
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു മന്ത്രിസ്ഥാനത്തെത്തുകയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതിലും വലുതാണ് തന്റെ നാട്ടുകാർക്കൊപ്പമുള്ള പൊതു പ്രവർത്തനമെന്ന് ചിന്തിക്കുന്നവർ എണ്ണത്തിൽ കുറവായിരിക്കാം. ഈ രണ്ടാമത്തെ ഗണത്തിൽപ്പെട്ട നേതാവായിരുന്നു ഇന്നലെ അന്തരിച്ച ചിറ്റൂരിലെ മുൻ എം.എൽ.എ കെ.അച്യുതൻ. 1996 മുതൽ 2016 വരെ അദ്ദേഹം ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. നാലു ടേമുകളിലായി തുടർച്ചയായി നേടിയ ഈ മികച്ച വിജയം ചിറ്റൂരിലെ ജ്യോതിബസു എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.
സി.പി.എം നേതാവായിരുന്ന ജ്യോതിബസു തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ചതുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ താരതമ്യം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ അംഗമാകാനുള്ള പാർട്ടിയുടെ ക്ഷണം അച്യുതൻ ആദരവോടെ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ജനങ്ങളോടുള്ള അടുപ്പമായിരുന്നു കാരണം.
മന്ത്രിയായാൽ ചിറ്റൂരിലെ ജനങ്ങളുടെ കാര്യങ്ങളിൽ പൂർണമായി ഇടപെടാൻ കഴിയില്ലെന്നും, തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കാനാണ് താത്പര്യമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം അന്ന് ആ മന്ത്രിസ്ഥാനം നിരസിച്ചത്. അദ്ദേഹത്തിന്റെ ചിന്താഗതി അങ്ങനെയായിരുന്നു. ചിറ്റൂരിന് അപ്പുറം ഒരു ലോകവും തന്നെ ആകർഷിച്ചിട്ടില്ലെന്ന് അച്യുതൻ എപ്പോഴും പറയുമായിരുന്നു. അടുപ്പമുള്ളവരും ആദ്യമായി കാണുന്നവരും പ്രായഭേദമന്യേ അച്ചുവേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. 1996, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയാണ് അച്യുതൻ കേരള നിയമസഭയിലെത്തിയത്. 2016ൽ മുൻമന്ത്രി.കെ. കൃഷ്ണൻകുട്ടിയോട് പരാജയപ്പെട്ടതോടെ അദ്ദേഹം സജീവ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയിരുന്നു. ചിറ്റൂരിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു അച്യുതൻ.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ മകനാണ്.
ചിറ്റൂരിലെ ജനങ്ങൾക്ക് ഏതൊരു ആവശ്യത്തിനും ഏത് പാതിരാത്രിയിലും വിളിക്കാൻ കഴിയുന്ന ആളായിരുന്നു അച്യുതൻ. ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി. ജനങ്ങളുമായി അത്രമേൽ ഇഴയടുപ്പമുള്ള നേതാവായിരുന്നു. കർഷകൻ, സഹകരണ സംഘം പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. രണ്ടുപതിറ്റാണ്ട് കാലം ചിറ്റൂരിൽ നിന്നുള്ള എം.എൽ.എ എന്നതിന് പുറമേ 1979 മുതൽ 1996 വരെ ദീർഘകാലം ചിറ്റൂർ- തത്തമംഗലം നഗരസഭയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 മുതൽ തത്തമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും, ചിറ്റൂർ പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ്, ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കൗൺസിൽ അംഗം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ കർഷകർക്ക് വലിയ തോതിൽ ഗുണം ചെയ്തിരുന്നു. രാഷ്ട്രീയം ജനസേവനത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തന്റെ പ്രവർത്തനത്തിലൂടെ തെളിയിച്ച നേതാവായിരുന്നു അച്യുതൻ. ജനങ്ങൾക്കിടയിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ച കോൺഗ്രസ് നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിച്ച മികച്ച പൊതുപ്രവർത്തകനെയാണ് അച്യുതന്റെ വിയോഗത്തിലൂടെ കോൺഗ്രസിനും യു.ഡി.എഫിനും നഷ്ടമായിരിക്കുന്നത്. കേരളകൗമുദിയുടെ ഉറ്റ സുഹൃത്തായിരുന്ന അച്യുതന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ ഞങ്ങൾ പങ്കുചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |