SignIn
Kerala Kaumudi Online
Thursday, 03 September 2026 8.14 PM IST

ഒരു കിലോ സവാളയ്ക്ക് 35 രൂപ മാത്രം,​ വില നിയന്ത്രിക്കാൻ വൻനീക്കവുമായി കൃഷിവകുപ്പ്

big-onion-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ മന്ത്രിമാരായ ടി. സിദ്ദിഖിന്റെയും അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും.

ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്‌ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONION PRICE, ONION PRICE KERALA, ONION 35 RUPEES, KERALA AGRICULTURAL DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA