SignIn
Kerala Kaumudi Online
Friday, 07 August 2026 2.16 AM IST

വീർപ്പുമുട്ടുന്ന കൈത്തറി വ്യവസായവും തൊഴിലും

ss

പാരമ്പര്യത്തിന്റെ നാമധേയത്തിൽ മാത്രം പിടിച്ചു നിൽക്കാൻ ഭാഗ്യം ലഭിച്ച, ചത്തതിനൊപ്പം ജീവിച്ചിരിക്കുന്ന തൊഴിലും വ്യവസായവുമായി നെയ്ത്തു തൊഴിൽ ഇന്നും നടന്നു നീങ്ങുകയാണ്. സർക്കാരിനു മുതൽമുടക്കില്ലാതെ പതിനായിരങ്ങൾക്കു തൊഴിൽ ലഭ്യമാക്കാവുന്ന ഈ മേഖലയെ അന്യാധീനമാക്കാൻ ശ്രമിക്കുന്നത് മാറി മാറി വരുന്ന ഭരണകർത്താക്കളല്ലാതെ മറ്റാരാണെന്ന് ഗൗരവമായി ചിന്തിക്കേണ്ട അവസരമാണ്. ഓരോ ഘട്ടത്തിലും ഭരണമാറ്റങ്ങൾ വരുമ്പോൾ പുത്തൻ ഉശിര് ലഭിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാനത്തെ നാലു ലക്ഷത്തിലധികം വരുന്ന നെയ്ത്തുത്തൊഴിലാളികളും 546നെയ്ത്തു സഹകരണസംഘങ്ങളും വേഴാമ്പലിനെപ്പോലെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.

ഈ മേഖലയെ സംരക്ഷിക്കുവാനും പുരോഗതി കൈവരുത്തുവാനും സംസ്ഥാനത്ത് ബാദ്ധ്യതപ്പെട്ട നിരവധി ഔദ്യോഗിക സംവിധാനങ്ങളുണ്ട്. കൈത്തറി ഡയറക്ടറേറ്റ്, ഹാന്റക്സ്, ഹാന്റ്‌വീവ് എന്നീ സ്ഥാപനങ്ങൾ പിതൃത്വം അവകാശപ്പെട്ട് രംഗത്തുണ്ടെന്നത് തള്ളിക്കളയാനാവില്ല. ഇവയുടെ പ്രവർത്തനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ കൈത്തറി മേഖലയ്ക്ക് വൻകുതിപ്പ് സാദ്ധ്യമാകുമെന്നത് ലാഘവമായി കാണേണ്ട. ഡയറക്ടറേറ്റിലാകട്ടെ വന്നു പോകുന്ന ഉദ്യോഗസ്ഥ സംവിധാനം, അവർക്ക് ഹാന്റക്സിനെയും ഹാന്റ്‌വീവിനേയും നേരാംവണ്ണം നിയന്ത്രിക്കുവാനോ വ്യവസായത്തെ പുരോഗതിയിലെത്തിക്കുവാനോ നെയ്ത്തുതൊഴിലിനെ സംരക്ഷിക്കുവാനോ കഴിയുന്നില്ല എന്നതാണ് ഈ മേഖലയുടെ അടിസ്ഥാന തകരാർ.

ഹാന്റക്സിന്റെ ഇപ്പോഴത്തെ നഷ്ടം 175 കോടിയാണെന്നതോ ഹാന്റ്‌വീവ് ഊർദ്ധശ്വാസം വലിച്ച് അന്ത്യംകാത്തു കഴിയുന്ന ഒരു സ്ഥാപനമാണെന്നോ മനസിലാക്കാൻ കഴിയാത്ത കൈത്തറി ഡയറക്ടറേറ്റിന്റെ 'തകർപ്പൻ മേൽനോട്ടം' അംഗീകരിച്ചേ മതിയാവൂ. പ്രമുഖ തൊഴിലാളി നേതാവും മന്ത്രിയുമായിരുന്ന ടി.വി.തോമസ് കൈത്തറി മേഖലയുടേയും നെയ്ത്തു തൊഴിലിന്റെയും സമഗ്ര സംരക്ഷണത്തിനായി വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പ്രത്യേക സ്ഥാപനമാണ് ഹാന്റക്സ്. അവിടെ കൈത്തറി ഉത്പന്നങ്ങളേ വിൽക്കാവൂ എന്ന അംഗീകൃത സത്യം നടപ്പിലാക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കേണ്ടതുണ്ട്.

മാറി മാറി വരുന്ന ഹാന്റക്സ് ഭരണസമിതികളാകട്ടെ കേരളത്തിലേതും അന്യസംസ്ഥാനങ്ങളിലേതുമായ പവർലൂം ഉത്പന്നങ്ങൾ വൻവില നൽകി വാങ്ങി ഇവ കൈത്തറി ഉത്പന്നങ്ങളാണെന്ന മേൽവിലാസം ചാർത്തി വിൽക്കുന്ന പ്രക്രിയ തുടരുകയാണ്. ഇവിടെ ദ്രോഹിക്കപ്പെടുന്നത് സംസ്ഥാനത്തെ ലക്ഷങ്ങളായ പാവപ്പെട്ട നെയ്ത്തു തൊഴിലാളികളാണ്. ഒപ്പം സഹകരണ സംഘങ്ങളും. അതിന്റെ പിന്നിൽ കോടികളുടെ കമ്മീഷൻ അഴിമതിയാണ് അരങ്ങേറുന്നത്.

ഇത്തരം ജുഗുപ്സാവഹമായ നീക്കങ്ങൾ കൈത്തറി ഉത്പന്നങ്ങൾക്കു വൻശാപമായി മാറുകയാണ്. ഇതിനെ നിയന്ത്രിക്കുവാൻ പ്രത്യേക അന്വേഷണ ഏജൻസിയെ നിയോഗിക്കാൻ സർക്കാർ മുൻകൈ എടുക്കണം. കഴിഞ്ഞ 20 വർഷത്തെ ഈ രംഗത്തെ ക്രമക്കേടുകൾ പരിശോധിക്കുവാൻ സി.ബി.ഐയെ ചുമതലപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

കൈത്തറി ചരിത്രം

എ.ഡി 18-ാം നൂറ്റാണ്ടിൽ ഇറാക്കിലെ മെസപ്പൊട്ടോമിയായിലാണ് ലോകത്താദ്യമായി പരുത്തിക്കൃഷിക്ക് കളമൊരുങ്ങിയത്. പഞ്ഞി എന്ന പദാർത്ഥം കണ്ടെത്തിയതും, അതുവഴിയാണ് നെയ്ത്തിന് ആരംഭം കുറിച്ചതും. തുടർന്ന് ഇംഗ്ലണ്ടിൽ ഇതു വലിയ വ്യവസായത്തിന് സമാരംഭം കുറിക്കുകയായിരുന്നു. ഇതിന്റെ അനന്തസാദ്ധ്യത മനസിലാക്കിയ അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം സൂററ്റിൽ സ്വർണക്കസവു വിപണി ആരംഭിച്ചു. തുടർന്ന് മധുര കേന്ദ്രീകരിച്ചും, മറ്രു ചില സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും കുഴിത്തറി നെയ്ത്തിന് തുടക്കം കുറിച്ചു.

അധികം വൈകാതെ ഇന്ത്യയിൽ പരുത്തിക്കൃഷി വ്യാപകമായി ആരംഭിച്ചു. അല്പം മുന്നോട്ടു പോയപ്പോൾ വസ്ത്രവ്യവസായ രംഗത്ത് തങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്ന് മനസിലാക്കി ബ്രിട്ടീഷ് ഭരണകൂടം ഈ മേഖലയ്ക്ക് വിലക്കു കല്പിച്ചു. അക്കാലത്താണ് മധുര, അറപ്പുകോട്ട എന്നിവിടങ്ങളിൽ നിന്നും തിരുവിതാംകൂർ രാജഭരണം നെയ്ത്തുത്തൊഴിലാളികളെ ബാലരാമപുരത്തേയ്ക്കു കൊണ്ടുവന്ന് എല്ലാ ഉപകരണങ്ങളും, സൗജന്യ താമസവും സൗജന്യ വിദ്യാഭ്യാസവുമൊക്കെ നൽകി ഈ തൊഴിലിന് കേരളത്തിൽ ജന്മം നൽകിയത്.

അതുവഴി കേരളം പ്രതീക്ഷയ്ക്ക് അതീതമായി വളർന്ന് കൈത്തറിയുടെ ഈറ്റില്ലമായി ഉയർന്നു. ലക്ഷങ്ങൾക്ക് തൊഴിലും സഹകരണ മേഖലയിലൂടെ അഭൂതപൂർവമായ വളർച്ചയും കൈവരിക്കാനായി. ആ പ്രശസ്തിയുടെ മറവിലാണ് ഇന്നും ഈ വ്യവസായവും തൊഴിലും കടന്നുപോകുന്നത്. അതിന്റെ നാന്ദിയാണല്ലോ നെയ്ത്തുതൊഴിലാളിയായ മഞ്ചവിളാകം പി.ഗോപിനാഥൻ മാസ്റ്റർക്ക് ആദ്യമായി പത്മശ്രീ ബഹുമതി നൽകി ആദരിച്ചത്.

സംരക്ഷകരാൽ

തകർക്കപ്പെടുന്ന മേഖല

ഒരുവിധ അലർജിക്കും കാരണമാകാത്ത യഥാർത്ഥ കൈത്തറി ഉത്പന്നങ്ങൾക്ക് എക്കാലവും ഡിമാന്റ് ഉണ്ടാകും. അതുകൊണ്ടാണല്ലോ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ ഉൾപ്പെടെയുള്ള അന്യരാജ്യത്തലവൻമാർ തിരുവനന്തപുരത്തെത്തുമ്പോൾ കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ വിപണിയിൽ എത്തുന്നത്. ഇക്കഴിഞ്ഞയാഴ്ച ഇന്ത്യയുടെ ബ്രിട്ടീഷ് പ്രതിനിധി സംസ്ഥാന മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചപ്പോഴും ബ്രിട്ടനിൽ കൈത്തറിക്കുള്ള വൻസാദ്ധ്യതയെ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ കൈത്തറി ഡയറക്ടറേറ്റിനും ഹാന്റക‌്സിനും ഹാന്റ്‌‌വീവിനുമൊന്നും ഈ വസ്ത്രങ്ങളുടെ മെറിറ്റ് ഇതുവരെയും മനസിലാക്കാൻ കഴിയാതെ പോയത് ബോധപൂർവമാണെന്നേ കരുതാനാകൂ. ഈ സാഹചര്യത്തിൽ ലോക മാർക്കറ്റിലേക്ക് കൊണ്ടെത്തിക്കുവാൻ കൈത്തറിക്ക് വന്നിരിക്കുന്ന ഈ സൗഭാഗ്യങ്ങൾ അട്ടിമറിക്കാതിരിക്കണമെന്നേ അപേക്ഷയുള്ളൂ. അതല്ല ഇനിയും കൈത്തറിക്കു പകരം പവർലൂം ഉത്പന്നങ്ങളും വിൽക്കാത്തുണികളും വിറ്റ് കീശ നിറയ്ക്കാനാണ് ചിലരുടെ ഭാവമെങ്കിൽ കഷ്ടമെന്നേ പറയാനാവൂ. അതുതന്നെയാണ് സംരക്ഷകരാൽ തകർക്കപ്പെടുന്ന മേഖലയായി ഈ വ്യവസായത്തെ വിശേഷിപ്പിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യവും.

ചരിത്രപരമായ സത്യം

അല്പം വൈകിയാണെങ്കിലും മൻമോഹൻസിംഗിന്റെ യു.പി.എ സർക്കാർ ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത് ഒരു വലിയ പിടിവള്ളിയായിത്തന്നെ കാണേണ്ടതുണ്ട്. ഇന്ത്യയിൽ ഒരു സ്വകാര്യ കൈത്തറി വ്യവസായ സംരംഭവും നഷ്ടത്തിലല്ല ഓടുന്നത്. പിന്നെന്തിന് സർക്കാർ സ്ഥാപനങ്ങൾ നഷ്ടം ക്ഷണിച്ചു വരുത്തുന്നു? എന്തായാലും പാരമ്പര്യത്തിന്റെ ചരിത്രത്തിൽ ശോഭകെടാതെ കസവു വസ്ത്രങ്ങളും മഹാബലിയുടെ നാട്ടിൽ നെയ്ത്തുതൊഴിലും ബന്ധപ്പെട്ട ഉത്പന്നങ്ങളും എക്കാലവും നിലനിൽക്കുമെന്നത് ചരിത്രപരമായ സത്യമാണ്.

(കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY