SignIn
Kerala Kaumudi Online
Thursday, 10 September 2026 2.37 AM IST

യോഗ്യതയില്ലാത്തവരെ അദ്ധ്യാപകരാക്കരുത്

a

വിദ്യാഭ്യാസ രംഗത്തിന്റെ തകർച്ച ഒരു രാജ്യത്തിന്റെ തന്നെ ഭാവിയെ ഇരുളിലാക്കാൻ പോന്നതാണ്. ബ്രിട്ടീഷുകാരുടെ വരവിന് ശേഷമാണ് ഇന്ത്യയിൽ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സമീപിക്കാവുന്ന ഒന്നായി മാറിയത്. അതിനു മുമ്പ് വിദ്യാലയങ്ങളുടെ എണ്ണം വളരെ പരിമിതമായിരുന്നു. രാജാക്കന്മാരുടെയും മറ്റും മേൽനോട്ടത്തിൽ നടന്നുവന്ന പള്ളിക്കൂടങ്ങളിൽ താഴ്‌ന്ന വിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അനൗപചാരിക വിദ്യാഭ്യാസ രീതികളാണ് കൂടുതലും നിലനിന്നിരുന്നത്. അവിടെയും താഴ്‌ന്ന വിഭാഗക്കാരെ അകറ്റിനിറുത്തിയിരുന്നു. പുരാതനകാലം മുതൽ എല്ലാവർക്കും ഉന്നതമായ വിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള അവസരം പ്രദാനം ചെയ്‌തിരുന്നെങ്കിൽ ഭാരതത്തിന്റെ ശക്തിയും മാഹാത്മ്യവും ഇന്നുള്ളതിന്റെ പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു.

ബ്രിട്ടീഷുകാരുടെയും മിഷണറിമാരുടെയും സാമൂഹ്യ സാമുദായിക കൂട്ടായ്മകളുടെയും മറ്റും നേതൃത്വത്തിൽ വിദ്യാലയങ്ങൾ ഉയർന്നു വന്നപ്പോഴും അവിടങ്ങളിലെ വിദ്യാഭ്യാസ നിലവാരം വളരെ ഉയർന്നതായിരുന്നു. ഇതിനിടയാക്കിയത് പണ്ഡിതന്മാരായ അദ്ധ്യാപകരുടെ ത്യാഗനിർഭരമായ സേവനങ്ങളുടെ ഫലമായാണ്. ഇന്നാകട്ടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലവാരം കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണം അദ്ധ്യാപകരുടെ അറിവിലും സേവന സന്നദ്ധതയിലും യോഗ്യതയിലും മറ്റും ഉണ്ടായ കുറവുതന്നെയാണ്. അത്തരമൊരു തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് പ്രസക്തമാകുന്നത്. അസാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചുകൊണ്ട്, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ആരെയും അദ്ധ്യാപക തസ്തികകളിൽ നിയമിക്കരുതെന്ന കോടതിയുടെ നിർദ്ദേശം രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.

സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണം വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്ന സമ്പ്രദായം നാട്ടുനടപ്പായതോടെ യോഗ്യതയും അദ്ധ്യാപകനെന്ന നിലയിൽ വേണ്ട മറ്റ് ഗുണങ്ങളുമല്ല നിയമനത്തിന് ഉപാധിയാകുന്നത്. ആവശ്യപ്പെടുന്ന പണം നൽകുന്നയാൾക്ക് മറ്റ് കുറവുകൾ ഉണ്ടെങ്കിൽപോലും അദ്ധ്യാപക തസ്തികയിൽ പ്രവേശിക്കാനാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ നിലവാരം ചോരാൻ വലിയ രീതിയിൽ ഇടയാക്കിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. വിദ്യാഭ്യാസാവകാശ നിയമം, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ നിയമം, യു.ജി.സി നിയമം എന്നിവ നിഷ്‌കർഷിക്കുന്ന യോഗ്യതയില്ലാത്തവരെ സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകരായി നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. സുതാര്യവും മത്സരാധിഷ്ഠിതവുമായ നടപടിക്രമങ്ങളിലൂടെയല്ലാതെ നിയമിക്കപ്പെടുന്നവരെ സർക്കാർ ശമ്പളം നൽകി സ്ഥിരപ്പെടുത്തുന്നത് ഭരണഘടനയുടെ തുല്യതാ വകുപ്പുകൾക്ക് എതിരാണെന്നു കാട്ടി രാജേഷ് ചൗഹാൻ എന്ന വ്യക്തി നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്.

എന്തിനാണ് യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതെന്നും വിദ്യാർത്ഥികളുടെ ഭാവിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത്തരം സംവിധാനങ്ങൾ ഭാവി തലമുറയെ തകർക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് എവിടെയും യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ നിയമനം കാത്ത് നിൽക്കുമ്പോൾ അവരെ പരിഗണിക്കാതെ താത്‌കാലിക ക്രമീകരണങ്ങൾ വഴി യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്ന രീതിയാണ് നിലനിൽക്കുന്നത്. ഇത് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ മൊത്തത്തിലുള്ള മൂല്യച്യുതിക്ക് ഇടയാക്കുമെന്ന് പല വിദ്യാഭ്യാസ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നത് അവരുടെ മൗലികാവകാശമാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം മികച്ച രീതിയിൽ പരിശീലിപ്പിക്കപ്പെട്ട യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കുക എന്നത് തന്നെയാണ്. അതിനാൽ ഇതുസംബന്ധിച്ച ഉന്നത കോടതിയുടെ വിധി രാജ്യത്തിന്റെ നാളെയെക്കുറിച്ചുള്ള ദീർഘവീക്ഷണം കൂടി ഉൾപ്പെട്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY