
രാജ്യത്തെ പ്രശ്നകലുഷിതമായ വിദ്യാഭ്യാസ, തൊഴിൽ മേഖലകളെ ഉടച്ചുവാർത്തുകൊണ്ടേ യുവാക്കളെ പ്രക്ഷോഭ വാസനകളിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കൂവെന്ന വ്യക്തമായ സന്ദേശമാണ്, കോളിളക്കം സൃഷ്ടിച്ചുകൊണ്ട് രാജ്യതലസ്ഥാനത്ത് നടന്ന ജെൻസി പ്രക്ഷോഭം നൽകുന്നത്. യുവത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പുനരാഖ്യാനങ്ങൾ സജീവമാകുന്ന വേളയാണ് ഇത്. ഈ വിശകലനങ്ങളിൽ നീറ്റ് (NEET) എന്ന ചുരുക്കപ്പേരിലുള്ള ആഖ്യാനം ഏറെ ശ്രദ്ധേയമാകുന്നു.
പ്രതീക്ഷിക്കപ്പെടുന്ന ഇടങ്ങളിൽ യുവാക്കളിൽ ബഹുഭൂരിപക്ഷത്തെയും കാണാനില്ല. വിദ്യാഭ്യാസത്തിന്റെ ഉന്നത തുറകളിലോ തൊഴിലിന്റെ ഉന്നത ഇടങ്ങളിലോ അവരില്ല. ഉന്നത പരിശീലനത്തിന്റെ തട്ടകങ്ങളിലും അവരില്ല. (Not in Education, Employment and Training - NEET). ജീവിതത്തിൽ ആരുമല്ലാതായിപ്പോകുന്ന ഹതഭാഗ്യരാണ് അവർ. ക്ഷോഭം സ്വാഭാവികമാണ്.
വിദ്യാഭ്യാസ രംഗം
അങ്കണവാടികൾ മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള രംഗങ്ങളിൽ പ്രശ്നങ്ങൾക്ക് ഒരു പഞ്ഞവുമില്ല. 4.5 കോടി കുഞ്ഞുങ്ങൾ ആദ്യമായി പ്രവേശിക്കുന്ന, 14 ലക്ഷം വരുന്ന അങ്കണവാടികളിൽ പലതും മുഖ്യമായും പോഷകാഹാര കേന്ദ്രങ്ങളെന്ന നിലയിലാണ് പ്രവർത്തിച്ചുവരുന്നത്. സ്കൂൾതല വിദ്യാഭ്യാസത്തിലാകട്ടെ, കുറേയേറെ വിദ്യാർത്ഥികൾക്ക് ഭാഷാപരവും സംഖ്യാപരവുമായ കഴിവുകൾ ആർജ്ജിക്കാനാവാതെ പോകുന്നു. ഉന്നത വിദ്യാഭ്യാസരംഗവും പല പ്രശ്നങ്ങളാൽ അലട്ടപ്പെടുന്ന അവസ്ഥയിലാണ്.
ഈ മേഖലയിൽ പ്രവേശിക്കാൻ കഴിയുന്നവരുടെ സംഖ്യ ഗണ്യമായി ഉയർന്നിട്ടുണ്ടെങ്കിലും (എൻറോൾമെന്റ് 4.3 കോടി) ഗുണനിലവാര കാര്യത്തിൽ ഉന്നതസ്ഥാനത്തുള്ളത് ഏതാനും തുരുത്തുകൾ മാത്രമാണ്. ഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ശരാശരി നിലവാരത്തിലോ അതിനും താഴെയോ ആണ്.
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ടെങ്കിലും അടിസ്ഥാനപ്രശ്നമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത് വിഭവങ്ങളുടെ അപര്യാപ്തത തന്നെയാണ്. ദേശീയ വരുമാനത്തിന്റെ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നീക്കിവയ്ക്കണമെന്ന പ്രതിജ്ഞ നമ്മുടെ നാട് ആദ്യമായി എടുത്തത് 1966ലാണ്. 2020ൽ അതേ പ്രതിജ്ഞ വീണ്ടും ആവർത്തിക്കേണ്ടിവന്നു. എന്നാൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം ദേശീയ വരുമാനത്തിന്റെ നാല് ശതമാനത്തിന് ചുറ്റും ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണ്.
തൊഴിൽ മേഖല
ഒന്നരലക്ഷം വരുന്ന മെഡിക്കൽ സീറ്റുകളിലേക്കായുള്ള പ്രവേശന പരീക്ഷയ്ക്ക് 22 ലക്ഷം വിദ്യാർത്ഥികൾ അപേക്ഷിച്ചത് മാന്യമായ ഒരു തൊഴിലിന് അത് ഉപകരിക്കുമെന്ന വിശ്വാസത്തിലാണ്. രൂക്ഷമാണ് രാജ്യത്തെ യുവാക്കളുടെ മാന്യമായ തൊഴിൽ എന്ന സ്വപ്നം. പഠിക്കുന്തോറും തൊഴിൽരാഹിത്യം ഏറിടുമെന്ന വൈരുദ്ധ്യം നേരിടുന്ന രാഷ്ട്രമാണ് നമ്മുടേത്. തൊഴിലില്ലായ്മ നേരിടുന്നവരിൽ മൂന്നിലൊന്നും ബിരുദധാരികളാണ്. സാങ്കേതിക വിദ്യാഭ്യാസം തൊഴിൽരാഹിത്യം കുറയ്ക്കുമെന്ന സ്വപ്നവും വീണുടഞ്ഞു. ഒരു വർഷം പുറത്തിറങ്ങുന്ന 15 ലക്ഷം എൻജിനിയർമാരിൽ പത്തു ശതമാനത്തിന് മാത്രമേ മികച്ച തൊഴിൽ ലഭിക്കുന്നുള്ളൂവെന്ന അവസ്ഥയാണ്.
തൊഴിൽ വളർച്ചയുടെ പ്രധാന സ്രോതസായ സാമ്പത്തിക വളർച്ചയുടെ രംഗത്തും അപ്രിയ സത്യങ്ങൾ നിലനിൽക്കുന്നു. ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി ഉയരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കിലും സ്ഥിരവരുമാനമുള്ളതും മാന്യവുമായ തൊഴിലവസരങ്ങളുടെ വരൾച്ച മൂലം ആളോഹരി വരുമാനത്തിൽ 147ാം സ്ഥാനത്താണ് നമ്മൾ.
ചുരുക്കത്തിൽ, വിദ്യാഭ്യാസത്തിനുള്ള വിഹിതവും ഗുണനിലവാരവും ഉയർത്തിയും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനായി സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിച്ചും മാത്രമേ യുവജനതയുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരക്രിയകൾ ചെയ്യാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |