SignIn
Kerala Kaumudi Online
Sunday, 21 June 2026 3.01 AM IST

ചരിത്രം ആവർത്തിക്കുന്നോ ? കരാറുകൾ പിറക്കുന്ന വേഴ്സായ് കൊട്ടാരം

d

ഒരു നൂറ്റാണ്ട് പിന്നിലേക്ക് പോകണം. കൃത്യമായി പറഞ്ഞാൽ 1919. ഇതുപോലൊരു ജൂൺ മാസം (ജൂൺ 28) ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ വേഴ്സാ‌യ് കൊട്ടാരത്തിന്റെ ഹാൾ ഒഫ് മിറേഴ്സിൽ വച്ച് ഒരു സമാധാന ഉടമ്പടി ഒപ്പുവയ്ക്കുകയുണ്ടായി. മാനവരാശി അഭിമുഖീകരിച്ച വിനാശകരമായ ഒന്നാം ലോകമഹായുദ്ധത്തിന് ഔദ്യോഗിക അന്ത്യം കുറിച്ച 'വേഴ്സായ് ഉടമ്പടി'യുടെ ഒപ്പുവയ്ക്കൽ ആയിരുന്നു അത്. യുദ്ധത്തിൽ വിജയിച്ച സഖ്യ ശക്തികളും പരാജയപ്പെട്ട ജർമ്മനിയും തമ്മിലെ സമാധാന വ്യവസ്ഥകളായിരുന്നു ഉടമ്പടിയിൽ.


യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ മൂന്ന് ഭീമൻമാരുടെ ചർച്ചയിലൂടെ ഉടലെടുത്ത ഈ ഉടമ്പടി, ജർമ്മനിയ്ക്ക് മേൽ താങ്ങാനാവുന്നതിലും അപ്പുറം ശിക്ഷകൾ അടിച്ചേൽപ്പിച്ചു. സാമ്പത്തിക, ഭൂമി നഷ്ടങ്ങളും സൈനിക നിയന്ത്രണങ്ങളും ചുമത്തി. യുദ്ധത്തിന്റെയും നാശനഷ്ടങ്ങളുടെയും പൂർണ ഉത്തരവാദിത്വം ജർമ്മനിയുടെ തലയിലായി. അന്ന് വിദഗ്ദ്ധർ പറഞ്ഞിരുന്നു,​ ഈ ഉടമ്പടി ഒരു പരാജയമാണ്. നാശത്തിന് വിത്തുപാകും. കാലം അത് തെളിയിച്ചു. ഉടമ്പടിയുടെ ശിക്ഷാ സ്വഭാവം ജർമ്മനിയെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. ആ മുറിവ് ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലർ എന്ന ഭീകര മനുഷ്യന്റെയും നാസി പാർട്ടിയുടെയും ഉയർച്ചയ്ക്ക് വിത്തുപാകി. രണ്ട് പതിറ്റാണ്ടിനിപ്പുറം രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള പരോക്ഷ കാരണങ്ങളിലൊന്നായി വേഴ്സായ് ഉടമ്പടി മാറുകയും ചെയ്തു.


 ചരിത്രം ആവർത്തിക്കുന്നു

ജൂൺ 17ന്, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല സമാധാന കരാറിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതും വേഴ്സാ‌യ് കൊട്ടാരത്തിലെ ഇതേ ഹാളിൽ വച്ചാണ്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിദ്ധ്യത്തിലാണ് ഒപ്പിട്ടത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാകട്ടെ ടെഹ്റാനിൽ വച്ച് ഡിജിറ്റലായും ഒപ്പിട്ടു.


'ഇസ്ലാമാബാദ് മെമറാണ്ടം' എന്ന് അറിയപ്പെടുന്ന ഈ ഇടക്കാല കരാറിനെ ട്രംപ് പൂർണ വിജയമായി ഉയർത്തിക്കാണിക്കുന്നു. എന്നാൽ, ഇത് മറ്റൊരു വേഴ്സായ് ഉടമ്പടിയായി മാറിയേക്കാം എന്നാണ് സംസാരം. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസിന്റെ ഈ കരാർ വേഴ്സായ് ഉടമ്പടിക്ക് സമാനമായി ഭാവിയിൽ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമോ എന്നാണ് അറിയേണ്ടത്.

 പാളിയ തന്ത്രങ്ങൾ

ബിസിനസുകാരനാണ് ട്രംപെന്ന് നമുക്ക് അറിയാം. രാഷ്ട്രീയത്തിന് അകത്തും പുറത്തും പയറ്റിത്തെളിഞ്ഞ ബിസിനസ് തന്ത്രങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് ട്രംപ് ഇറാൻ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്. വെനസ്വേലയിലെ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെന്ന 'സ്ട്രോംഗ് മാനെ' പുഷ്പം പോലെ വീഴ്ത്തിയത് ഇറാനിലും ക്ലിക്കാകുമെന്ന് ട്രംപ് കരുതി. ഇറാന്റെയുള്ളിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും ഇറാന് പുറത്തുനിന്നുള്ള വിമതരുടെ കലാപ ആഹ്വാനങ്ങളും (പ്രത്യേകിച്ച് യു.എസിൽ കഴിയുന്ന ഇറാൻ മുൻ കിരീടാവകാശി റെസ പഹ്‌ലവിയുടേത്)​ ഭരണകൂട മാറ്റത്തിന് കാരണമാകുമെന്ന് കരുതിയെങ്കിലും തെറ്റി.


യു.എസ്-ഇസ്രയേൽ ആക്രമണം ഉണ്ടായതോടെ ഇറാനിയൻ ജനത ഒറ്റക്കെട്ടായെന്ന് മാത്രമല്ല,​ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്തബാ അധികാരത്തിലേറുകയും ചെയ്തു. ട്രംപിന്റെ ഒന്നാമത്തെ പതനം ഇതായിരുന്നു.


ഇറാന്റെ നേവി,​ ആർമി,​ എയർഫോഴ്സ്,​ മിസൈൽ അങ്ങനെയെല്ലാം പോയെന്ന് ട്രംപ് പറയുന്നു. ശരിക്കും അങ്ങനെയാണോ ?​ ഗൾഫ് രാജ്യങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയും ഇറാൻ പാഞ്ഞടുത്തത് കണ്ടതാണ്. അപ്പോൾ ട്രംപിന്റെ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?​ ഇറാന് സൈനികമായി മുറിവേറ്റെന്നത് സത്യമാണെങ്കിലും അവർ എഴുന്നേൽക്കാനാകാതെ വീണുപോയിട്ടില്ല എന്നതും യാഥാർത്ഥ്യം! ഇപ്പോഴും ഹോർമുസിൽ ഇറാന്റെ വ്യക്തമായ മേൽക്കൈയുണ്ട്. ഹോർമുസിൽ പണപ്പിരിവ് പാടില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുമ്പോഴും, സർവീസ് ചാർജ് ഈടാക്കാനുള്ള പദ്ധതി അവർ തയ്യാറാക്കുന്നു.

 അണുബോംബ് ഒരു ഭീഷണി


ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുകയായിരുന്നു ട്രംപിന്റെ മറ്റൊരു ലക്ഷ്യം. എന്നാൽ അതും വെള്ളത്തിൽ വരച്ച വര പോലെ ആയെന്ന മട്ടാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങളെല്ലാം തവിടുപൊടിയായെന്ന് ട്രംപ് പറയുമ്പോഴും,​ അവരുടെ കൈയ്യിൽ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമുണ്ടെന്നത് ഓർക്കുക. ആണവായുധം നിർമ്മിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യില്ലെന്ന ഇറാന്റെ ഉറപ്പാണ് ഇടക്കാല കരാറിലേക്ക് നയിച്ചത്. യുറേനിയം ശേഖരം നശിപ്പിക്കുന്നത് അടക്കം കാര്യങ്ങളിൽ ഇനി ചർച്ച ചെയ്ത് അന്തിമ കരാറിലെത്തുകയും വേണം.


ഇടക്കാല കരാർ നിലവിലെ ആക്രമണം അവസാനിപ്പിക്കുമെങ്കിലും സുപ്രധാന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഇറാൻ ഉറപ്പ് ലംഘിച്ച് ആണവായുധം നേടിയാലോ? ഈ സാഹചര്യം തടയാനുള്ള ശക്തമായ ഒരു വ്യവസ്ഥ നിലവിലെ കരാറിൽ ഇല്ല. വ്യവസ്ഥ ഇനി ഉണ്ടാകുമോ, ഇറാൻ വഴങ്ങുമോ എന്നൊക്കെ കണ്ടറിയണം. ഇറാന്റെ ആണവശേഷി ശാശ്വതമായി തകർക്കാതെ പ്രശ്നങ്ങളൊന്നും അവസാനിക്കില്ലെന്ന് ഇസ്രയേലിന് അറിയാം. ഇസ്രയേൽ ഇടക്കാല കരാറിന്റെ ഭാഗവുമല്ല. ഫെബ്രുവരി 28ന് ഇസ്രയേലുമായി ചേർന്നാണ് യു.എസ് ഇറാനെ ആക്രമിച്ചത്.

 പെട്ടു പോയി !


ഇപ്പോൾ എങ്ങനെയെങ്കിലും തലയൂരാനുള്ള പെടാപ്പാടിലാണ് യു.എസ്. ട്രംപിന്റെ വാശിക്കും സമ്മർദ്ദത്തിനും മുന്നിൽ ഇറാൻ വഴങ്ങിയില്ലെന്ന് മാത്രമല്ല, അവരുടെ കടുംപിടുത്തത്തിന് മുന്നിൽ യു.എസിന് നിലപാട് മയപ്പെടുത്തേണ്ടിയും ഉപരോധങ്ങളിൽ അടക്കം വമ്പൻ ഇളവുകൾ നൽകേണ്ടിയും വന്നു എന്നത് ഇടക്കാല കരാറിൽ വ്യക്തമാണ്.


ചുരുക്കത്തിൽ, യുദ്ധലക്ഷ്യങ്ങളൊന്നും യു.എസിന് കൈവരിക്കാനിയില്ലെന്നതിന്റെ തെളിവായി കരാർ മാറി. നവംബറിൽ നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പും മങ്ങുന്ന പ്രതിച്ഛായയും ഭീമൻ യുദ്ധച്ചെലവുമൊക്കെ ട്രംപിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അമേരിക്ക സ്വാതന്ത്ര്യം നേടിയതിന്റെ 250 -ാം വാർഷികമാണ് അടുത്ത മാസം.


സ്വന്തം പാർട്ടിക്കാരെയും സഖ്യ രാജ്യങ്ങളെയും അടക്കം വെറുപ്പിച്ചു. ഇറാനെതിരെ ഭീഷണികൾ ആവർത്തിച്ചിട്ടും അവർ ചൊവിക്കൊള്ളാതെ പോയതും നാണക്കേടായി. എന്നിട്ടും സ്വയം സമാധാനത്തിന് ട്രംപ് വീണ്ടും പറയുകയാണ്, ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യൻ ഞാൻ തന്നെ !

 മാക്രോണിന്റെ റിവഞ്ച് ?

1919ലെ ഉടമ്പടിക്ക് വേഴ്സായ് കൊട്ടാരം തിരഞ്ഞെടുക്കാൻ മുൻകൈ എടുത്തത് ഫ്രാൻസാണ്. 1870ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ തോറ്റതിന്റെ പ്രതികാരമായിരുന്നു അത്. ജർമ്മൻ സാമ്രാജ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഇതേ കൊട്ടാരത്തിൽ വച്ചാണ്.

ഇന്ന് ഇറാൻ-യു.എസ് ഇടക്കാല കരാർ വേഴ്സായ് കൊട്ടാരത്തിൽ വച്ച് ഒപ്പിട്ടതിന് പിന്നിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ 'റിവഞ്ച് ' ആണെന്ന് സോഷ്യൽ മീഡിയയിൽ ട്രോളുണ്ട്. കാരണം, മാക്രോണിനെ അധിക്ഷേപിക്കുന്ന തരത്തിൽ ട്രംപ് മുമ്പ് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മാക്രോണിനെ ഭാര്യ മർദ്ദിച്ചെന്ന കഥ പ്രചരിപ്പിക്കുന്നതിലും ട്രംപ് കാട്ടിയ ആവേശം മാക്രോണിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇക്കാരണങ്ങളാൽ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കേണ്ടിയിരുന്ന ഒപ്പിടൽ ചടങ്ങ് മാക്രോൺ വേഴ്സായ് കൊട്ടാരത്തിലാക്കുകയായിരുന്നെന്ന് പ്രചരിക്കുന്നുണ്ട്.

എന്നാൽ, ശരിക്കും മാക്രോണിന് ഇതിൽ പങ്കില്ലെന്നും കൊട്ടാരത്തിൽ മാക്രോണിനൊപ്പം ഔദ്യോഗിക ഡിന്നറിനെത്തിയ ട്രംപ്, മാക്രോണിനെ പോലും ഞെട്ടിച്ച് പെട്ടെന്ന് ഒപ്പിടുകയായിരുന്നു എന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഏതായാലും തന്റെ നയതന്ത്ര ഇടപെടലുകൾക്ക് മാക്രോൺ വേഴ്സായ് കൊട്ടാരത്തെയാണ് പതിവായി തിരഞ്ഞെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VERSAILLERS PALACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY