
ചരിത്രകാരൻ, നിരൂപകൻ, സാംസ്‌കാരിക പ്രവർത്തകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ... ബഹുമുഖ പ്രതിഭ പി. ഭാസ്‌കരനുണ്ണിയുടെ ജന്മശതാബ്ദി വർഷമാണ്. മഹാപണ്ഡിതൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. എന്നിട്ടും അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ പൊതുസമൂഹത്തിന്റെയോ സാംസ്‌കാരിക സ്ഥാപനങ്ങളുടെയോ മുഖ്യപരിഗണനയാവുന്നില്ല. ഉത്സവങ്ങളും അനുസ്മരണങ്ങളും നിറഞ്ഞ ഇക്കാലത്ത്, ഓർമകളിൽ നിന്ന് നിശബ്ദമായി പിന്നോട്ടു നീക്കപ്പെട്ട മഹത്തായ ജീവിതത്തിന്റെ വേദനാജനകമായ ഓർമപ്പെടുത്തലായി ഈ ശതാബ്ദി മാറുന്നു.
1926 ഡിസംബർ 17ന് കൊല്ലം തങ്കശ്ശേരിക്കാവലിൽ ജനിച്ചു. ദീർഘകാലം മയ്യനാട് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. മലയാള സാഹിത്യകാരന്മാരുടെ ഡയറക്ടറി തയ്യാറാക്കിയ ഗവേഷകൻ, ആശാൻ, വള്ളത്തോൾ, അയ്യപ്പൻ തുടങ്ങിയ കവികളുടെ കൃതികളെ പുതിയ ഉൾക്കാഴ്ചകളോടെ വായിച്ച നിരൂപകൻ, സാഹിത്യ അക്കാദമിക്കുവേണ്ടി സാംസ്‌കാരിക ഡയറക്ടറി തയ്യാറാക്കിയ രേഖാനിർമ്മാതാവ്, സ്മാർത്തവിചാരം പോലുള്ള ക്രൂരമായ സാമൂഹിക സംവിധാനത്തെ ചരിത്രരേഖകളുടെ പിൻബലത്തോടെ വിശകലനം ചെയ്ത മനുഷ്യസ്‌നേഹിയായ ചരിത്രകാരൻ ഇങ്ങനെയെല്ലാം അദ്ദേഹത്തെ അടയാളപ്പെടുത്താം. എന്നാൽ ഈ വിശേഷണങ്ങൾക്കുമപ്പുറം അദ്ദേഹത്തെ നിർവചിക്കുന്നത് മനുഷ്യനോടുള്ള അഗാധമായ പ്രതിബദ്ധതയാണ്.
ചരിത്രബോധം നിറഞ്ഞ എഴുത്തുകൾ
ഭാസ്‌കരനുണ്ണിയുടെ സാഹിത്യ-സാംസ്‌കാരിക പഠനങ്ങൾ കേവലം വിമർശനഗ്രന്ഥങ്ങളല്ല; ചരിത്രബോധവും സാമൂഹികബോധവും സൗന്ദര്യബോധവും സമന്വയിക്കുന്ന അപൂർവ സൃഷ്ടികളാണ്. ഭാഷയുടെ വളർച്ച സമൂഹത്തിന്റെ മാറ്റങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം തെളിയിച്ചു. കാലം മാറുമ്പോൾ ചില വാക്കുകൾ അപ്രത്യക്ഷമാകുകയും പുതിയവ ഭാഷയിൽ പ്രവേശിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ ചരിത്രപ്രക്രിയയാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം, ഭാഷയെ ജീവിക്കുന്ന സാമൂഹിക ശരീരമായി കാണുന്ന വിശാലമായ കാഴ്ചപ്പാടിന്റെ തെളിവാണ്. ഫ്യൂഡൽ സമൂഹത്തിന്റെ ഭാഷാപ്രയോഗങ്ങൾ എങ്ങനെ മാഞ്ഞെന്നും വിവിധ ഭാഷകളിൽ നിന്നുള്ള പദങ്ങൾ മലയാളത്തെ എങ്ങനെ സമ്പന്നമാക്കിയെന്നും അദ്ദേഹം വിശദമാക്കി. ഭാഷയോടുള്ള ഈ തുറന്ന സമീപനമാണ് സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളിലും പ്രതിഫലിക്കുന്നത്. ജനങ്ങളുടെ ജീവിതാനുഭവങ്ങളെ സാഹിത്യത്തിന്റെ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നപ്പോഴാണ് മലയാളഗദ്യത്തിന് ഊർജവും ജീവനും ലഭിച്ചതെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നും പ്രസക്തമാണ്.
അദ്ദേഹത്തിന്റെ നിരൂപണലേഖനങ്ങൾ പോലും സർഗാത്മക രചനകളുടെ സൗന്ദര്യം ഉൾക്കൊള്ളുന്നവയാണ്. വ്യക്തികളെ അവതരിപ്പിക്കുമ്പോൾ വെറും വിവരങ്ങളുടെ നിരത്തലല്ല, അവരുടെ മാനസികഘടനയും സാംസ്‌കാരികപ്രാധാന്യവും സൂക്ഷ്മമായി അടയാളപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.
ആധികാരിക പഠനങ്ങൾ
ഭാസ്‌കരനുണ്ണിയുടെ ഏറ്റവും വലിയ സംഭാവന കേരളത്തിന്റെ സാമൂഹികചരിത്രത്തെ രേഖപ്പെടുത്തിയ ബൃഹദ്ഗ്രന്ഥങ്ങളാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം, കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എന്നീ കൃതികൾ മലയാളത്തിലെ ചരിത്രരചനയുടെ നാഴികക്കല്ലുകളാണ്. ആയിരത്തിലധികം പേജുകളിലൂടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, വിദ്യാഭ്യാസം, കൃഷി, നികുതി, കുറ്റവും ശിക്ഷയും, കുടുംബവ്യവസ്ഥ, ജാതിബന്ധങ്ങൾ, വിനോദങ്ങൾ തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും അദ്ദേഹം രേഖാമൂലം വിശകലനം ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം എത്രത്തോളം ജാതിവ്യവസ്ഥയുടെ ചങ്ങലകളിൽ ശ്വാസംമുട്ടിയിരുന്നെന്നും മനുഷ്യനെ മനുഷ്യനല്ല, ജാതിയെന്ന നിലയിലാണ് സമൂഹം കണ്ടിരുന്നതെന്നും അദ്ദേഹം വസ്തുനിഷ്ഠമായി തെളിയിച്ചു.
അയിത്താചാരങ്ങളും അസ്പൃശ്യതയും സാമൂഹികവിലക്കുകളും എത്രമാത്രം ക്രൂരമായിരുന്നെന്ന് അനേകം രേഖകളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. അവർണ്ണർക്ക് പശുവിനെ വളർത്താമെങ്കിലും പാൽ ഉപയോഗിക്കാനാവാത്ത അവസ്ഥ, വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന പോരാട്ടങ്ങൾ, ജാതിയുടെ പേരിൽ മനുഷ്യർ അനുഭവിച്ച അനീതികൾ-ഇവയെല്ലാം ചരിത്രത്തിന്റെ ഭാഗമെന്നതിലുപരി മനസാക്ഷിയെ ഉണർത്തുന്ന സാക്ഷ്യങ്ങളായി അദ്ദേഹത്തിന്റെ കൃതികളിൽ ജീവിക്കുന്നു. അതേസമയം, ശ്രീ നാരായണഗുരു, അയ്യൻകാളി, എസ്.എൻ.ഡി.പി. യോഗം, നമ്പൂതിരി പരിഷ്‌കാരപ്രസ്ഥാനം, കല്ലുമാല സമരം തുടങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വഴിയിലേയ്ക്ക് എങ്ങനെ നയിച്ചെന്നും അദ്ദേഹം സമഗ്രമായി രേഖപ്പെടുത്തി. പത്രങ്ങൾ, മാസികകൾ, ഔദ്യോഗികരേഖകൾ, സ്വകാര്യശേഖരങ്ങൾ എന്നിവയിൽ നിന്നു ശേഖരിച്ച തെളിവുകളാണ് ഈ പഠനങ്ങൾക്ക് ആധികാരികത നൽകുന്നത്.
കോവിലകങ്ങൾ, കൊട്ടാരങ്ങൾ, ഇല്ലങ്ങൾ, ഗ്രന്ഥശാലകൾ, സ്വകാര്യ രേഖാശേഖരങ്ങൾ എന്നിവിടങ്ങളിലൂടെ വർഷങ്ങളോളം നടത്തിയ അന്വേഷണങ്ങളാണ് ഈ ഗ്രന്ഥങ്ങളുടെ അടിത്തറ. ഇന്ന് ഒരു ഗവേഷകസംഘം ചേർന്ന് നിർവഹിക്കേണ്ട പ്രയത്നം അദ്ദേഹം ഒറ്റയ്ക്കാണ് പൂർത്തിയാക്കിയത്. അംഗീകാരങ്ങളോ പുരസ്‌കാരങ്ങളോ ലക്ഷ്യമാക്കിയല്ല, ഭാവിതലമുറകൾക്കായി കേരളത്തിന്റെ സാമൂഹികസ്മൃതി സംരക്ഷിക്കണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ആ ജീവിതസമർപ്പണം.
അംഗീകാരം ലഭിക്കാതെ അന്ത്യം
എന്നിട്ടും ഭാസ്‌കരനുണ്ണിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ല. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇന്ന് ലഭ്യമല്ല. പലർക്കും പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം എന്ന ഒറ്റഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലാണ് അദ്ദേഹത്തെ പരിചയം. ജന്മനാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചതും മരണശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ്. ഇതെല്ലാം നമ്മുടെ സാംസ്‌കാരിക സ്മൃതിയിലെ ഗുരുതരമായ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നു.
ഭാസ്‌കരനുണ്ണിയുടെ ജന്മശതാബ്ദി ഒരു മഹാപണ്ഡിതനെ അനുസ്മരിക്കുന്ന ചടങ്ങ് മാത്രമാകരുത്. മനുഷ്യസ്‌നേഹം, ചരിത്രബോധം, സാമൂഹികനീതി, രേഖാപരമായ ഗവേഷണം എന്നീ മൂല്യങ്ങളെ വീണ്ടും പൊതുബോധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള അവസരമായാണ് അതിനെ കാണേണ്ടത്. സ്മാർത്തവിചാരം, അന്തർജ്ജനം മുതൽ മാധവിക്കുട്ടി വരെ, ആശാന്റെ വിചാരശൈലി, വള്ളത്തോളിന്റെ കവിത, കൊല്ലത്തിന്റെ ചരിത്രം, അയ്യപ്പന്റെ കാവ്യശിൽപം തുടങ്ങി അദ്ദേഹത്തിന്റെ സമഗ്രസൃഷ്ടികൾ പുതുതലമുറയിലേക്ക് എത്തിക്കുകയും അവയെക്കുറിച്ചുള്ള പഠനങ്ങളും സംവാദങ്ങളും വ്യാപിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ സാംസ്‌കാരിക ഉത്തരവാദിത്വമാണ്.
കാരണം, ഭാസ്‌കരനുണ്ണി ചരിത്രം മാത്രം എഴുതിയ വ്യക്തിയായിരുന്നില്ല; മനുഷ്യനിലേയ്ക്ക് കേരളസമൂഹം നടത്തിയ ദീർഘയാത്രയുടെ സാക്ഷ്യപത്രം എഴുതിയ ഗവേഷകനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും കൃതികളും നമ്മെ ഓർമിപ്പിക്കുന്നത് ഒരു സമൂഹം മുന്നോട്ടു നടക്കണമെങ്കിൽ സ്വന്തം ചരിത്രത്തെ മറക്കാൻ പാടില്ല എന്ന ശാശ്വതസത്യമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷിക്കപ്പെടേണ്ടത് ഒരു വ്യക്തിയുടെ ജന്മവാർഷികമെന്ന നിലയിൽ മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെയും ചരിത്രബോധത്തിന്റെയും പൊതുസ്മൃതിയെ വീണ്ടെടുക്കുന്ന സാംസ്‌കാരിക ദൗത്യമായിട്ടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |