"നിങ്ങളിൽ നേതാവാകുന്നവൻ, നിങ്ങളുടെ ശുശ്രൂഷകനാവണം. നിങ്ങളിൽ ഒന്നാമൻ, നിങ്ങളുടെ ദാസനാവണം'. അവസാന അത്താഴത്തിന് മുമ്പ് തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയശേഷം ക്രിസ്തുദേവൻ അരുളി ചെയ്തവയാണ് ഇവിടെ ഉദ്ധരിച്ച വാചകങ്ങൾ. വാക്കുകൾ ലളിതം. അതുകൊണ്ട് അവ വിശദീകരിക്കേണ്ടതില്ല. എന്നാൽ അവയിലൂടെ, ക്രൂശിക്കപ്പെടുന്നതിന് തലേരാത്രി ക്രിസ്തുദേവൻ നൽകിയ സന്ദേശം സർവകാല പ്രസക്തം. സാർവലൗകികം. ജനനേതാക്കൾ എങ്ങനെ ആയിരിക്കണം എന്നത് ഏറ്റവും ചുരുങ്ങിയ പദങ്ങളിൽ പറഞ്ഞു വയ്ക്കുകയായിരുന്നു ദൈവപുത്രൻ. കഴിഞ്ഞയാഴ്ച, ഒരു അസാധാരണ സംഭവത്തിന് ദൃക്‌സാക്ഷി ആയപ്പോഴാണ് ക്രിസ്തുവചനം പെട്ടെന്ന് ഓർത്തുപോയത്. അപൂർവമായിരുന്നു ആ സംഭവം. അസാധാരണവും. സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്റെ യാത്രയ്ക്കിടയിൽ, വാഹനവ്യൂഹം പെട്ടെന്ന് നിറുത്തി റോഡിലിറങ്ങി, വഴിയരികിൽ കുഴഞ്ഞു വീഴുന്നതായി കണ്ട അപരിചിതനായ വ്യക്തിയെ ശുശ്രൂഷിക്കാനും പരിചരിക്കാനും മുൻകൈ എടുക്കുന്ന കാഴ്ച അപൂർവങ്ങളിൽ അപൂർവം. അതിന് സാക്ഷ്യംവഹിക്കാൻ ഈയുള്ളവന് അവസരമുണ്ടായി. ആ നടപടി നൽകുന്ന ഉദാത്തമായ ഒരു സന്ദേശമുണ്ട്. അത് സൃഷ്ടിക്കുന്ന ഉന്നതമായ ഒരു മാതൃകയുണ്ട്. എന്നിട്ടും അധികമാരും ആ നടപടി ചർച്ചാ വിഷയമാക്കി കണ്ടില്ല. അതുകൊണ്ടുതന്നെ അതേപ്പറ്റി ഇവിടെ എഴുതാതെ വയ്യ. അന്ന് ഓണത്തിന് തലേന്നാൾ ആയിരുന്നു. തിരുവനന്തപുരത്തെ തെരുവീഥികൾ വാഹന നിബിഡം. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഒരു ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായാണ് ലോക്‌ഭവനിൽ നിന്ന് സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ പുറപ്പെട്ടത്. യാത്ര ആരംഭിച്ച്, വേഗത കൈവരിച്ചു തുടങ്ങിയ വാഹനവ്യൂഹം പെട്ടെന്ന് നിറുത്തുന്നു. ഗവർണർ നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് വാഹനങ്ങൾ ഒന്നൊന്നായി മാർഗമദ്ധ്യേ നിറുത്തിയത്. എന്തുസംഭവിച്ചു എന്ന് മറ്റുള്ളവർക്ക് മനസിലാകുന്നതിന് മുമ്പ്, സഞ്ചരിച്ചിരുന്ന കറുത്ത ബെൻസ് കാറിൽ നിന്ന് പരമ്പരാഗത ഓണവേഷമായ കോടി മുണ്ടും ഇളംമഞ്ഞ കുർത്തയും അണിഞ്ഞിരുന്ന ആർലേക്കർജി ഡോർ തുറന്ന് റോഡിലേക്കിറങ്ങി. ഒരു വയോധികൻ വഴിമദ്ധ്യേ കുഴഞ്ഞുവീഴുന്നത് കണ്ടതിനാലാണ് ഗവർണർ വാഹനം നിറുത്തിച്ചതും പെട്ടെന്ന് പുറത്തിറങ്ങിയതും. ഒപ്പമുള്ളവരോട് വിവരമാരായാൻ സമയം നഷ്ടപ്പെടുത്താതെ, അദ്ദേഹം വീണുകിടന്ന വ്യക്തിയുടെ അരികിലേക്ക് നടന്നെത്തി. ഓടിക്കൂടിയ സുരക്ഷാഭടന്മാർ വീണുകിടന്ന വ്യക്തിയെ താങ്ങിയെടുത്ത് നടപ്പാതയിലേക്ക് മാറ്റി. വീശിയും, വെള്ളം കൊടുത്തും സമാശ്വസിപ്പിച്ചു. പ്രഥമശുശ്രൂഷ നൽകി. വിവരങ്ങൾ ആരാഞ്ഞ് തലോടി നിന്നിരുന്ന ഗവർണർ ആംബുലൻസ് വിളിച്ചു വരുത്താനും ആശുപത്രിയിൽ എത്തിക്കാനും നിർദ്ദേശം നൽകി. എല്ലാം ഉറപ്പുവരുത്തിയ ശേഷമാണ് ഗവർണർ യാത്ര പുനരാരംഭിച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം വാഹനത്തിൽ വീട്ടിലെത്തിക്കാനും വീട്ടുകാരെ വിവരമറിയിക്കാനും അദ്ദേഹത്തിന്റെ നിർദ്ദേശമുണ്ടായി. അക്ഷരാർത്ഥത്തിൽ ജനം അത്ഭുതസ്‌തബ്ധരായി നോക്കിനിന്നു. അവർക്ക് ഈ അനുഭവം ആദ്യമായിട്ടായിരുന്നു. റോഡപകടത്തിൽ ചോരവാർന്ന് കിടക്കുന്നവരെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്ന കണ്ണിൽച്ചോരയില്ലാത്തവരെയാണ് ജനത്തിന് കൂടുതൽ കണ്ടുപരിചയം. സമയത്ത് ആശുപത്രിയിലെത്തിക്കാനോ ആതുര ശുശ്രൂഷ നൽകാനോ ആരും മെനക്കെടാത്തതു കൊണ്ട് നമ്മുടെ റോഡുകളിൽ കിടന്ന് മരിച്ചു പോവുന്നവർ എത്രയെത്ര. റോഡപകടം സംഭവിക്കുമ്പോൾ ആ ദൃശ്യം മൊബൈൽ ഫോണിൽ പകർത്താനാണ് ചിലർക്ക് താല്പര്യം.എന്നാൽ ഗവർണറുടെ പ്രവൃത്തി വേറിട്ടൊരു അനുഭവമായി. അതും പ്രോട്ടോക്കോളും മറ്റും പാടെ അവഗണിച്ചുകൊണ്ട്. അക്കാരണത്താലാവാം ആ സദ്‌വാർത്തയ്ക്ക് മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാദ്ധ്യമങ്ങൾ നല്ല പ്രാധാന്യം നൽകി. നല്ല വാർത്തകൾ പ്രചാരണം മാത്രമാണെന്നും അവയ്ക്ക് തെല്ലും വാർത്താ പ്രാധാന്യം ഇല്ലെന്നും ആണല്ലോ ഒരു പൊതുവായ മാദ്ധ്യമ സിദ്ധാന്തം ("What is negative is news and what ever is positive is only propaganda"). പക്ഷേ, നമ്മുടെ ഗവർണറുടെ നല്ല ചെയ്തികൾ പലതും പത്രങ്ങളും വാർത്താചാനലുകളും വാഴ്ത്താറുണ്ട്. ഓണക്കാലത്തുതന്നെ, ലോക്‌ഭവനിൽ പുതിയ ഒരു ലൈബ്രറി ആരംഭിച്ച നടപടിയേയും അവിടെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തെയും പ്രകീർത്തിച്ച് 'കേരളകൗമുദി' മുഖപ്രസംഗം പോലും എഴുതി പ്രസിദ്ധീകരിച്ചത് വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും. ആ മുഖപ്രസംഗത്തിൽ, വാഹനം നിറുത്തിയിറങ്ങി ഗവർണർ റോഡിൽ വീണുപോയ വഴിയാത്രക്കാരനെ പരിചരിച്ചതിനെയും പരാമർശിച്ചിരുന്നു. ഇവിടെ ക്രിസ്തു ഉപദേശിച്ചപോലെ ഒന്നാമൻ ദാസനായി. നേതാവ് ശുശ്രൂഷകനായി. ക്രിസ്തുദേവനു മുമ്പ്, ഭഗവാൻ കൃഷ്ണൻ, മഹാഭാരതയുദ്ധം കഴിഞ്ഞ് രാജസൂയയാഗം നടക്കവേ, അതിഥികളായിയെത്തി സദ്യയുണ്ടവരുടെ എച്ചിലിലകൾ നേരിട്ട് നീക്കം ചെയ്തത്രെ. കുരുക്ഷേത്രത്തിൽ അർജുനന്റെ തേരാളി ആയതും കൃഷ്ണൻ തന്നെയാണല്ലോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |