
തമിഴ്‌നാടിന് വേണ്ടത് ജലമാണ്. അതവർക്ക് മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ലഭിക്കുന്നുണ്ട്. ഡാമിന്റെ സുരക്ഷ അവരെ അലട്ടുന്ന പ്രശ്നമല്ല. ഡാമിന് എന്തെങ്കിലും സംഭവിച്ചാലും നാശനഷ്ടം കേരളത്തിനേ ഉണ്ടാകൂ. തമിഴ്‌നാട്ടിലേക്ക് വെള്ളം ഇരച്ചുകയറി ചെല്ലില്ല. അതിനാൽ തമിഴ്‌നാടിന് വെള്ളം; കേരളത്തിന് സുരക്ഷ എന്ന മുദ്രവാക്യം ഉചിതമാണ്. കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ ഡാം നിർമ്മാണം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുപോലും വയ്ക്കാൻ കേരളത്തിന് തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പിനാൽ ഇതുവരെ സാധിച്ചിട്ടില്ല. നിർമ്മിച്ച കാലത്ത് മുല്ലപ്പെരിയാർ ഡാമിന്റെ ആയുസ് അമ്പത് വർഷമെന്നാണ് നിർണയിച്ചിരുന്നത്. ഇപ്പോൾ വയസ് 130 ആയി. ഇപ്പോഴും കാലപ്പഴക്കത്തിന്റെ ബലക്ഷയവും മറ്റ് ചെറിയ ചോർച്ചകളുമല്ലാതെ പ്രധാന നിർമ്മിതിക്ക് വലിയ കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതിന് നന്ദിപറയേണ്ടത് അന്ന് അത് നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ പെനിക്യുക്ക് എന്ന ബ്രിട്ടീഷ് എൻജിനിയർക്കാണ്.
നിർമ്മാണത്തിന്റെ ഇടവേളയിൽ പണത്തിന് ക്ഷാമം വന്നപ്പോൾ ഇംഗ്ളണ്ടിൽ തിരിച്ചുപോയി തന്റെ വീടും വസ്തുക്കളും വിറ്റുകൊണ്ടുവന്ന പണം കൊണ്ടുകൂടിയാണ് ആ മനുഷ്യസ്നേഹിയും മഹാനുമായ എൻജിനിയർ മുല്ലപ്പെരിയാർ ഡാം പൂർത്തിയാക്കിയത്. അക്കാലത്തിൽനിന്ന് ഡാമിന്റെ നിർമ്മാണ രീതികളും ഘടനയുമൊക്കെ അടിമുടി മാറിയിട്ടുണ്ട്. അതിനാൽ ഒരു പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം ഉന്നത നീതിപീഠങ്ങൾക്കും അണക്കെട്ട് സുരക്ഷാ അതോറിട്ടിക്കും ഒടുവിൽ തമിഴ്‌നാടിന് തന്നെയും അംഗീകരിക്കേണ്ടിവരും. പക്ഷേ അതെത്ര നാൾ കഴിഞ്ഞ് എന്നതാണ് കാതലായ ചോദ്യം. തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കഴിഞ്ഞയാഴ്ചയാണ് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടുമില്ല.
പ്രശ്നത്തിൽ കാലാകാലങ്ങളായി കേരളത്തിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾ പുലർത്തിയ അശ്രദ്ധയും നിസംഗതയുമാണ് വർഷങ്ങൾക്കുമുമ്പേ പരിഹരിക്കേണ്ടിയിരുന്ന ഈ പ്രശ്നം ഇത്രയും വഷളാക്കിയത്. ഏറ്റവുമൊടുവിൽ ഡാമിന്റെ സുരക്ഷാ പരിശോധനയ്ക്കായി നിയോഗിച്ച സ്വതന്ത്ര സമിതിയിൽ നിന്ന് കേരളം നിർദ്ദേശിച്ച വിദഗ്ദ്ധനെ ഏകപക്ഷീയമായി നീക്കിയ നടപടിയാണ് വിവാദമായിരിക്കുന്നത്. കേരള പ്രതിനിധി ടി.കെ.ശിവരാജനെയാണ് കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിട്ടി നീക്കിയത്. പകരം ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫ.എം.എൽ.ശർമ്മയെ ഉൾപ്പെടുത്തി. സ്വതന്ത്ര സമിതിയിൽ കേരള പ്രതിനിധി ഉണ്ടായാൽപോലും തമിഴ്‌നാടിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടായ പശ്ചാത്തലത്തിൽ കേരളത്തിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ അന്യനാട്ടുകാരനായ ഒരു വിദഗ്ദ്ധന് എത്രത്തോളം കഴിയുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
തികച്ചും നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഈ നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാരും സർക്കാരും ശക്തമായ ഇടപെടലുകൾ നടത്തണം. ഇത്തരം സംഭവങ്ങൾ വിവാദമാകുമ്പോൾ മാത്രം ഉണരുന്ന ഒരു സമീപനമാണ് കേരളം ഇക്കാലമത്രയും സ്വീകരിച്ചുവരുന്നത്. സുപ്രീംകോടതിയിലെ വ്യവഹാരങ്ങളിൽ 2006ലും 2014ലും വിധി വന്ന രണ്ടു കേസുകളിലും തോറ്റിട്ടും കാര്യമായ ഒരു ഇടപെടലും കേരളം നടത്തിയിട്ടില്ല. അണക്കെട്ടിന്റെ സുരക്ഷയും 999 വർഷത്തെ പാട്ടക്കരാറിന്റെ നിയമസാധുതയും സംബന്ധിച്ച സുപ്രീംകോടതിയിലെ കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നീക്കങ്ങളും മന്ദഗതിയിലാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാതെ നിയമപരമായും ജനാധിപത്യപരമായും തമിഴ്‌നാടിനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഹാരമാർഗങ്ങളാണ് കേരളം ഇനി ആരായേണ്ടത്. സ്വതന്ത്ര സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്താൻ കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |