
മഹാപ്രളയത്തിന്റെ ഒാർമകൾ എട്ടാണ്ട് പിന്നിട്ടിരിക്കുന്നു. നടുക്കമുണ്ടാക്കിയ ആ നാളുകളുടെ തനിയാവർത്തനം ഇൗ എട്ടാമണ്ടിലും ഉണ്ടായി. 2018 ആഗസ്റ്റ് പതിന്നാലിന് അർധരാത്രിയോടെ റാന്നിയെ മുക്കി ആരംഭിച്ച മലവെള്ളപ്പാച്ചിൽ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നാടിനെ വിഴുങ്ങി. ഇൗ വർഷം അതേമാസം പിറന്നപ്പോഴായിരുന്നു മറ്റൊരു പ്രളയം ഭീതിയുണ്ടാക്കിയത്. എട്ടുവർഷം മുമ്പ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ ലഭിച്ചിരുന്നു. ആഗസ്റ്റ് 9 മുതൽ മഴ തിമിർത്തു പെയ്തു ശബരിഗിരി പദ്ധതിയുടെ ഡാം അടക്കം പൂർണതോതിൽ നിറഞ്ഞുവന്നപ്പോഴും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടിയില്ല. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ പതിന്നാലിന് മഴ വീണ്ടും തകർത്തു പെയ്തു. പമ്പ, കക്കി, ആനത്തോട് സംഭരണികൾ പരമാവധി ഉയർത്തുക മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളു. ഇതിനൊപ്പം മലയോരത്തുണ്ടായ ഉരുൾപൊട്ടലുകളും മലവെള്ളപ്പാച്ചിലും കൂടി ആയപ്പോൾ മണിക്കൂറുകൾക്കുള്ളിൽ നാട് വെള്ളത്തിലായി.
പമ്പയും അച്ചൻകോവിലും മണിമലയും നിറഞ്ഞൊഴുകി. ഒഴുകിയെത്തിയ വെള്ളം നദിയുടെ അതിരുകൾ പിന്നീട്ട് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പരന്നൊഴുകി.
ഇരുനില വീടുകളുടെ മുകളിലൂടെയാണ് വെള്ളം പാഞ്ഞൊഴുകിയത്. മനുഷ്യരും കന്നുകാലികളും മറ്റു വളർത്തുമൃഗങ്ങളും ഒഴുക്കിൽ പെട്ടു. പത്തനംതിട്ട ജില്ലയിൽ ഇരുപതോളം ആളുകൾക്ക് ജീവൻ നഷ്ടമായി. വീടുകളിൽ അഭയം പ്രാപിച്ചവരെ ഒഴിപ്പിച്ചു. ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്ക് നാട് ഒട്ടാകെ രംഗത്തിറങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയിരങ്ങളെയാണ് മാറ്റിപാർപ്പിച്ചത്.
♦ പതിനെട്ടിന്റെ ആവർത്തനം
രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിന്റെ രീതിയിലാണ് ജൂലായ് മുപ്പത്തിയൊന്നിന് രാത്രി മഴ കനത്തു പെയ്തത്. അതി തീവ്ര മഴയിൽ മലയോര മേഖലകളിൽ ചെറിയ ഉരുൾപൊട്ടലുണ്ടായി. ഒറ്റ രാത്രി കൊണ്ട് റാന്നി ടൗൺ മുങ്ങി. വെള്ളം കോഴഞ്ചേരിയും ആറന്മുളയും കടന്ന് പടിഞ്ഞാറൻ പ്രദേശങ്ങളെയും മുക്കി. കിഴക്കൻ മലയോര മേഖലയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം മൂഴിയാർ ഡാം നിറച്ചു. ഷട്ടറുകൾ തുറന്നപ്പോൾ ഒഴുകിയ വെള്ളം ഷട്ടറുകളില്ലാത്ത മണിയാർ ഡാമിലൂടെ കുതിച്ചു. റാന്നിയിൽ മിന്നൽ പ്രളയമായി.
മണിയാറിൽ ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിനുവേണ്ടി ജനുവരി മുതൽ ജലസേചന വകുപ്പിന്റെ മണിയാർ സംഭരണി തുറന്നിരിക്കുകയായിരുന്നു. വേനൽക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടർ അടച്ചിട്ടില്ല. ഷട്ടറുകൾ സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് കഴിഞ്ഞില്ല. മഴ ശക്തമാകുമ്പോൾ ഉണ്ടായേക്കാവുന്ന അപകട സാദ്ധ്യതയും പരിഗണിച്ചില്ല. മണിയാറിന് താഴെ പെരുനാട് പവർസ്റ്റേഷനും വെള്ളത്തിനടിയിലായി. അള്ളുങ്കൽ, കാരികയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു. ചുവപ്പ് ജാഗ്രതയുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ നൽകിയിരുന്നില്ല.
മലമുകളിലുള്ള റാന്നിയും സമുദ്രനിരപ്പിലുള്ള അപ്പർകുട്ടനാടും ഒരുപോലെ വലഞ്ഞു.
♦ നഷ്ടപരിഹാരം കാത്ത്
മിന്നിൽ പ്രളയത്തിൽ റാന്നിയിൽ അഞ്ചര അടിയോളം വെള്ളം ഉയർന്നു. അഞ്ഞൂറോളം വ്യാപാരികൾക്കാണ് നഷ്ടമുണ്ടായത്. നഷ്ടപരിഹാരം നൽകുമെന്ന് ഇത്തവണയും പ്രഖ്യാപനമുണ്ടായി. ഇരുപത് ദിവസമായിട്ടും പരിശോധന നടത്താൻ ഉദ്യോഗസ്ഥരെത്തിയില്ല. വീടുകളിലും വ്യപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് വൃത്തിയാക്കാൻ പതിനായിരം രൂപ വീതം നൽകുമെന്നായിരുന്നു പ്രഖ്യാപനം. വ്യാപാരികൾക്കുണ്ടായ ഭീമമായ നഷ്ടം നികത്താൻ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. വായ്പകൾക്ക് മൊറേട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇൻഷ്വറൻസിന് അപേക്ഷിച്ചാൽ നഷ്ടപരിഹാരം ലഭിച്ചോളുമെന്നാണ് സർക്കാർ കരുതുന്നത്.
വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനായിരം രൂപ അനുവദിച്ച് കഴിഞ്ഞ 6ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇതുവരെയും നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രളയത്തെ തുടർന്നെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ റാന്നിയിലെ വ്യാപാരി പ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചിരുന്നു. നികുതി,വായ്പാ ഇളവ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പും നൽകി. അതേസമയം, നിലവിലെ പ്രളയ മുന്നറിയിപ്പ് രീതിയിൽ വ്യാപാരികൾക്ക് എതിർപ്പുണ്ട്. ഡാമുകൾ തുറക്കുമെന്ന മുന്നറിയിപ്പ് രേഖകളിലൂടെ മാത്രം നൽകുന്നത് വ്യാപാരികൾക്ക് ലഭിക്കാറില്ല. മൂഴിയാർ ഡാം തുറന്നാൽ നാല് മണിക്കൂറിന് ശേഷമാണ് റാന്നിയിൽ വെള്ളമെത്തുന്നത്. ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റാനാകും.
♦ മുന്നറിയിപ്പ് സംവിധാനം പൊളിച്ചെഴുതണം
പ്രളയത്തിൽ നാശനഷ്ടമുണ്ടാകാതിരിക്കാൻ 2018ൽ വ്യാപാരികൾ നൽകിയ നിർദ്ദേശം പരിഗണിച്ചില്ല. നിർദേശങ്ങൾ ഇവയായിരുന്നു. ദുരന്തനിവാരണ അതോറിട്ടി,വ്യാപാരികൾ,അമ്പലങ്ങൾ,പള്ളികൾ,സൗണ്ട് സിസ്റ്റം ഉടമകൾ എന്നിവരെ ഉൾപ്പെടുത്തി പ്രളയ മുന്നറിയിപ്പ് സംവിധാനം പരിഷ്‌കരിക്കണം. രാത്രിയായാലും അനൗൺസ്‌മെന്റ് നടത്തണം. ഇരുപത്തിനാല് മണിക്കൂറും സജീവമായ മൂന്ന് വ്യാപാരികളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് ലഭിക്കണം. പ്രളയകാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണം. സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടത്തി പ്രളയം നേരിടാൻ മാർഗം ആവിഷ്‌കരിക്കണം. നദികളിലെയും തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് ഒഴുക്ക് സുഗമമാക്കണം. മണൽ അടിഞ്ഞ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യണം എന്നിങ്ങനെയായിരുന്നു വ്യാപാരികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ. വെള്ളപ്പൊക്കത്തെ നിരന്തരം അഭിമുഖീകരിക്കുന്ന സമൂഹം മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പരിഗണിക്കപ്പെടാതെ പോയാൽ വലിയ ജനവിഭാഗത്തിന്റെ ജീവിതം തകർത്തതിന് സർക്കാർ മറുപടി പറയേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |