
സർക്കാരുകളുടെ വിവിധ വകുപ്പുകൾ രൂപീകരിച്ചിരിക്കുന്നത് ഭരണ സൗകര്യം ഉറപ്പാക്കാനാണ്. ഇതിൽ ഒരു വകുപ്പിന് പ്രതിസന്ധി നേരിട്ടാൽ ആ വകുപ്പു തന്നെ സ്വന്തം നിലയിൽ പരിഹരിക്കണം എന്ന മുൻവിധി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഇത് ശരിയല്ല. ഓരോ വകുപ്പിനും സാമ്പത്തികമായും ഭരണപരമായും മറ്റും ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ സഹകരണത്തോടെ എളുപ്പത്തിൽ കഴിയുന്നതാണ്. ഇനി അതുകൊണ്ടും കഴിഞ്ഞില്ലെങ്കിൽ സ്വകാര്യ മേഖലയുടെ സഹായവും തേടാവുന്നതാണ്. അതിലൊന്നും ഒരു തെറ്റുമില്ല. കാരണം സർക്കാരും വകുപ്പുകളും സ്വകാര്യ മേഖലയുമൊന്നും വേറിട്ട് നിൽക്കേണ്ട കമ്പാർട്ടുമെന്റുകളല്ല. എല്ലാം നിലനിൽക്കുന്നത് ആത്യന്തികമായി ജനജീവിതം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ തന്നെയാണ്. ഈ ആശയം സ്വീകരിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി എടുത്ത സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യാമെന്ന തീരുമാനം വളരെ സ്വാഗതാർഹമാണ്.
വലിയ പ്രതിസന്ധികൾ അതല്ലാതായി മാറുന്നത് കൂട്ടായി നേരിടുമ്പോഴാണ്. സാമ്പത്തികമായ പ്രതിസന്ധി ഇല്ലാത്ത ഒരു കാലഘട്ടം കെ.എസ്.ആർ.ടി.സിക്ക് പല കാരണങ്ങളാൽ ഉണ്ടായിട്ടില്ല. എല്ലായ്‌പ്പോഴും സർക്കാർ സഹായത്തിനായി കൈനീട്ടുന്ന ഒരു വകുപ്പായാണ് കെ.എസ്.ആർ.ടി.സിയെ കാലാകാലങ്ങളായി ഭരണതലപ്പത്തുള്ളവർ പോലും വീക്ഷിച്ചുവരുന്നത്. ജനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യാമെന്ന ആശയത്തിന്റെ കടന്നുവരവോടെ കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ വിജയകരമാകാൻ പോകുന്ന ഒരു പുതിയ പാതയാണ് തുറക്കപ്പെടുന്നത് എന്നുതന്നെ പ്രതീക്ഷിക്കാം. ഗ്രാമീണ മേഖലകളിൽ മികച്ച യാത്രാസൗകര്യം പ്രദാനം ചെയ്യുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനും ഈ കർമ്മ പദ്ധതി സഹായകമാകും. ഇതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കെ.എസ്.ആർ.ടി.സി പുറത്തിറക്കിയിരിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ളബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന ചെയ്യാം. പുതിയ കെട്ടിലും മട്ടിലുമുള്ള ബസുകളാണ് ഇനി വാങ്ങേണ്ടത്. എ.സി ഇല്ലാത്ത ഒരു കാറും കമ്പനികൾ ഇറക്കുന്നില്ല. അതുപോലെ എ.സിയും നല്ല കുഷ്യൻ സീറ്റുകളും മറ്റുമുള്ള കാണാൻ ചേലും അതോടൊപ്പം പ്രവർത്തന മികവും പുലർത്തുന്ന വണ്ടികൾ നിരത്തിലിറക്കിയാലേ കെ.എസ്.ആർ.ടി.സിയുടെ മുഖം മാറൂ. അതിനാൽ ഒന്നോ അതിലധികം പേർക്കും ചേർന്നും ബസുകൾ വാങ്ങിത്തരാമെന്ന വ്യവസ്ഥയും കെ.എസ്.ആർ.ടി.സി മടികൂടാതെ സ്വീകരിക്കേണ്ടതാണ്. വനിതകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ പ്രിയദർശിനി സർവീസിന്റെ വരവോടെ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് കെ.എസ്.ആർ.ടിസിയോടുള്ള സമീപനം തന്നെ മാറിയിരിക്കുകയാണ്.
ഈ അനുകൂല സാഹചര്യം പുതിയ ആശയം വിജയിക്കാനുള്ള അടിത്തറ ഒരുക്കുമെന്ന് കരുതാം. ബസുകൾ സ്പോൺസർ ചെയ്യുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി പരസ്യങ്ങൾ നൽകാം. വിദേശ രാജ്യങ്ങളിലെ ബസുകളിലും ഇത്തരം പരസ്യങ്ങൾ സ്വീകരിക്കാറുണ്ട്. ഇതിനായി ഇലക്ട്രോണിക് ബോർഡുകൾ ബസുകളിൽ വയ്ക്കുന്നതും പരിഗണിക്കാവുന്നതാണ്. പൊതുഗതാഗതം വേണ്ട രീതിയിൽ ആധുനീകരിച്ച് അവതരിപ്പിച്ചാൽ അത് ആകർഷണീയമാവും എന്ന് തെളിയിച്ചത് മെട്രോ ട്രെയിനുകളാണ്. കുറഞ്ഞ നിരക്കിൽ സുഖകരമായ യാത്ര പ്രദാനം ചെയ്താൽ, പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഇന്ധന വില കയറിപ്പോകുന്ന ഇക്കാലത്ത് കെ.എസ്.ആർ.ടി.സിയുടെ വികസനവും പുരോഗതിയും നാട്ടുകാരുടെ കൂടി ഒരു ആവശ്യമായി മാറുമെന്നും അതിന് ഇത്തരം പുതിയ ആശയങ്ങൾ ഇനിയും ഉയർന്നുവരുന്നതും നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |