SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.57 AM IST

നദികളിലെ മണൽ നീക്കണം

READ ENGLISH VERSION
1

മണൽ നീക്കി, കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ അഭിപ്രായം ഗൗരവമായി വിലയിരുത്തി സർക്കാർ അടിയന്തര നടപടി ത്വരിതപ്പെടുത്തേണ്ടതാണ്. നേപ്പാളിലെയും മറ്റും പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ അഭിപ്രായത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത വേളയിലാണ് കേരളത്തിനോട് വിനീതമായ ഒരു അഭ്യർത്ഥന എന്ന ആമുഖത്തോടെ ഉപരാഷ്ട്രപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നദികളിലെയും ഡാമുകളിലെയും വർഷങ്ങളായി അടിഞ്ഞുകിടക്കുന്ന മണലും ചെളിയും നീക്കിയാൽ തന്നെ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ ഒരു വലിയ പരിധിവരെ രക്ഷിക്കാനാവും. നദികളുടെ ആഴം കൂട്ടേണ്ട ആവശ്യകത എം.പിമാരോട് പറഞ്ഞിട്ടുണ്ടെന്ന് പ്രസംഗത്തിൽ ഉപരാഷ്ട്രപതി എടുത്തു പറയുകയും ചെയ്‌തു.

മണൽ നീക്കുന്നതിന് കോടതി ഉത്തരവുകൾ തടസമാണെങ്കിൽ അതു നീക്കാൻ കോടതിയെ വസ്‌തുതകൾ ബോദ്ധ്യപ്പെടുത്തണം. പത്ത് വർഷം മുൻപുള്ള നദിയുടെ ആഴവും ഇന്നത്തെ ആഴവും കണക്ക് സഹിതം വ്യക്തമാക്കണം. രാഷ്ട്രീയവത്‌കരിച്ച് ഒരു വിഷയത്തിലും അന്ധമായ സമീപനം സ്വീകരിക്കാൻ പാടില്ല. അത് നാടിന്റെ വികസന താത്‌‌‌പര്യങ്ങൾ ഹനിക്കപ്പെടാൻ ഇടയാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ നദികളിൽ കഴിഞ്ഞ എട്ട് വർഷമായി അടിഞ്ഞുകൂടിയിട്ടുള്ള വലിയ തോതിലുള്ള മണൽ ശേഖരം ഇനിയും നീക്കം ചെയ്‌തിട്ടില്ല. വൈകിയാണെങ്കിലും ഇത് നീക്കുമെന്നുള്ള സർക്കാർ തീരുമാനം അടുത്തിടെ ഉണ്ടായത് സ്വാഗതാർഹമാണ്. 2018ലെ പ്രളയത്തിന് ശേഷം നദികളിലും ഡാമുകളിലും വലിയ തോതിൽ മണലും എക്കലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് മഴക്കാലത്ത് ഒഴുക്ക് തടസപ്പെടുത്തുകയും തീരങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ശാസ്‌ത്രീയമായ മണൽ നീക്കങ്ങൾ കേരളത്തിൽ പ്രളയ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ 36 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിംഗിൽ 17 നദികളിൽ ഖനനം ചെയ്യാവുന്ന രീതിയിൽ മണൽ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സർക്കാരിന്റെ മേൽനോട്ടത്തിലും കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമായും വേണം മണൽ നീക്കം അനുവദിക്കേണ്ടത്. ശാസ്‌ത്രീയമായ രീതിയിലല്ലാത്ത മണൽ വാരൽ നദികളുടെ നാശത്തിന് തന്നെ ഇടയാക്കുമെന്ന പരിസ്ഥിതിവാദികളുടെ ആശങ്കയും പരിഗണിക്കപ്പെടണം.

മണൽ നീക്കുന്നത് വെള്ളപ്പൊക്ക പ്രതിരോധത്തിന് ഉതകുന്നതിനൊപ്പം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം നേടിത്തരുന്നതുമാണ്. ഇങ്ങനെ വാരുന്ന മണൽ സർക്കാരിന്റെ നിർമ്മിതികൾക്ക് ഉപയോഗിക്കുന്നതിനൊപ്പം സ്വകാര്യ ആവശ്യങ്ങൾക്ക് വിൽക്കുകയുമാവാം. അതോടൊപ്പം ഔദ്യോഗിക ഖനനത്തിന്റെ മറവിൽ നദികളെ കൊള്ളയടിക്കാനുള്ള നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ അനുവദിക്കരുത്. അതാത് ജില്ലകളിലെ കളക്ടർമാർ ജി.പി.എസ്, സാറ്റലൈറ്റ് സർവേ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇക്കാര്യം ഉറപ്പാക്കണം.

സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരൽ ജനുവരിയിൽ തുടങ്ങുമെന്ന് റവന്യു മന്ത്രി എ.പി.അനിൽകുമാർ വ്യക്തമാക്കിയത് സംബന്ധിച്ച വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണൽ വാരലിൽ ചുമതല റവന്യു വകുപ്പിനാണ്. തദ്ദേശം, ജലവിഭവം, വ്യവസായം, പരിസ്ഥിതി വകുപ്പുകളുടെ സഹകരണവും ആവശ്യമാണ്. ഇതിനായി ഈ വകുപ്പുകളിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. ഇല്ലെങ്കിൽ ഒരു വകുപ്പ് നടപടികളുമായി പോകുമ്പോൾ മറ്റൊരു വകുപ്പ് അതിനെ തടയുന്ന പ്രവണത പല തവണ കേരളത്തിൽ ആവർത്തിച്ചിട്ടുള്ളതാണ്. മണൽ വാരൽ പദ്ധതി സുതാര്യമായി വേണം നടപ്പാക്കാൻ. നദികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാവണം പ്രഥമ പരിഗണന നൽകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY