SignIn
Kerala Kaumudi Online
Sunday, 26 July 2026 2.58 AM IST

മാനസികാരോഗ്യ കേന്ദ്രം ജയിലാകരുത്

READ ENGLISH VERSION
1

ഒരു പരിഷ്‌കൃത സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്നുവരുന്നതെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ അക്ഷരാർത്ഥത്തിൽ ഞെട്ടലുളവാക്കുന്നതാണ്. രോഗികൾക്കു മരുന്ന് നൽകിയശേഷം മുറികളിൽ പൂട്ടിയിടുകയാണെന്ന് അവിടം സന്ദർശിച്ച ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനും ജസ്‌റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. പൊതുവിഷയങ്ങളിൽ എപ്പോഴും ശ്രദ്ധ പുലർത്തുകയും മാനുഷിക പരിഗണനയോടെയുള്ള വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കണ്ടെത്തലും അവർ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങളും സർക്കാർ അതീവ ഗൗരവത്തോടെ എടുക്കേണ്ടതാണ്. മാനസിക അപഭ്രംശം കാരണം ജീവിതത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുന്ന മനുഷ്യരാണ് ഇത്തരം ചികിത്സാ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നത്. അപ്പോൾ അവർക്ക് ശുശ്രൂഷയും സ്‌നേഹത്തിലൂന്നിയ പരിചരണവും എത്രമാത്രം പ്രധാനമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല.

പക്ഷേ,​ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കണ്ട വേദനിപ്പിക്കുന്ന കാഴ്‌ചകൾ സമൂഹം കാണുകയോ കേൾക്കാതെയോ പോകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പഴയ ചികിത്സാ വിധികളിൽ മാത്രം ഒതുങ്ങാതെ പുതിയ ചിന്തകളും സമീപനങ്ങളും സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഏറ്റവും ഹൃദയഭേദകമായത് രോഗികളുടെ ജീവിതം തന്നെയാണ്. അറ്റൻഡർമാരടക്കം ജീവനക്കാരുടെ എണ്ണം രോഗികളെ പരിചരിക്കാൻ അപര്യാപ‌്‌തമാണ്. അതുകൊണ്ട് രോഗികൾക്ക് മരുന്നു നൽകിയ ശേഷം മുറികളിൽ പൂട്ടിയിടുന്നു. അവർക്ക് ഒരു ചികിത്സാകേന്ദ്രം എന്നതിനു പകരം ജയിലിലെ തടവുകാരുടെ അനുഭവമാണ് അത് നൽകുന്നത്. പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ വിശാലവും തുറസാർന്നതുമായ സ്ഥലങ്ങൾ ഉണ്ടെങ്കിലും രോഗികളെ അവിടേക്ക് കൊണ്ടുപോകാറില്ല. സ്വതന്ത്രമായി പോകാനും ശുദ്ധവായു ശ്വസിക്കാനും അവസരമുണ്ടാകുന്നില്ല. മാനസികാരോഗ്യത്തിനുള്ള മരുന്നുകൾ പൊതുവെ ലഭ്യമല്ല. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള സാധാരണ മരുന്നുകളും കിട്ടാനില്ല. പിന്നെ രോഗികൾ എങ്ങനെ സുഖം പ്രാപിക്കുമെന്നും കോടതി ചോദിക്കുന്നുണ്ട്.

ഇവർ പരിശോധന നടത്തിയ സമയത്ത് കേന്ദ്രത്തിൽ 531 കിടക്കകളും 437 രോഗികളുമാണ് ഉണ്ടായിരുന്നത്. ഇവരിൽ 55 പേർ വിട്ടയയ്ക്കാൻ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടും ഏറ്റെടുക്കാൻ കുടുംബങ്ങൾ തയ്യാറാകാത്ത സാഹചര്യമാണ്. ഇക്കൂട്ടരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിൽ രോഗികളായി വന്നിട്ടുള്ളവർ സമൂഹത്തിന്റെതന്നെ മക്കളും മാതാപിതാക്കളുമാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണമെന്നും കോടതി ഓർമ്മിപ്പിക്കുന്നു. മാനസിക രോഗികളെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതി മാറണം. മരുന്ന് നൽകി രോഗിയെ ജീവനോടെ നിലനിറുത്തിയാൽ മാത്രം പോര. അവരെ പൂർണാരോഗ്യവാനായി മാനസികാരോഗ്യത്തോടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും മാന്യമായി തിരിച്ചെത്തിക്കുന്നതിനുള്ള അവസരം സൃഷ്‌ടിക്കുകയും വേണം.

മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് എന്തുമാകാം എന്ന സമീപനം പാടില്ല.ഇവരെ പരിചരിക്കാനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണം.ചില

സിനിമകളിൽ കാണുന്നതുപോലെ മാനസിക രോഗികളോട് ക്രൂരമായി പെരുമാറാനുള്ള സാഹചര്യം സൃഷ്ടിക്കരുത്.കൃത്യമായ മേൽനോട്ടവും നിരീക്ഷണവും നടത്താൻ ചികിത്സാ കേന്ദ്രത്തിന് നേതൃത്വം നൽകുന്നവർ തയ്യാറാവണം. മുമ്പ് പലതവണ വന്ന റിപ്പോർട്ടുകളെപ്പോലെ ഈ റിപ്പോർട്ടും അവഗണനയുടെ ചവറ്റുകുട്ടയിലേക്കു പോകരുത്. സമർത്ഥനായ ആരോഗ്യവകുപ്പ് മന്ത്രിയാണ് നമുക്കുള്ളത്. പ്രശ്‌നങ്ങൾ മനസിലാക്കി എത്രയും വേഗം തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. മുരളീധരൻ മുൻകൈയെടുക്കുമെന്ന് പ്രത്യാശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY