
കാർഷിക മേഖലയിൽ പ്രതിസന്ധി
ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയെ ആശങ്കയിലായി സൾഫർ ക്ഷാമം രൂക്ഷമാകുന്നു. പശ്ചിമേഷ്യയിലെ യുദ്ധം വളം നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ സർഫറിന്റെ ലഭ്യതയെ ബാധിച്ചതോടെ അമോണിയം ഫോസ്‌ഫേറ്റ്(ഡി.എ.പി), സൂപ്പർ ഫോസ്‌ഫേറ്റ്(എസ്.എസ്.പി) ഉൾപ്പെടെയുള്ള വളങ്ങളുടെ നിർമ്മാണച്ചെലവിൽ സമ്മർദ്ദമേറി. സൾഫർ ലഭ്യത മെച്ചപ്പെട്ടില്ലെങ്കിൽ വളം വിലയും കർഷകരുടെ കൃഷിച്ചെലവും ഇനിയും ഉയർന്നേക്കും.
പശ്ചിമേഷ്യയിലെയും റഷ്യയിലെയും എണ്ണശുദ്ധീകരണശാലകൾക്കും വാതക സംവിധാനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളും റഷ്യയുടെ കയറ്റുമതി നിയന്ത്രണങ്ങളുമാണ് സൾഫർ വിതരണത്തെ ബാധിക്കുന്നത്. രാജ്യാന്തര വിപണിയിൽ സൾഫറിന്റെ വില ഒരു വർഷത്തിനിടെ മൂന്നിരട്ടിയിലേറെ ഉയർന്ന് ടണ്ണിന് 1,050-1,100 ഡോളറിലെത്തി. വർഷത്തിന്റെ തുടക്കത്തിൽ ഏകദേശം 550 ഡോളറായിരുന്നു.
ഇന്ത്യയുടെ ഉപഭോഗം
ഇന്ത്യ പ്രതിവർഷം 38-39 ലക്ഷം ടൺ സൾഫറാണ് ഉപയോഗിക്കുന്നത്. ഇതിൽ 20-21 ലക്ഷം ടൺ വളം നിർമാണ രംഗത്താണ്. സൾഫറിൽ നിന്ന് നിർമ്മിക്കുന്ന സൾഫ്യൂരിക് ആസിഡാണ് ഫോസ്‌ഫേറ്റ് പാറകളെ വളമാക്കാൻ ഉപയോഗിക്കുന്നത്. സൾഫറിനൊപ്പം ഫോസ്‌ഫോറിക് ആസിഡിന്റെ വിലയും ഉയർന്നതോടെ ഡി.എ.പി നിർമ്മാണച്ചെലവിന് ഇരട്ട തിരിച്ചടിയായി. ഇറക്കുമതി ചെയ്യുന്ന ഡി.എ.പിയുടെ വില കഴിഞ്ഞ വർഷത്തെ 725-750 ഡോളറിൽനിന്ന് 930-935 ഡോളറിലെത്തി. ഇതോടെ വളം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും ചെലവ് വർധിക്കും.
കേന്ദ്ര സർക്കാർ നടപടികളിലേക്ക്
വളം ക്ഷാമം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കുകയാണ്. വിവിധ രാജ്യങ്ങളിൽനിന്നും സൾഫർ ഇറക്കുമതി ഉറപ്പാക്കൽ, ദീർഘകാല വിതരണ കരാറുകൾ, പ്രതിമാസ വിതരണ പദ്ധതി, സംസ്ഥാനങ്ങളിലെ ലഭ്യത നിരീക്ഷിക്കൽ എന്നിവയാണ് പ്രധാന നടപടികൾ. ജൂലായിലെ കണക്കനുസരിച്ച് മൺസൂൺ സീസണിൽ(ജൂലായ്-ഒക്‌ടോബർ) ഡി.എ.പിയുടെ ലഭ്യത ആവശ്യത്തേക്കാൾ കൂടുതലായിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
അധിക സഹായം
ഡി.എ.പി 50 കിലോ ചാക്കിന് 1,350 രൂപയായി നിലനിർത്താൻ കേന്ദ്രം അധിക ധനസഹായം അനുവദിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തുടർന്നാൽ സബ്സിഡി വർദ്ധിപ്പിക്കാനും ആലോചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |