
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾ കേൾക്കാൻ കൊതിക്കുന്ന ഏറ്റവും ശുഭകരമായ വർത്തമാനം, പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരും മുമ്പ് വിവിധ സർക്കാർ വകുപ്പുകളിലായി നിലവിലുള്ള മുഴുവൻ ഒഴിവുകളിലേക്കും ആ പട്ടികയിൽ നിന്ന് നിയമന നടപടി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും. ഇതു കേൾക്കുമ്പോൾത്തന്നെ, 'എത്ര നല്ല നടക്കാത്ത സ്വപ്നം" എന്ന് അവർ മനസിൽ പറയുകയും ചെയ്യും! നിർഭാഗ്യവശാൽ പി.എസ്.സിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തീരെ ശുഭകരമല്ല. പരീക്ഷാ മൂല്യനിർണയത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ വെളിച്ചത്തായതിനു പിന്നാലെയാണ്, അതേക്കുറിച്ച് നടത്താൻ നിശ്ചയിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണം തന്നെ അട്ടിമറിക്കാൻ കരുനീക്കം നടക്കുന്നതായുള്ള ആക്ഷേപം.
കേരളത്തിൽ, യോഗ്യതാ ബിരുദങ്ങൾ നേടുകയും 29 വയസ് പൂർത്തിയാക്കുകയും ചെയ്തവരിലെ തൊഴിലില്ലായ്‌മ 29.9 ശതമാനമാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലും അധികം വരും ഇത്. ഒഴിവുകൾ പി.എസ്.സിക്ക് യഥാസമയം റിപ്പോർട്ട് ചെയ്യാതിരിക്കുന്നതു മുതൽ തുടങ്ങുന്നു, ഉദ്യോഗാർത്ഥികളോടുള്ള സർക്കാരിന്റെ കടും കൈ. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽത്തന്നെ കൃത്യസമയത്ത് പരീക്ഷകൾ നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും വേണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിനു മുമ്പ് പരമാവധി പേർക്ക് നിയമനം നല്കണം. ഇതൊന്നും നടക്കുന്നില്ല എന്നതാണ് പ്രശ്നം. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നും, സ്റ്റാഫ് നഴ്സുമാരുടെ റാങ്ക്ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്ത വിഷയം ഉന്നയിച്ച് റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവർ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും മറ്റും സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ പെടാപ്പാട് പെട്ടതൊന്നും മറക്കാറായിട്ടില്ല.
പി.എസ്.സി റാങ്ക്ലിസ്റ്റിൽ നിന്ന് നിയമനം നടക്കാതിരിക്കുകയും, തസ്തികകളിൽ ആളില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് താത്കാലിക നിയമനം എന്ന ഓമനപ്പേരിലുള്ള തരികിടകൾക്ക് സാഹചര്യമൊരുങ്ങുക. ഇത്തരം നിയമനങ്ങൾ സ്വാഭാവികമായും രാഷ്ട്രീയ പിൻബലത്തിലായിരിക്കും. സ്വന്തം പാർട്ടിക്കാരെയും ഇഷ്ടക്കാരെയും ഇങ്ങനെ തിരുകിക്കയറ്റാനാവും സ്വാഭാവികമായും ഏതു സർക്കാരിനും പ്രിയം. കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ വകുപ്പുകളിൽ നടന്ന താത്കാലിക നിയമനങ്ങളുടെ കണക്കെടുക്കാനിരിക്കുകയാണ് ഈ സർക്കാർ. ആർക്കായാലും ജോലി കിട്ടുന്നത് നല്ല കാര്യം തന്നെ. പക്ഷേ, രാഷ്ട്രീയ മിടുക്കുകൊണ്ട് ചിലർ ജോലി നേടുമ്പോൾ നഷ്ടമായിപ്പോകുന്നത് കൂടുതൽ യോഗ്യരും അർഹരുമായവരുടെ അവസരമാണ് എന്നതാണ് ദുഃഖകരം. പിൻവാതിലിലൂടെ കയറിപ്പറ്റുന്ന താത്കാലികക്കാർ കാലാവധി നീട്ടിനീട്ടി വാങ്ങി സുരക്ഷിത താവളമുറപ്പിക്കും. പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്നവർ വേഴാമ്പലുകളായി നോക്കിയിരിക്കുകയും ചെയ്യും.
ഇപ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള ഒഴിവുകൾ മൂന്നാഴ്ചയ്ക്കകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നല്കിയിരിക്കുകയാണ് സർക്കാർ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികളുടെ പേരിൽ കർശന നടപടിയെടുക്കാൻ വകുപ്പ് സെക്രട്ടിമാർക്ക് അയച്ച കത്തിൽ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശിച്ചിട്ടുമുണ്ട്. നിരവധി റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഒന്നാം റാങ്കുകാർക്കു പോലും ഇതുവരെ നിയമനം നടക്കാതിരിക്കുന്ന നാണക്കേടിന് ഇടയിലാണ് പുതിയ നിർദ്ദേശമെന്നതും മറക്കരുത്. എന്തായാലും ഈ സർക്കാരിന്റെ ഉത്സാഹം ഉദ്യോഗാർത്ഥികളുടെ മനസിൽ വീണ്ടും പ്രതീക്ഷയുടെ നാളം കൊളുത്തുന്നതാണ്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നത് ഒരു പ്രാരംഭ നടപടിയാണ്. പിന്നാലെ നടക്കേണ്ട കാര്യങ്ങളും കൃത്യമായി നടന്നാലേ ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തിനു മേൽ പ്രകാശം പരക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |