SignIn
Kerala Kaumudi Online
Friday, 07 August 2026 2.16 AM IST

പറഞ്ഞാൽ പോരാ; മണൽ വാരണം

ss

കനത്ത മഴയിൽ വളരെ പെട്ടെന്നുതന്നെ നദികൾ കരകവിഞ്ഞ് ഒഴുകുന്നതാണ് കേരളത്തിൽ വെള്ളപ്പൊക്കം ആവർത്തിച്ച് സംഭവിക്കുന്ന ഒരു പ്രതിഭാസമായി മാറാൻ കാരണമായിരിക്കുന്നത്. ചെറിയ മഴ പെയ്‌താൽപോലും നദികൾ നിറയുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിന്റെ ഫലമായി ഡാമുകൾ പരിധിക്കപ്പുറം നിറയുകയും തുറന്നുവിടേണ്ട സ്ഥിതി സംജാതമാവുകയും ചെയ്യും. ഡാമുകൾ തുറക്കുന്നതിനൊപ്പം മഴ കനക്കുകയും കൂടി ചെയ്യുമ്പോഴാണ് കരകൾ വെള്ളത്തിൽ മുങ്ങുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്യുന്നത്. കേരളത്തിലെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടി കിടക്കുന്ന മണലും ചെളിയും നീക്കം ചെയ്‌താൽ അടിക്കടി ഉണ്ടാകുന്ന പ്രളയ നഷ്ടങ്ങളിൽ നിന്ന് ഒരു വലിയ പരിധി വരെ കേരളത്തിന് രക്ഷപ്പെടാനാകും. കേരളത്തിലെ നദികളിൽനിന്ന് വാരാനുള്ള മണ്ണ് ഏതാണ്ട് 27 ലക്ഷം ടൺ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായിട്ടുള്ള 18 നദികളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സാൻഡ് ഓഡിറ്റിംഗിലാണ് ഇത്രയധികം ചെളിയും മണ്ണും അടിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്.

2018ൽ നടന്ന പ്രളയത്തിനു ശേഷമാണ് സാൻഡ് ഓഡിറ്റിംഗ് നടത്തിയത്. ഇത് ഉടനടി നീക്കണമെന്ന് നിർദ്ദേശിച്ചിരുന്നതാണെങ്കിലും ഇതുവരെ അത് കാര്യക്ഷമമായി നടപ്പായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ ഇരുപത്തഞ്ചോളം പേർക്കാണ് ജീവനാശം സംഭവിച്ചത്. നൂറുകണക്കിന് വീടുകൾക്ക് ചെറുതും വലുതുമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കോടിക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. പ്രളയ പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ നദികളിലെയും ഡാമുകളിലെയും മണ്ണ് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുകയാണ്.

ഇത്തരം പ്രഖ്യാപനങ്ങൾ ഭരണാധികാരികൾ നേരത്തെയും നടത്തിയിട്ടുള്ളതാണെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മയാൽ തടസപ്പെട്ട അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഇതിനൊരു പരിഹാരം കണ്ടെത്തിയേ തീരൂ. മണൽ വാരുന്നതിന്റെ അനുമതി നൽകേണ്ട വിവിധ വകുപ്പുകളുടെ ഏകോപന സമിതി രൂപീകരിക്കാതെ അത് നടപ്പാക്കുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ തവണ റവന്യു വകുപ്പ് അംഗീകാരം നൽകിയ പദ്ധതി ജിയോളജി വകുപ്പാണ് ഉടക്കുവച്ചത്. സാങ്കേതിക പ്രശ്നം ഉന്നയിച്ച് അവർ അനുമതി നിഷേധിച്ചതോടെ മണൽ വാരൽ പാതിവഴിയിൽ നിൽക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം തട്ടാത്ത രീതിയിൽ 141 ലക്ഷം ഘനമീറ്റർ മണൽ ഖനനം ചെയ്യാൻ നേരത്തേ ശുപാർശ ചെയ്‌തിരുന്നതാണ്. ഇത്രയും മണൽ നീക്കിയാൽ വെള്ളപ്പൊക്ക സാദ്ധ്യത വലിയതോതിൽ കുറയും.

ഓരോ വകുപ്പിൽ നിന്നും മണൽ വാരുന്നതിന് പ്രത്യേകം അനുമതി വാങ്ങേണ്ട നിലവിലുള്ള സ്ഥിതി അവസാനിപ്പിച്ച് ഒരു സിംഗിൾ വിൻഡോ സംവിധാനം സർക്കാർ കൊണ്ടുവരണം. മണൽ വാരുന്ന കരാറുകാർക്ക് അതിന്റെ പണം സർക്കാരിലേക്ക് അടയ്‌ക്കുന്നത് മാത്രമാവണം ബാദ്ധ്യത. എങ്കിൽ മാത്രമേ ഇത് സാദ്ധ്യമാവൂ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങളും സുപ്രീംകോടതിയുടെയും ഹരിത ട്രൈബ്യൂണലിന്റെയും മറ്റും പാരിസ്ഥിതിക നിബന്ധനകൾ പാലിച്ചുവേണം മണൽവാരൽ പുനരാരംഭിക്കാൻ. ഇല്ലെങ്കിൽ കോടതികളുടെയും മറ്റും ഇടപെടൽമൂലം വീണ്ടും പകുതിവഴിക്ക് മുടങ്ങുന്ന സ്ഥിതി ഉണ്ടാകും. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പൊതുതാത്‌പ‌ര്യത്തിന് മണൽ വാരുന്നതാണ് നല്ലത് എന്ന് ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് അത് കർമ്മതലത്തിലേക്ക് എത്തിക്കാനുള്ള സമയബന്ധിത ആക്‌ഷൻ പ്ളാനാണ് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പണമില്ലെന്ന് പറയുന്ന സർക്കാരിന് അതൊരു വലിയ വരുമാനമാർഗമായി മാറുന്നതിനൊപ്പം വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകുകയുമാവാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY