
തൃശൂർ കയ്‌പമംഗലത്ത് ദേശീയപാത 66ൽ സംഭവിച്ച അപകടത്തിൽ തമിഴ്‌നാട്ടുകാരായ എട്ട് എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കേരളത്തെ ഏറെ ദുഃഖിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌ത ഒന്നാണ്. ദേശീയപാതയുടെ പണി തുടങ്ങിയതിനുശേഷം കുഴിയിൽ വീണും അശ്രദ്ധമായി ബോർഡുകൾ സ്ഥാപിച്ചതിന്റെ പേരിലും ഉണ്ടായ അപകടങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വഴിവിളക്കുകളും സൂചനാ ബോർഡുകളും സ്ഥാപിക്കാത്തതും റോഡരികിലെ ലോറികളുടെയും മറ്റും അനധികൃത പാർക്കിംഗുമാണ് മിക്ക അപകടങ്ങൾക്കും ഇടയാക്കുന്നത്. ഓരോ വർഷം കഴിയുമ്പോഴും റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്. ഏറ്റവും ഒടുവിലത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 1990ൽ കേരളത്തിലുണ്ടായിരുന്നത് 6,48,000 മോട്ടോർ വാഹനങ്ങളായിരുന്നു. 2024- 25ൽ അത് 1,81,97,585 ആയി ഉയർന്നിരിക്കുന്നു. ഏതാണ്ട് 28 മടങ്ങ് വർദ്ധന.
അതേസമയം ഇതനുസരിച്ച് റോഡുകളുടെ വീതിയിലും ദൈർഘ്യത്തിനും മാറ്റം വന്നിട്ടുള്ളത് അര മടങ്ങ് മാത്രമാണ്. ദേശീയപാതയിലടക്കം ഇരുചക്ര വാഹനയാത്രക്കാർക്ക് ഏറ്റവും കൂടുതൽ അപകടം സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങളുടെ ഈ ക്രമാതീതമായ വർദ്ധനവാണെന്നത് കാണാതിരിക്കാനാവില്ല. ദേശീയപാതയുടെ നിർമ്മാണം മുൻ നിശ്ചയിച്ച കാലാവധിയും കഴിഞ്ഞ് ഇഴഞ്ഞുനീങ്ങുന്നതും അപകടങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നു. റോഡിൽ പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് ലോറി നിറുത്തിയിട്ടിരുന്നതാണ് കയ്‌പമംഗലത്തെ അപകടത്തിന് ഇടയാക്കിയത്. കൊടുങ്ങല്ലൂർ ഭാഗത്തേക്ക് അതിവേഗത്തിൽ പാഞ്ഞുപോയ കാർ, ലോറിയുടെ പിന്നിൽ ഇടിച്ച് തകരുകയായിരുന്നു. ദേശീയപാതയിൽ വാഹനങ്ങൾ പല സ്ഥലത്തും വഴിതിരിച്ച് വിടാറുണ്ട്. ഇതിന് പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ നിർമ്മാണക്കമ്പനിക്കാരുടെ ഭാഗത്തുനിന്നാണ് ഉറപ്പാക്കേണ്ടത്. ഇത് പലയിടത്തും പാലിക്കാറില്ല.
സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഇതൊക്കെ അറിയാമെങ്കിലും ദൂരെ സ്ഥലങ്ങളിലും അന്യനാടുകളിൽ നിന്നും വരുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇത് അറിയാനാവില്ല. കയ്‌പമംഗലത്ത് വഴി തിരിച്ചുവിടുന്ന ദിശാസൂചിക സ്ഥാപിച്ചിരുന്നെങ്കിലും അത് മറയ്ക്കുന്ന രീതിയിലാണ് ലോറികൾ പാർക്ക് ചെയ്‌തിരുന്നത്. ഇതോടെ വലതുവശത്തെ ട്രാക്കിലൂടെ പാഞ്ഞുവന്ന കാർ ഇടതുവശത്തേക്കാണ് തിരിയേണ്ടതെന്ന് മനസിലാക്കാതെ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ ലോറി കിടക്കുന്നതും കാണാനായില്ല. അതിനാൽ ഈ അപകടത്തിന് കാറിന്റെ അമിത വേഗതയെ മാത്രം കുറ്റം പറയുന്നത് നീതീകരിക്കാനാവുന്നതല്ല. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവവും അനാസ്ഥയും അപകടത്തിന് വഴിവച്ച കാരണങ്ങൾ തന്നെയാണ്. കയ‌്‌പമംഗലത്തെ അപകടം നമ്മുടെ ദേശീയപാതാ നിർമ്മാണത്തിലും ട്രാഫിക് പരിപാലനത്തിലും നിലനിൽക്കുന്ന ഗുരുതരമായ വീഴ്ചകളുടെയും നിയമലംഘനങ്ങളുടെയും നേർചിത്രം കൂടിയാണ്.
ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അത് കണ്ടെത്തി പരിഹരിക്കേണ്ട ചുമതല കേരളത്തിലെ ട്രാഫിക് പൊലീസ് വിഭാഗവും ഏറ്റെടുക്കേണ്ടതാണ്. ട്രാഫിക് തടസപ്പെടുത്തുന്ന രീതിയിൽ ദേശീയപാതയ്ക്ക് അരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല. അപകടത്തിനുശേഷം മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന അന്വേഷണ സമിതികളും സുരക്ഷാ പരിശോധനകളും കൊണ്ടുമാത്രം കാര്യമില്ല. സ്ഥിരമായി ഇത് ഉറപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. അതുപോലെ തന്നെ രാത്രികാലങ്ങളിലെ വിശ്രമമില്ലാതെയുള്ള ദീർഘദൂര യാത്ര ഒഴിവാക്കാൻ വാഹന ഉടമകളും ശ്രദ്ധിക്കേണ്ടതാണ്. കയ്പമംഗലത്തെ അപകടത്തിന് പിന്നാലെ കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് ദാരുണാന്ത്യം ഉണ്ടായി. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികളും ഡ്രൈവർമാരും ഒരുപോലെ ഉത്തരവാദിത്വം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |