SignIn
Kerala Kaumudi Online
Saturday, 08 August 2026 3.00 AM IST

നീതി വൈകുന്നതിലെ നീതി നിഷേധം

a

നമ്മുടെ നീതി നിർവഹണ സംവിധാനത്തിന് ഇന്നും ബ്രിട്ടീഷ് ശൈലിയിൽ നിന്ന് സമ്പൂർണ മോചനമായിട്ടില്ല. പല പരിഷ്കാരങ്ങൾ ഉണ്ടായിട്ടും അന്വേഷണ നടപടികളും വിചാരണ പ്രക്രിയകളും അതിസങ്കീർണമാണ്. അതിനാൽ അന്തിമ വിധിയ്ക്കായി ബന്ധപ്പെട്ട കക്ഷികൾ ഏറെ കാത്തിരിക്കേണ്ടി വരുന്നു. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അന്വേഷണവും വിചാരണയും അനിശ്ചിതമായി നീളുന്ന ഒട്ടേറെ കേസുകളാണ് ദിനംപ്രതിയെന്നോണം ഉണ്ടാകുന്നത്.

നാട്ടിൽ ചെറിയ അടിപിടിയോ അതിർത്തിത്തർക്കമോ ഉണ്ടായാൽ ഒത്തുതീർപ്പിന് പ്രമാണിമാരെത്താറുണ്ട്. പ്രശ്നം പറഞ്ഞുതീർക്കുന്നതാണ് നല്ലതെന്ന് അവർ ഉപദേശിക്കും. പൊലീസും കേസുമായാൽ നമ്മളും നമ്മുടെ തലമുറയും വരെ കയറിയിറങ്ങി നടക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കും. കേൾക്കുന്നവരെല്ലാം അത് ശരിവയ്ക്കുകയും ചെയ്യും. കേസായാൽ പിന്നെ കഷ്ടകാലമാണെന്ന് കൊച്ചുകുട്ടിക്ക് പോലുമറിയാം. എന്നാൽ എല്ലാ കുറ്റകൃത്യങ്ങളിലും ഇങ്ങനെ ഒത്തുതീർപ്പ് സാദ്ധ്യമല്ല. അതിനുള്ള അവസരവും ഉണ്ടായിക്കൊള്ളണമെന്നില്ല. കുറ്റം ഗുരുതരമെങ്കിൽ നിയമത്തിന് മുന്നിൽ വന്നേ പറ്റൂ. എന്തെങ്കിലും തീർപ്പുണ്ടാകണമെങ്കിൽ കാലമേറെ വേണ്ടിവരും. അതിന് പല കാരണങ്ങളുണ്ട്. ഫാസ്റ്റ്ട്രാക് വിചാരണയിൽപ്പോലും വിധിവരാൻ പൊതുവേ ഒരു വർഷമെങ്കിലും വേണ്ടിവരാറുണ്ട്. അപ്പീലുകൾ വീണ്ടും നീളുമെന്നത് വേറെ വിഷയം. കേസുകളിൽ എഫ്.ഐ.ആർ ഇടുന്നതു മാത്രമാണ് പെട്ടെന്നുണ്ടാകുന്ന ഏക നടപടി. അറസ്റ്രും മൊഴിയെടുപ്പും തെളിവെടുപ്പും മുതൽ സ്ലോമോഷൻ തുടങ്ങും. കുറ്റപത്രം നൽകാൻ സമയപരിധിയുണ്ടെങ്കിലും അതും ഇഴയും. കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യത്തിൽ, വിചാരണയ്ക്ക് ഊഴം ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷമാകും. അപ്പോഴേയ്ക്കും സാക്ഷികൾക്ക് മറവി സംഭവിച്ചിരിക്കാം, തൊണ്ടിമുതലുകൾ എലി കൊണ്ടുപോയേക്കാം, കക്ഷികൾ തന്നെ മൺമറഞ്ഞേക്കാം. ഉദാഹരണങ്ങൾ അനവധിയാണ്.

മുന്ന കൊലക്കേസിലെ 34 വർഷം,

മണൽ കേസിലെ 23 വർഷം

പാലക്കാട് ശ്രീകൃഷ്ണപുരത്തെ അബ്കാരി കരാറുകാരനായിരുന്ന കെ.ജി.മുന്നയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളേയും സി.ബി.ഐ കോടതി വെറുതേവിട്ടത് കുറച്ചുദിവസം മുമ്പാണ്. കോളിളക്കം സൃഷ്ടിച്ച കേസിൽ 34 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ മദ്യവ്യവസായി പി.വിജയൻ, സഹോദരപുത്രൻ പി.കെ.സുധീർ, മാനേജർ ജോർജ് മംഗളം എന്നിവരെയാണ് വെറുതേ വിട്ടത്. കേസിലെ ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവുണ്ടായത്. 1992 ഏപ്രിൽ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ അംബാസിഡർ കാറിൽ കണ്ടത്. അന്നുമുതൽ നീളുന്ന നടപടികൾക്കാണ് സുധീറിന്റെ പിതാവുമായ മുൻ എം.എൽ.എ പി.കുമാരനെയടക്കം കേസിൽ പ്രതിചേർത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. അദ്ദേഹം ഇതിനിടെ കഥാവശേഷനാവുകയും ചെയ്തു. 2011ലാണ് വിചാരണ തുടങ്ങിയത്.

നിയമ നടപടികളിൽ കുരുങ്ങി 23 വർഷം കോടതി കയറിയിറങ്ങിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഒടുവിൽ മോചനമായ വിധി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്നായിരുന്നു. പിറവം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കേ അഴിമതിക്കേസിൽപ്പെട്ട എറണാകുളം സ്വദേശി കെ.എ. ജോസഫാണ് വിരമിക്കൽ ജീവിതത്തിനിടെ 78-ാം വയസിൽ കുറ്റവിമുക്തനാക്കിയത്.

മണൽലേലം, മാർക്കറ്റ്- ബസ് സ്റ്റാൻഡ് കടമുറിലേലം എന്നീ ഇനങ്ങളിൽ പഞ്ചായത്തിന് 22 ലക്ഷത്തിലധികം രൂപ നഷ്ടംവരുത്തിയെന്നാരോപിച്ചാണ് ജോസഫിനെതിരേ എറണാകുളം വിജിലൻസ് യൂണിറ്റ് കേസെടുത്തത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2003 ജനുവരിയിൽ സസ്‌പെൻഷനിലായ ജോസഫിന് സർവീസിൽ തിരിച്ചെത്താതെ വിരമിക്കേണ്ടിവന്നു. നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി.

ഓഡിറ്റ് റിപ്പോർട്ട് സ്വന്തം നിലയിൽ പരിശോധിക്കാതെയും സത്യാവസ്ഥ സ്ഥിരീകരിക്കാതെയുമാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. വിജിലൻസ് അധികാരികൾക്കെതിരെ

നടപടിയും,നഷ്ട പരിഹാരവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ് കേസിൽ ബലിയാടായ ജോസഫ്.

അഭിമന്യുവും

ജെസ്‌നയും

എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ എട്ടുവർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. അഭിമന്യുവിന്റെ അമ്മ ഭൂപതിയ്ക് നീതി തേടി ഒടുവിൽ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. തുടർന്ന് ഒമ്പത് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ 2025 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാൽ ആ കാലാവധി പിന്നിട്ടിട്ടും ഒന്നും സംഭവിച്ചിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ഇതേ കോടതിയിൽ തന്നെ വിചാരണ നീണ്ടുപോയതാണ് ഇതിന് ഒരു കാരണം. ഈ സാഹചര്യത്തിൽ അഭിമന്യുവിന്റെ അമ്മയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. വിചാരണ നാലു മാസത്തിനകം പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ ഇനി സമയം നീട്ടി നൽകാനാവില്ലെന്നും വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസ് പരിഗണനയിലുള്ളത്.

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയതും കഴിഞ്ഞദിവസമാണ്. എട്ടുവർഷം മുൻപ് 2018 മാർച്ച് 22 നാണ് ജെസ്‌നയെ കാണാതായത്. അന്വേഷണം അനന്തമായി നീളാനാവില്ലെന്നും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതിയുടെ 2021 ഫെബ്രുവരി 19ലെ ഉത്തരവുപ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു. എന്നാൽ ജസ്‌നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നാണ് സി.ബി.ഐ സമർപ്പിച്ചിരുന്ന പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഇത്തരത്തിൽ നീതി നിഷേധത്തിന് തുല്യമായ കാലതാമസം മിക്ക കേസുകളിലുമുണ്ട്. എന്നാൽ കേസ് നടപടികൾ ലളിതമാക്കാനുള്ള സിസ്റ്റം കൊണ്ടുവരാൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. ഫയലിംഗ് അടക്കമുള്ള കാര്യങ്ങൾ ഓൺലൈനാക്കിയെങ്കിലും അന്വേഷണവും വിചാരണക്കോടതി നടപടികളും ഇപ്പോഴും ചട്ടപ്രകാരമാണ് നടക്കുന്നത്. ഫാസ്റ്റ് ട്രാക്ക് കോടതികൾ വന്നതുമാത്രമാണ് ഈ രംഗത്തുണ്ടായ ഏക വിപ്ലവം. നീതി വൈകുന്നതിന് പരിഹാരം കാണാൻ നിയമ പരിഷ്കരണ സമിതികളടക്കം 'ബ്രെയിൻ സ്റ്റോമിംഗ്" നടത്തേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY