SignIn
Kerala Kaumudi Online
Friday, 11 September 2026 1.36 AM IST

ചരിത്ര നായകന് നവതി പുണ്യം

k

നവോത്ഥാന കേരള ചരിത്രത്തിൽ ഇതിഹാസ തുല്യം പ്രശോഭിക്കുന്ന മഹാപ്രസ്ഥാനമാണ്, യുഗപ്രഭാവനായ

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ സംസ്ഥാപിതമായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ഇരുകാലി മൃഗങ്ങളെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ടിരുന്ന അവശരും

അടിച്ചമർത്തപ്പെട്ടവരുമായ വലിയൊരു ജനസമൂഹത്തിന്റെ കണ്ണീരിനും പ്രാർത്ഥനയ്ക്കും സിദ്ധിച്ച പുണ്യം.

സാമൂഹിക നീതിക്കും അവകാശ സംരക്ഷണത്തിനും നവോത്ഥാന മുന്നേറ്റത്തിനും വേണ്ടി ഇത്രത്തോളം അടരാടിയ

മറ്റൊരു പ്രസ്ഥാനം കേരള ചരിത്രത്തിലില്ല. പിന്നാക്കം നിൽക്കുന്ന മുഴുവൻ മനുഷ്യരുടെയും ആശ്രയവും

ആവേശവുമായ യോഗത്തിന്റെ ആദ്യ സാരഥിയായിരുന്നു ഗുരുദേവൻ. പിൻഗാമികളായ മഹാരഥന്മാരുടെ കാർമ്മികത്വത്തിൽ നടന്ന പോരാട്ടങ്ങളും, നേടിയെടുത്ത അവകാശങ്ങളും ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമാണ്.

അറിവിനെക്കാൾ വലിയൊരു ബ്രഹ്മാസ്ത്രമില്ലെന്ന് ഗുരുദേവൻ ലോകത്തെ പഠിപ്പിച്ചു. അനാചാരങ്ങൾക്കും

അന്ധവിശ്വാസങ്ങൾക്കും എതിരായ ഗുരുവിന്റെ അശ്വമേധത്തിനുള്ള അശ്വം വിദ്യയായിരുന്നു. സംഘടിച്ച് ശക്തരാവാനും, വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുസന്ദേശം ശിരസാ വഹിച്ച് യോഗത്തിന്റെയും, യോഗത്തിൽ പിറവി കൊണ്ട ശ്രീനാരായണ ട്രസ്റ്റിന്റെയും അമരക്കാരനായി മൂന്നു പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ഇത് ഗുരു കൽപ്പിതമായ ചരിത്ര നിയോഗം. അന്യർക്ക് ഗുണം ചെയ്യുന്നതിന് ആയുസ്സും വപുസും ബലി ചെയ്ത ഗുരുദേവന്റെ കാൽപ്പാടുകൾ പിന്തുടർന്ന്, അധ:സ്ഥിത ജനതയ്ക്ക് നിശ്ചയദാർഢ്യവും ദിശാബോധവും പകരുന്ന അനിഷേദ്ധ്യ നായകൻ വെള്ളാപ്പള്ളി നടേശൻ ധന്യജീവിതത്തിന്റെ നവതിയിലേക്ക് കാലൂന്നുകയാണ്.

ഭ്രാന്താലയമായിരുന്ന കേരളത്തെ നവോത്ഥാനത്തിന്റെ ശ്രീകോവിലാക്കിയ ചരിത്രവുമായി ഒന്നേകാൽ നൂറ്റാണ്ടിലേക്ക്

നടന്നടുക്കുന്ന എസ്.എൻ.ഡി.പി യോഗം, വെള്ളാപ്പള്ളിയുടെ സാരഥ്യത്തിൽ കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കേരളത്തിന്

പകർന്നു നൽകിയത് സംഘടനാ മികവിന്റെ പുതിയ പാഠങ്ങളാണ്; സംവരണം ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി

അധികാരി വർഗത്തിന്റെ മുഖം നോക്കാതെയും, അവർക്കു മുന്നിൽ നട്ടെല്ല് വളയ്ക്കാതെയും നടത്തിയ നിരന്തര

പോരാട്ടങ്ങളുടെ സാക്ഷിപത്രമാണ്. അന്ധകാരത്തിലാണ്ടിരുന്ന പിന്നാക്ക ജനതയെ അക്ഷര വെളിച്ചത്തിലേക്കു നയിച്ച്

ആത്മാഭിമാനം പകരുന്നതിലും,​ ഉന്നത വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പടവുകൾ കയറാൻ അവരെ

പ്രാപ്തരാക്കുന്നതിലും എസ്.എൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കർ നൽകിയ

സംഭാവനകൾ നിസ്തുലമാണ്. പിന്നീട്, നിയമക്കുരുക്കുകളിൽപ്പെട്ട് റിസീവർ ഭരണത്തിൽ നിർജീവാവസ്ഥയിലായിരുന്ന

എസ്.എൻ ‌ട്രസ്റ്റിന് പുതു ശോഭയും ചൈതന്യവും പകർന്നതും, നിതാന്ത പരിശ്രമത്തിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സുവർണ കാലഘട്ടം തീർക്കാനായതും വെള്ളാപ്പള്ളി നടേശന്റെ ചടുലവും കർമ്മധീരവുമായ നേതൃത്വത്തിലാണ്.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനും, സ്വന്തം കാലിൽ നിന്ന് വരുമാനം

നേടുന്നതിനും വെള്ളാപ്പള്ളി നടേശൻ തുടക്കം കുറിച്ച മൈക്രോ ഫിനാൻസ് പദ്ധതി ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ

വിപ്ലവമായി മാറി. കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടിയും, കൂരമ്പുകളെ തൃണവൽഗണിച്ചുമായിരുന്നു സമുദായ, സംഘടനാ പ്രവർത്തനങ്ങളിൽ അടിപതറാതെയുള്ള വെള്ളാപ്പള്ളി നടേശന്റെ മൂന്നു പതിറ്റാണ്ട് നീണ്ട പ്രയാണം. എങ്ങുമുള്ള ജനചിത്തങ്ങളെ ഇണക്കിയും പ്രസരിപ്പിച്ചും മുന്നേറുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് പുതുജീവനും

ചൈതന്യവും പകർന്നു നൽകി. ഗുരുദേവൻ സ്ഥാപിച്ച യോഗത്തെ ഏറ്റവും കൂടുതൽ കാലം നയിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം. സാമൂഹിക സേവനത്തിന് രാഷ്ട്രം പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ

നൽകി ആദരിച്ച, പിന്നാക്ക ജനതയുടെ പകരക്കാരനില്ലാത്ത അമരക്കാരന് ഞങ്ങൾ നവതി മംഗളാശംസകൾ നേരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPALLY NATESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY