SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.48 AM IST

നടുക്കുന്ന പ്രസ്താവന

rj

സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും പതിറ്റാണ്ടുകളായി നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്.

'സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണം' എന്ന മതനേതാവിന്റെ വാക്കുകൾ ഏറെ നടുക്കത്തോടെയാണ് കേൾക്കേണ്ടി വന്നത്. ഏതു നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പോലും ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. ഒരു മതനേതാവിന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയിൽ മാത്രം ഈ പ്രസ്താവനയെ കാണാനാകില്ല.

സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും പതിറ്റാണ്ടുകളായി നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിറുത്താനുള്ള നിർദ്ദേശങ്ങൾ കേരളത്തിൽ ഉയരുന്നത് ഇതാദ്യമല്ല. എന്നാൽ വിദ്യാഭ്യാസത്തിലും തൊഴിലിലും രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സ്ത്രീകൾ നിർണായക ശക്തിയായി മാറിയിരിക്കുന്ന കാലത്ത് ഇത്തരം പരാമർശങ്ങൾ വീണ്ടും വീണ്ടും ഉയരുന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.

സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചുകൊണ്ട് നിറവേറ്റാനാവില്ല. മറിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായി പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്ട്രീയത്തിൽ പങ്കെടുക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.

ഒരു സ്ത്രീ രാജ്യത്തിന്റെ സർവ്വ സൈന്യാധിപയായി പരമോന്നത ഭരണഘടനാ പദവിയിലെത്തിയിരിക്കുന്ന ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. സ്ത്രീകളെ വീടിന്റെ പരിധിക്കുള്ളിൽ മാത്രം ഒതുക്കണമെന്ന് പറയുന്ന ആശയം ഈ പുതിയ ഇന്ത്യയുടെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയർന്നുവന്ന പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മുസ്ലിം സ്ത്രീകളിൽ നിന്നുതന്നെയുള്ള വിമർശനങ്ങളാണ്. മതത്തിന്റെ പേരിൽ സ്ത്രീകളുടെ ജീവിതപരിധി നിർണയിക്കാനുള്ള ശ്രമങ്ങളെ അവർ ചോദ്യം ചെയ്യുന്നു. ഒരു സ്ത്രീക്ക് പഠിക്കാനും ജോലി ചെയ്യാനും സ്വന്തം വരുമാനം നേടാനും പൊതുപരിപാടികളിൽ പങ്കെടുക്കാനും സാമൂഹികരാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനും അവകാശമുണ്ടാകണം എന്ന ആവശ്യം ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാടായി കാണാനാവില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്.

ഇന്ത്യൻ ഭരണഘടന ഓരോ പൗരനും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. മതവിശ്വാസം പിന്തുടരാനുള്ള അവകാശവും ഭരണഘടന സംരക്ഷിക്കുന്നു. എന്നാൽ മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള അധികാരമായി മാറാൻ പാടില്ല. ഒരു വ്യക്തി സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ സ്വമേധയാ സ്വീകരിക്കുന്നതും അതേ നിയന്ത്രണങ്ങൾ ഒരു സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്.

രാഷ്ട്രീയ മൗനത്തിന്റെ

അർത്ഥമെന്ത്?
കാന്തപുരത്തിന്റെ പ്രസ്താവനയെക്കാൾ ഗൗരവമുള്ള മറ്റൊരു ചോദ്യം അതിനോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണമാണ്. സ്ത്രീസമത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന കോൺഗ്രസ് നേതൃത്വം ഈ പ്രസ്താവനയ്‌ക്കെതിരെ വ്യക്തമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്? മത മൗലികവാദ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുന്ന രാഷ്ട്രീയമാണോ ഈ മൗനത്തിന് പിന്നിൽ?

മുഖ്യമന്ത്രി വി.ഡി.സതീശൻ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കണം. സൗജന്യ ബസ് സർവീസ് നടത്തിയത് കൊണ്ടുമാത്രം സ്ത്രീ സമൂഹത്തെ ശാക്തികരിക്കാൻ കഴിയില്ല. മതപണ്ഡിതരുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് പറഞ്ഞ് രാഷ്ട്രീയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. മത മൗലികവാദ സംഘടനകളുമായി രാഷ്ട്രീയ സന്ധി ചെയ്യുന്ന കോൺഗ്രസ്-യു.ഡി.എഫിന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ഇതാണ് ബി.ജെ.പി നേരത്തെ ചൂണ്ടിക്കാട്ടിയ അപകട രാഷ്ട്രീയം. ഇത് കേരളത്തിലെ കോൺഗ്രസ്-യു.ഡി.എഫ് നേതൃത്വത്തിന്റെ മാത്രം പ്രശ്നമല്ല. മത മൗലികവാദ ശക്തികളെ ഭയപ്പെടുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകളെ പലപ്പോഴും നിയന്ത്രിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ രാഷ്ട്രീയ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുന്നതിനുമായി നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനോട് കോൺഗ്രസിന്റെ സമീപനവും ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് ആത്മാർത്ഥമാണെങ്കിൽ കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലെ നേതൃത്വം മാത്രമല്ല, ദേശീയ കോൺഗ്രസ് നേതൃത്വവും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം.

സി.പി.എമ്മിനും ഈ വിഷയത്തിൽ ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീകളുടെ അവകാശങ്ങളും നവോത്ഥാനവും പുരോഗമനവും പ്രസംഗങ്ങളിൽ മാത്രം ഉയർത്തിപ്പിടിച്ചാൽ പോരാ. മതമൗലികവാദത്തിന്റെ സമ്മർദ്ദത്തിന് മുന്നിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് പ്രായോഗികമായി പ്രകടിപ്പിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് അല്ല സ്ത്രീശാക്തികരണം. അതല്ല നവോത്ഥാനമെന്ന് തുറന്നു സമ്മതിക്കാൻ സി.പി.എം തയ്യാറാവണം അതിനുള്ള ധൈര്യം സി.പി.എമ്മിന് അവശേഷിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.

ആരുടെയും അനുമതി ആവശ്യമില്ല
കേരളത്തിലെ ഓരോ പെൺകുട്ടിക്കും പഠിക്കാനും ആഘോഷിക്കാനും സ്വപ്നം കാണാനും സ്വന്തം ജീവിതം പൂർണ സ്വാതന്ത്ര്യത്തോടെയും അന്തസോടെയും നയിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്. ഈ അവകാശങ്ങൾ ഒരു മതനേതാവിന്റെയോ രാഷ്ട്രീയ നേതാവിന്റെയോ അനുമതിക്ക് വിധേയമാകേണ്ടതല്ല.

മതവിശ്വാസത്തെ ബഹുമാനിക്കുന്നതിനൊപ്പം വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണം. മതവും ഭരണഘടനയും തമ്മിലുള്ള സംഘർഷമായി വിഷയത്തെ അവതരിപ്പിക്കുന്നതിനുപകരം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം പിന്തുടരാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും കഴിയുന്ന ജനാധിപത്യ അന്തരീക്ഷമാണ് സംരക്ഷിക്കേണ്ടത്.

സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് സംരക്ഷണമല്ല. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് യഥാർത്ഥ സംരക്ഷണം. വിദ്യാഭ്യാസം നിഷേധിച്ചല്ല, വിദ്യാഭ്യാസം ഉറപ്പാക്കിയാണ്. ജോലി തടഞ്ഞല്ല, തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ചാണ്. പൊതുവേദികളിൽ നിന്ന് മാറ്റിനിറുത്തിയല്ല, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ സൃഷ്ടിച്ചാണ് സ്ത്രീകളെ മുന്നിലെത്തിക്കേണ്ടത്.

മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സ്ത്രീയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യണം. കേരളത്തിന്റെ പുരോഗതി സ്ത്രീകളെ പിന്നിലാക്കിക്കൊണ്ടല്ല. സ്ത്രീകളെ തുല്യപങ്കാളികളാക്കി മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് യഥാർത്ഥ വികസിത കേരളം സാദ്ധ്യമാകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY