
ന്യൂഡൽഹി: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വോട്ടർമാർക്ക് തങ്ങളുടെ സിറ്റിംഗ് എം.എൽ.എമാരോട് അതൃപ്തിയെന്ന് സർവേ റിപ്പോർട്ട്. അതേസമയം, അതൃപ്തി സംസ്ഥാന സർക്കാരുകൾക്കെതിരെയോ മുഖ്യമന്ത്രിമാർക്കെതിരെയോയുള്ള ഭരണവിരുദ്ധ വികാരമായി മാറിയിട്ടില്ലെന്ന് 'വോട്ട് വൈബ്', 'ഇന്ത്യ ടുഡേ സി വോട്ടർ മൂഡ് ഒഫ് ദി നേഷൻ' സർവേ വ്യക്തമാക്കുന്നു.
ജനപ്രതിനിധികളെ തങ്ങളുടെ ആവശ്യങ്ങൾക്കായി സമീപിക്കാൻ സാധിക്കാത്തതിലുള്ള പ്രശ്നങ്ങളാണ് പ്രാദേശികമായി ജനങ്ങൾക്കിടയിലുള്ള അതൃപ്തിക്ക് കാരണം. പല എം.എൽ.എമാരും മണ്ഡലത്തിലെ വികസന കാര്യങ്ങൾ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏൽപ്പിച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ തങ്ങുകയാണ്. ഇത് തിരഞ്ഞെടുപ്പുകളിൽ പുതിയ സ്ഥാനാർത്ഥി നിർണയത്തെയും പാർട്ടി സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുന്നതിനെയും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
സർവേ പ്രകാരം യു.പിയിലാണ് എം.എൽ.എമാർക്കെതിരെ ഏറ്റവും കൂടുതൽ ജനരോഷമുള്ളത്. 49% വോട്ടർമാരും തങ്ങളുടെ സിറ്റിംഗ് എം.എൽ.എയുടെ പ്രവർത്തനത്തിൽ അതൃപ്തരാണ്. എന്നാൽ, യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രകടനത്തിൽ 41.8% ആളുകൾ തൃപ്തരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 43.4% പിന്തുണയോടെ യോഗി ആദിത്യനാഥാണ് മുന്നിൽ. എസ്.പി മേധാവി അഖിലേഷ് യാദവിന് 35.5% പിന്തുണയുണ്ട്. തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമായി സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്. 23.1% ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
ഉത്തരാഖണ്ഡിലെ പുഷ്‌കർ സിംഗ് ധാമി നയിക്കുന്ന ബി.ജെ.പി സർക്കാരിനോട് 39.1% ആളുകൾ തൃപ്തരാണെങ്കിലും സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിൽ 48% പേരും അതൃപ്തി രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 28.2% പിന്തുണയോടെ ധാമിയാണ് ഒന്നാമത്. തൊഴിലില്ലായ്മയും (20.7%), വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് പ്രധാന ചർച്ചാവിഷയം.
പഞ്ചാബിൽ ഭഗവന്ത് മാൻ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിന്റെ പ്രവർത്തനത്തിൽ 40% പേർ സംതൃപ്തരാണ്, എന്നാൽ 45.3% വോട്ടർമാരും തങ്ങളുടെ എം.എൽ.എമാരിൽ അതൃപ്തരാണ്. മയക്കുമരുന്ന് മാഫിയയാണ് (25.7%) പഞ്ചാബിലെ ഏറ്റവും വലിയ പ്രശ്നമായി വോട്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്ക് വോട്ട് ചെയ്യാൻ താത്പര്യം കൂടുതലും ആം ആദ്മി പാർട്ടിയോടാണ്. 34% പേർ പാർട്ടിയെ പിന്തുണയ്ക്കുന്നു. കോൺഗ്രസിന് 30.2% പിന്തുണയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40.1% പിന്തുണയോടെ ഭഗവന്ത് മാനാണ് വോട്ടർമാരുടെ നേതാവ്. പഞ്ചാബിലും ഉത്തരാഖണ്ഡിലുമാണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. 2027 മാർച്ചിൽ. ഉത്തർപ്രദേശിൽ 2027 മെയ് 22നാണ് അവസാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |