ലാം അവസാനിപ്പിക്കുകയില്ല എന്ന പ്രത്യാശയുടെ പ്രകാശം പരത്തുന്ന തെളിനാളങ്ങളാണ് ഈ രണ്ടു മുഖങ്ങൾ. രാജേഷിന്റെ കുടുംബത്തിന് ഇനി ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. സർക്കാർ നല്കിയ ഉറപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഇനി വേണ്ടത്. അക്കാര്യത്തിൽ ശ്രദ്ധയും ശുഷ്കാന്തിയും പുലർത്തേണ്ടത് ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ്. വാഗ്ദാനങ്ങളുടെ ആശ്വാസം ആരുടെയും പിടിപ്പുകേടുകൊണ്ട് നിരാശയിലേക്ക് വഴുതിവീണുകൂടാ. ദുരന്തമുഖങ്ങളിൽ ജീവൻ നഷ്ടമാകുന്നവരുടെ ഉറ്റവരുടെ ജീവിതത്തിന് വീണ്ടും തുടിപ്പേകുന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാവുകയും ചെയ്യരുത്. സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പൊതുസമൂഹത്തിനുമൊക്കെ ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY