SignIn
Kerala Kaumudi Online
Friday, 18 September 2026 2.10 AM IST

മഴക്കുറവിൽ, നെഞ്ചകം പൊള്ളി കർഷകർ

1

ആകാശത്തേക്ക് നോക്കി കണ്ണീർ വാർക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്. മേഘങ്ങൾ കനിഞ്ഞു പെയ്യുമെന്ന പ്രതീക്ഷയിൽ മണ്ണിൽ വിത്തിട്ടവർ, ഇപ്പോൾ വിണ്ടുകീറിയ നിലങ്ങളിലേക്ക് നോക്കി നെടുവീർപ്പിടുന്നു. സംസ്ഥാനത്ത് കാലവർഷം 28 ശതമാനം കുറഞ്ഞെന്ന കാലാവസ്ഥാ വകുപ്പിന്റെ കണക്ക് കേവലം അക്കങ്ങളല്ല, അത് ആയിരക്കണക്കിന് കർഷകരുടെ ജീവിതച്ചുവടുകൾ താളം തെറ്റിച്ചതിന്റെ സാക്ഷ്യപത്രമാണ്. വയനാട്ടിൽ 54 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറഞ്ഞപ്പോൾ, എൽ നിനോ എന്ന പ്രതിഭാസം കവർന്നെടുത്തത് ഒരു നാടിന്റെ കാർഷിക സ്വപ്നങ്ങളെയാണ്. കനത്ത ചൂടിൽ കരിഞ്ഞുണങ്ങുന്നത് നെല്ലും കാപ്പിയും കുരുമുളകും ഏലവും മാത്രമല്ല, ഒരു ജനതയുടെ അതിജീവന പ്രതീക്ഷകളും കൂടിയാണ്. കിണറും കുളങ്ങളും വറ്റിയതോടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കർഷകർ പെടാപ്പാടിലാണ്. സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുകയാണ്.

ഭാരതപ്പുഴയുടെ തീരത്തെ കരിനിഴലുകൾ

മഴ കാലം തെറ്റിയതോടെ തൃത്താല മേഖലയിൽ കൃഷിയും ജലസംഭരണവും കുടിവെള്ള വിതരണവുമെല്ലാം പാടെ താളം തെറ്റി. ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന തിരുമിറ്റക്കോട് മുതൽ ആനക്കര വരെയുള്ള സ്ഥലങ്ങളിലെല്ലാം നെൽക്കൃഷിയിലാണ് കർഷകരുടെ പ്രതീക്ഷ. വെള്ളിയാങ്കല്ലും, കാങ്കപ്പുഴ പുതിയ റെഗുലേറ്ററും വന്നതോടെ കർഷകർക്ക് പ്രതീക്ഷ വർദ്ധിച്ചു. എന്നാൽ താളം തെറ്റിയ കാലാവസ്ഥ വലിയ വെല്ലുവിളിയാണ്. ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കർഷകർക്ക് ജലലഭ്യതയിലെ കുറവ് വെല്ലുവിളിയാണ്. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ 20 ഷട്ടറും നേരത്തെ തുറന്നിരുന്നെങ്കിലും നിലവിൽ നീരൊഴുക്ക് കുറഞ്ഞതോടെ മുഴുവൻ ഷട്ടറും അടച്ചു. പതിവുപോലെ സെപ്തംബർ മാസത്തിൽ രണ്ടാംവിളയ്ക്കായി പാടങ്ങൾ ഒരുങ്ങേണ്ട സമയമാണിത്. കിഴക്കൻ പ്രദേശത്തേക്കാൾ നേരത്തെ, പടഞ്ഞാറെ ഭാഗമായ തൃത്താല മണ്ഡലത്തിൽ രണ്ടാംവിളയുടെ പണികൾ തുടങ്ങാറുണ്ട്. എന്നാൽ ഇത്തവണ സ്ഥിതി ബുദ്ധിമുട്ടിലാണ്. ഈ മേഖലയിലെ കൃഷിയുടെ ജീവനാഡിയായ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പുഴയോട് ചേർന്നുള്ള ജലാശയങ്ങളെല്ലാം പകുതിയിലധികം വറ്റി.

ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂർ തോട്, പണിപൂർത്തിയാകാത്ത മുട്ടിച്ചിറപ്പാലം, കോതച്ചിറ പാടശേഖരങ്ങളിലും നാഗലശ്ശേരിയിലെയും വിവിധ പാടശേഖരങ്ങളിലെ തോടുകൾ, വെള്ളാംകുണ്ട് തോട് തുടങ്ങിയവയിലെല്ലാം നീരൊഴുക്ക് നന്നേ കുറഞ്ഞു. തൃത്താലയിലെ മേഴത്തൂർ, കോടനാട്, തുരുത്ത്, പുളിയപ്പറ്റകായൽ, തിരുമിറ്റക്കോട്ടെ ഇരിങ്കുറ്റൂർ, രായമംഗലം, ഇട്ടോണം, അകിലാണം പാടങ്ങൾ തുടങ്ങി, തൃത്താല മേഖലയിലെ വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴേ ജലക്ഷാമമാണ്. ഇത് തിരുമിറ്റക്കോട്, പട്ടിത്തറ പ്രദേശത്തെ കാർഷിക ജലവിതരണത്തെയും നേരിട്ട് ബാധിക്കാനിടയാകും. കിണറും, കുളങ്ങളും കുഴൽക്കിണറും നിറഞ്ഞുനിൽക്കേണ്ട സമയമാണെങ്കിലും മുൻവർഷങ്ങളിലെ ജലം ലഭ്യമല്ലെന്ന് കർഷകർ പറയുന്നു.

 വിണ്ടുകീറിയ പാടങ്ങൾ, വറ്റുന്ന അണക്കെട്ട്

മഴ വൈകിയാൽ തുടക്കം മുതൽ കുഴൽക്കിണറിലെയും കുളങ്ങളിലെയും വെള്ളം പമ്പുചെയ്ത് പാടത്തെത്തിക്കുന്നതാണ് പതിവ്. എന്നാൽ ഇടയ്ക്കിടെയുണ്ടാവുന്ന വൈദ്യുതി തടസം ഇതിന് വെല്ലുവിളിയാണ്. 2024ലെ 28,334 ഹെക്ടറിൽ നിന്ന് 26,647 ഹെക്ടറിലേക്ക് കൃഷി ചുരുങ്ങിയെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. തൃത്താല ബ്ലോക്കിൽ മാത്രം 10 ശതമാനത്തോളം കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെയും കർഷകരുടെയും പ്രാഥമിക വിലയിരുത്തൽ. വളം, കൂലി, ഡീസൽ എന്നിവയുടെ വില കുതിച്ചുയർന്നതും രൂക്ഷമായ വൈദ്യുതിക്ഷാമവും കർഷകർക്ക് ഇരുട്ടടിയായി. ഒരു മണിക്കൂർ വെള്ളം പമ്പു ചെയ്യാൻ ഡീസലിന് 300 രൂപയിലധികം ചെലവുവരുന്ന അവസ്ഥയാണ്. മഴ ലഭിക്കാത്തതിനാൽ വിത്തിട്ട പാടങ്ങളിൽ നാമ്പ് കരിഞ്ഞുണങ്ങുമെന്ന ആശങ്കയുമുണ്ട്.

ഏറെ പ്രതീക്ഷയോടെ വിത്തിറക്കിയ കർഷകർ അപ്രതീക്ഷിതമായി ഉണ്ടായ മഴക്കുറവിൽ പ്രതീക്ഷ കൈവിടുന്നു. മഴക്കുറവ് മൂലം വൈകി കൃഷിയിറക്കുകയും പിന്നീട് മഴയോടൊപ്പം നെൽച്ചെടികൾ വളരുകയും ചെയ്തു. വളപ്രയോഗവും കഴിഞ്ഞ് കതിർ വരുന്നസമയത്ത് വെള്ളമില്ലാതായതോടെ കതിരെല്ലാം പതിരായി മാറുമെന്ന സങ്കടത്തിലാണ് മേലാർകോട് കുണ്ടുപറമ്പിലെ കർഷക രാധ. മഴ മാറിയതോടെ ദിവസങ്ങൾക്കുള്ളിലാണ് പാടം വിണ്ടുതുടങ്ങിയത്. ഇനി ഈ സമയത്ത് വെള്ളം ലഭിക്കാതെ വന്നാൽ ഒന്നാംവിള കൃഷിതന്നെ നഷ്ടത്തിലാകുമെന്നും രാധ പറയുന്നു. മഴ കനിഞ്ഞില്ലെങ്കിൽ പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള ജലവിതരണമാണ് പ്രതീക്ഷയുള്ളത്. അതും ലഭിച്ചില്ലെങ്കിൽ കൃഷി രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പോത്തുണ്ടിയിൽ നിന്നാണ് നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി, വടക്കഞ്ചേരി, പല്ലശ്ശന, എരിമയൂർ കൃഷിഭവനുകളിലെ പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്നത്. 55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 40 അടിയാണ് വെള്ളമുള്ളത്. ഇപ്പോൾതന്നെ അയിലൂരിലെ ബ്രാഹ്മണ്യാപുരം, പുതുച്ചി, ചീതാവ്, മുതുകുന്നി, പാലമൊക്ക് തുടങ്ങിയ വാലറ്റപ്രദേശങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്.

 ചളവറയിലെ ഞാറ്റടികൾ മുരടിക്കുമ്പോൾ

ജില്ലയുടെ മറ്റിടങ്ങളിലെല്ലാം ഒന്നാംവിള കൊയ്ത്ത് അടുക്കാറായെങ്കിലും ഒറ്റപ്പാലം ചളവറ കുഞ്ഞുക്കുറുശ്ശി ഭാഗത്തെ നെൽപ്പാടങ്ങളിൽ കൃഷി തുടങ്ങുന്നേയുള്ളൂ. ഇവിടുത്തെ കർഷകർ ഒറ്റത്തവണയേ നെൽക്കൃഷി ഇറക്കൂ. ഓണക്കാലത്തെ പച്ചക്കറിക്കൃഷി കഴിഞ്ഞാൽ രണ്ടാംവിളയായി നെൽക്കൃഷി തുടങ്ങും. ഇക്കുറി നിലമൊരുക്കി ഞാറ്റടി തയ്യാറാക്കിയെങ്കിലും മഴ പെയ്യാത്തതിനാൽ നടീൽ തുടങ്ങാനായിട്ടില്ല. ഞാറ്റടി ഉണങ്ങാതിരിക്കാൻ ഇപ്പോൾ കുഴൽക്കിണറിൽ നിന്ന് വെള്ളമടിക്കേണ്ട സ്ഥിതിയാണ്.

മഴയും കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നുള്ള കനാൽവെള്ളവും കുഴൽക്കിണറും ആശ്രയിച്ചാണ് ചളവറക്കാരുടെ നെൽക്കൃഷി. മുൻകാലങ്ങളിലെല്ലാം മൂന്നുതവണ നെല്ല് കൊയ്‌തെടുത്ത പാടങ്ങളിൽ ജലക്ഷാമവും കൃഷിനാശവുമൊക്കെക്കൊണ്ട് കൃഷി വർഷത്തിലൊരിക്കലായി. ഇക്കുറി തുടക്കത്തിൽ മഴക്കുറവ് നേരിട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കർഷകർ. കഴിഞ്ഞ കുറച്ചുവർഷമായി വേനൽക്കാലത്ത് തണ്ണിമത്തൻ കൃഷി ചെയ്യാറാണ് പതിവ്. അതുകഴിഞ്ഞാൽ പച്ചക്കറി കൃഷിയിറക്കും. വിളവെടുത്താൽ പാടത്ത് നെൽക്കൃഷിയാരംഭിക്കും. സെപ്തംബർ മുതൽ ജനുവരി വരെ നീളുന്ന കൃഷിക്ക് തുടക്കത്തിൽ മഴയാണ് ആശ്രയം. പിന്നീട് കനാൽവെള്ളവും കുഴൽക്കിണർ വെള്ളവുമെല്ലാം ഉപയോഗിച്ച് കൊയ്‌തെടുക്കും.

ഇക്കുറി മഴ ചതിച്ചു. മൂന്നരയാഴ്ച മുൻപ് തയ്യാറാക്കിയ ഞാറ്റടി നടാനായില്ല. നാലാഴ്ചയ്ക്കുള്ളിലെങ്കിലും നട്ടാലേ നല്ല വിളവ് കിട്ടൂ. മൂപ്പ് കൂടിയാൽ ഗുണവും വിളവും കുറയും. പല ഞാറും കനത്തചൂടിൽ മുരടിപ്പ് നേരിടുന്നുമുണ്ട്. മുന്നൂറേക്കറിലേറെ കൃഷിയിറക്കുന്ന ചളവറയിലേക്കുള്ള കനാലുകൾ നന്നാക്കാത്തതും കർഷകരെ ആശങ്കയിലാക്കുന്നു. വാലറ്റപ്രദേശമായ ഇവിടേക്കുള്ള കനാലുകളിലെല്ലാം പാഴ്‌ച്ചെടികൾ വളർന്നുകിടക്കുകയാണ്. കൃഷിയാരംഭിച്ചിട്ടും മഴയില്ലാതെ വന്നാൽ ഇക്കുറി അടിയന്തരമായി കനാൽവെള്ളം വേണ്ടിവരും. കനാൽ വേഗം നന്നാക്കാതിരുന്നാൽ വർഷത്തിലൊരിക്കലുള്ള നെൽക്കൃഷിയും ഇല്ലാതാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY