
ഏഴു വർഷത്തിനു ശേഷം ആഗസ്ത് 5 ഓർമ്മിപ്പിക്കുന്നത്
2019 നു ശേഷമുള്ള ഓരോ ആഗസ്റ്റ് അഞ്ചും ജമ്മു കാശ്മീരിന്റെ വികസന മുന്നേറ്റത്തെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 2019 ആഗസ്റ്റ് 5 നാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഈ സുപ്രധാന ഭരണഘടനാ നീക്കം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പല വിധ തർക്കങ്ങൾക്കും സംവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇതെല്ലാം തുടരുകയും ചെയ്യും. എന്നാൽ ഇതുമായി ബന്ധപ്പെട്ട സവിശേഷ കാര്യം കാശ്മീരിന്റെ വികസനമാണ്.
ഇത് കേവലം രാഷ്ട്രീയമായ അവകാശ വാദങ്ങളുടെ കാര്യമല്ല. മറിച്ച്, റോഡുകൾ, റെയിൽവേ ലൈനുകൾ, വിനോദ സഞ്ചാരികളുടെ വരവ്, ബിസിനസ് സംരംഭങ്ങൾ, ആശുപത്രി വികസനം എന്നിങ്ങനെയുള്ള സാമ്പത്തിക മുന്നേറ്റത്തിന്റെ സൗകര്യങ്ങൾ ഒരുക്കിയതുമായി ബന്ധപ്പെട്ടാണ്. ഇതിന്റെ ഫലമായി ജമ്മു കാശ്മീരിന്റെ സമ്പദ് സ്ഥിതി 2025-26 ൽ 2.86 ലക്ഷം കോടിയായി. പ്രതിവർഷം യഥാർത്ഥ ജി.എസ്.ഡി.പി വളർച്ച 5.82 ശതമാനമായി. ഇതാകട്ടെ, 8.89 ശതമാനമായി ഉയരും എന്നാണ് കണക്കാക്കുന്നത്.2019 - 20 നും 2024 - 25 നും ഇടയിൽ പ്രതിശീർഷ വരുമാനം 1,68,243 രൂപയായി. ഇത് പ്രതിവർഷം 8. 81 ശതമാനം വളർച്ച കാണിക്കുകയും ചെയ്യുന്നു.
എന്നാൽ, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ചു എന്ന് അർത്ഥമാക്കേണ്ടതില്ല. പക്ഷെ സാമ്പത്തിക സ്ഥിതിയിലെ മുന്നേറ്റമാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിൽ ജമ്മു കാശ്മീർ ചർച്ച ചെയ്യപ്പെട്ടത് പ്രാഥമികമായി ഭീകരവാദവും വിഘടന വാദവും പാകിസ്ഥാനും അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു. ഇവിടത്തെ വികസന പ്രശ്നങ്ങൾ തമസ്കരിക്കപ്പെടുകയായിരുന്നു.
എന്നാൽ, ഇന്ന് സ്ഥിതി മാറി. ഇതിന് ഏറ്റവും സഹായകമായത് ഈ ഭൂപ്രദേശവുമായുള്ള കണക്ടിവിറ്റി വർദ്ധിച്ചതാണ്. ഹിമാലയ സാനുക്കൾ വഴി 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉദ്ദംപൂർ-ശ്രീനഗർ -ബാരാമുള്ള റെയിൽവേ ഇതിൽ എൻജിനീയറിംഗ് വിസ്മയം എന്നതിനപ്പുറം പ്രാധാന്യമുളളതാണ്. ഇതിന്റെ മദ്ധ്യത്തിലാണ് 1315 മീറ്റർ നീളമുള്ള ചിനാബ് റെയിൽപ്പാലം . ഇതാകട്ടെ നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ്. ഈഫൽ ഗോപുരത്തേക്കാളും ഉയരത്തിൽ . അതുപോലെ കത്ര - ശ്രീനഗർ വന്ദേഭാരത് ട്രെയിൻ യാത്ര രണ്ടു - മൂന്നു മണിക്കൂർ ലാഭിക്കുന്നുമുണ്ട്.
റോഡു കണക്ടിവിറ്റിയും ഗണ്യമായി മെച്ചപ്പെട്ടു. ' പ്രധാൻ മന്ത്രി സടക് യോജന' യിൽ 17,600 കിലോമീറ്റർ റോഡ് നിർമിച്ചു. ഇത് 2000 ത്തിലേറെ ജനവാസ മേഖലകളെ ബന്ധിപ്പിക്കുന്നതാണ്. 2700 കോടി ചെലവിൽ പണിത സോനാ മാർഗ് തുരങ്കം ഏതു കാലാവസ്ഥയിലും യാത്രയ്ക്ക് ഉതകുന്നതാണ്. 6800 കോടി മുടക്കി പണിതു കൊണ്ടിരിക്കുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള സോജില തുരങ്കം കാശ്മീരും ലഡാക്കും തമ്മിലുള്ള കണക്ടിവിറ്റി കൂടുതൽ വർധിപ്പിക്കും.
കാശ്മീരിന്റെ സമ്പദ് സാധ്യതയുടെ മറ്റൊരു മേഖല ടൂറിസമാണ്. 2024 ൽ ഇവിടെ 2.36 കോടി ടൂറിസ്റ്റുകളെത്തി. മാതാ വൈഷ്ണവി ക്ഷേത്ര സന്ദർശനത്തിനെത്തിയ 94.5 ലക്ഷം തീർത്ഥാടകരും ഇതിലുൾപ്പെടുന്നു. അമർനാഥ് തീർത്ഥാടകർ അഞ്ചു ലക്ഷത്തിലേറെ വരും.എക്കാലത്തും കാശ്മീർ അസാധാരണ സാദ്ധ്യതകളുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. പതിറ്റാണ്ടുകളായി നഷ്ടപ്പെട്ടുകൊണ്ടിരുന്ന സാദ്ധ്യത ഇപ്പോൾ വീണ്ടെടുക്കുകയാണ്. 2025 ലെ പഹൽഗാം ഭീകരാക്രമണം ഇതിനു തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇത് നാം തിരികെ പിടിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ, ടൂറിസത്തെ മാത്രം ആശ്രയിച്ചുള്ളതല്ല കാശ്മീരിന്റെ ഭാവി. പൂകൃഷി വളരെ പ്രധാനമാണ്. ഇതുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധപ്പെട്ട് 35 ലക്ഷം ആളുകളും ഏഴു ലക്ഷം കുടുംബങ്ങളും കഴിയുന്നുണ്ട്. ഇത് കാശ്മീരിന്റെ ജി.എസ്.ഡി.പിയ്ക്ക് 6 മുതൽ 7 ശതമാനം വരെ സംഭാവന ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2024-25 ൽ 500 കോടിയുടെ കച്ചവടമാണ് നടന്നത്.
5013 കോടിയുടെ സമഗ്ര കാർഷിക വികസന പദ്ധതി 29 പ്രോജക്ടുകളിലായി ഇതു കൂടുതൽ വികസിപ്പിക്കുക ലക്ഷ്യമിടുന്നു. ഇത് 2.88 ലക്ഷം സ്ഥിര ജോലി സൃഷ്ടിക്കും. 13 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് രണ്ടര ലക്ഷം യുവാക്കളുടെ നൈപുണ്യ ശേഷി വർധിപ്പിക്കും. 19000 സംരംഭങ്ങൾക്ക് പ്രോത്സാഹനമാകും.
മറ്റൊന്ന് വ്യവസായമാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 2200 ലേറെ വ്യവസായ യൂണിറ്റുകൾ വന്നു. ഇവയിലൂടെ 16000 കോടിയുടെ നിക്ഷേപം വന്നു. ഇത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
എല്ലാത്തിലും പ്രധാനം ധാരാളം ന്യൂ ജെൻ സംരംഭകർ വന്നു. 2020 ൽ കേവലം 69 അംഗീകൃത സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന ഇവിടെ 2025 ഡിസംബറായതോടെ 1255 സ്റ്റാർട്ടപുകളായി വർധിച്ചു. ഇതിൽ 430 എണ്ണം വനിതകളുടേതാണ്.
ആരോഗ്യ പരിപാലനത്തിലും ശ്രദ്ധേയ പുരോഗതിയുണ്ടായി. 2019 ൽ നാലു മാത്രമായിരുന്ന മെഡിക്കൽ കോളജുകളുടെ എണ്ണം 2025 ൽ പതിനൊന്നായി. 500 ആയിരുന്ന എം.ബി.ബി.എസ് സീറ്റുകൾ 1700 ലേറെയായി. രണ്ട് എയിംസും കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചു.കുടിവെള്ള ലഭ്യത വർദ്ധിച്ചു. കാശ്മീരിലെ അഞ്ചിൽ നാല് വീടുകൾക്കും ഇന്ന് ജൽ ജീവൻ പദ്ധതിയിൽ കുടിവെള്ളം ലഭ്യമാണ്.
വിദ്യാഭ്യാസവും സ്പോർട്സും മുന്നേറ്റ പാതയിലാണ്. ജമ്മു ഐ. ഐ.ടിയും ഐ.ഐ.എമ്മും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മെഡിക്കൽ - എൻജിനീയറിംഗ് മേഖല യുവാക്കൾക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. 100 പ്രഖ്യാപിത ഖേലോ ഇന്ത്യ സെന്ററുകൾ പ്രവർത്തിക്കുന്നു.സ്പോർട്സ് മെഡലുകൾക്കപ്പുറം വികസിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ , സ്കീയിംഗ്, മാർഷൽ ആർട്സ് എന്നിവ യുവാക്കൾക്ക് കൂടുതർ പ്രതീക്ഷ നൽകുന്നു.
എന്നാൽ വികസനം രാഷ്ട്രീയത്തിനു പകരമല്ല. 2019 ആഗസ്റ്റ് 5 നു ശേഷം കാശ്മീരിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി എന്നു കണക്കാക്കേണ്ടതില്ല. എന്നാൽ, കാശ്മീറിന്റെ യാത്രയുടെ ദിശാബോധം മാറിയിട്ടുണ്ടോ എന്നതാണ് നോക്കേണ്ടത്. അതിൽ അർത്ഥപൂർണമായ മാറ്റം പ്രകടമാണ്. അടിസ്ഥാന സൗകര്യങ്ങളിലെ വികസനം, തൊഴിൽ വർദ്ധന, മികച്ച കണക്ടിവിറ്റി തുടങ്ങിയവ തീർച്ചയായും കാശ് മീരിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്. ഇതംഗീകരിച്ചേ മതിയാകൂ.
ആഗസ്റ്റ് 5 ന്റെ വിജയം ഡൽഹിയിലെ ഭരണഘടനാവാദങ്ങളിലൂടെ മാത്രമല്ല കാണേണ്ടത്. അത് ശ്രീനഗറിലും, ബാരാമുളളയിലും, കുപ്‌വാരയിലും, അനന്ത നാഗിലും, ജമ്മുവിലുമൊക്കെയുള്ള മനുഷ്യരുടെ ദൈനം ദിന ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടാണ്.
ഏറെ നാളായി കഴിഞ്ഞ കാലത്തിന്റെ പ്രിസത്തിലൂടെയായിരുന്നു കാശ്മീരിനെ കണ്ടു കൊണ്ടിരുന്നത്. എന്നാൽ, ഏഴുവർഷത്തിനു ശേഷമുണ്ടായ മാറ്റം കാശ്മീരിന്റെ ഭാവി സാധ്യതകളുടെ അടിസ്ഥാനത്തിലായി എന്നതാണ്. അതുകൊണ്ട് ആഗസ്റ്റ് 5 ന്റെ കഥ വീണ്ടും പറയേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |