
കഴിഞ്ഞ ഏപ്രിലിനും ജൂലായ്‌ക്കുമിടയിൽ, ഇന്ത്യ ഏകദേശം 174 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളുടെ കയറ്റുമതിയും 292 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും ചെയ്തു. ഇതിലൂടെ ചരക്ക് വ്യാപാരക്കമ്മി 119 ബില്യൺ ഡോളറിനോടടുത്തെത്തി. ഇന്ത്യയുടെ പക്കൽ ഡോളറിന് ക്ഷാമമൊന്നുമില്ല. വിദേശനാണ്യ ശേഖരം ഇപ്പോഴും മികച്ച നിലയിലാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്വർണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ഏപ്രിൽ- ജൂലായ് കാലയളവിൽ സ്വർണ ഇറക്കുമതി 15 ബില്യൺ ഡോളറായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് കൂടുതൽ.
ഇന്ത്യയുടെ ഏറ്റവും പുതിയ വളർച്ചാ നിരക്ക് അഭിമാനകരമാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ യഥാർത്ഥ ജി.ഡി.പി 7.8ശതമാനം വളർച്ച രേഖപ്പെടുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 7ശതമാനം എന്ന പ്രവചനത്തെക്കാൾ മികച്ചതാണിത്. ഊർജ്ജ വിലയിലെ വർദ്ധനവ്,പശ്ചിമേഷ്യൻ സംഘർഷം,വികസിത രാജ്യങ്ങളിലെ മന്ദഗതിയിലുള്ള വളർച്ച എന്നിങ്ങനെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയം.
എന്നാൽ ഇതിലൂടെ ഓരോ ഇന്ത്യക്കാരനും കൂടുതൽ സമ്പന്നനായെന്ന് കണക്കാക്കാനാകില്ല. കുടുംബ ബഡ്ജറ്റുകൾ മെച്ചപ്പെട്ടെന്നോ, വാടക കുറഞ്ഞെന്നോ, പച്ചക്കറികൾക്ക് വില കുറഞ്ഞെന്നോ ഇതിനർത്ഥമില്ല. അതേസമയം, ഉത്പാദന മേഖല 9.2ശതമാനം വളർച്ച നേടി. സേവന മേഖല 10ശതമാനം വികസിച്ചു. നിക്ഷേപത്തിലും വർദ്ധനവുണ്ടായി.
ഇതിനിടയിലാണ് ഒരു സന്ദേശം ഉയർന്നുവന്നത്. വിദേശ രാജ്യങ്ങൾക്ക് പകരം ഇന്ത്യയ്ക്കുള്ളിൽ വിനോദയാത്രകൾ നടത്താനും,വിവാഹങ്ങൾ നാട്ടിൽ നടത്താനും,ഇറക്കുമതി ചെയ്‌ത സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാരോട് ആവശ്യപ്പെടുന്നു. സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: ഇന്ത്യ ഏകദേശം 8ശതമാനം നിരക്കിൽ വളരുമ്പോൾ, എന്തിനാണ് ഇന്ത്യക്കാർ ചെലവ് ചുരുക്കണമെന്ന് പറയുന്നത്? സാമ്പത്തിക ശക്തിയുടെ ഏക അളവുകോലായി ജി.ഡി.പി മാറുമ്പോൾ പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു വ്യത്യാസത്തിലാണ് അതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്.
അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക്, ആഭ്യന്തരമായി മതിയായ അളവിൽ ഉത്പാദിപ്പിക്കാൻ കഴിയാത്ത അസംസ്‌കൃത എണ്ണ,പ്രകൃതിവാതകം,ഇലക്ട്രോണിക് ഘടകങ്ങൾ, സെമികണ്ടക്ടർ ഉപകരണങ്ങൾ,വ്യാവസായിക യന്ത്രസാമഗ്രികൾ,രാസവസ്തുക്കൾ,വളം,നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയവ വൻതോതിൽ ആവശ്യമാണ്. ഇവയിൽ പലതിന്റെയും ഇറക്കുമതി സാമ്പത്തിക ദൗർബല്യത്തിന്റെ ലക്ഷണങ്ങളല്ല. മറിച്ച്,അതിവേഗ വളർച്ച സാദ്ധ്യമാക്കുന്ന ഘടകങ്ങളാണവ. എന്നിരുന്നാലും, അവയ്ക്കുള്ള പണം വിദേശനാണ്യത്തിൽ നൽകേണ്ടതുണ്ട്.
ലളിതമായി പറഞ്ഞാൽ, 7.8ശതമാനം വളർച്ച കൈവരിക്കുന്നത് കൊണ്ടുമാത്രം, അതേ വളർച്ചാനിരക്ക് നിലനിറുത്താൻ ആവശ്യമായ ഡോളർ തനിയെ ലഭിക്കണമെന്നില്ല. വിദേശത്തുള്ള വിനോദയാത്രകളുടെയും 'ഡെസ്റ്റിനേഷൻ വെഡ്ഡിംഗു'കളുടെയും (വിദേശത്ത് നടത്തുന്ന വിവാഹങ്ങൾ) കാര്യത്തിലും ഇതേ തത്വം ബാധകമാണ്. കൊച്ചിയിലോ ജയ്‌പൂരിലോ ഉദയ്‌പൂരിലോ നടക്കുന്ന വിവാഹത്തിന് ഇന്ത്യൻ ഹോട്ടലുകൾ,കാറ്ററിംഗ് സേവനങ്ങൾ, പൂക്കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ,വിമാനക്കമ്പനികൾ,ടാക്സികൾ,നൂറുകണക്കിന് തൊഴിലാളികൾ എന്നിവരിലൂടെ പണത്തിന്റെ വിനിമയം സാദ്ധ്യമാക്കുന്നു.
എന്നാൽ ഈ ആഘോഷം വിദേശത്തേക്ക് മാറ്റുമ്പോൾ,ചെലവഴിക്കുന്ന തുകയുടെ വലിയൊരു ഭാഗം മറ്റൊരു രാജ്യത്തിന്റെ വിനോദസഞ്ചാര വരുമാനമായി മാറുന്നു. ആഭ്യന്തരമായ ഉപഭോഗം (പ്രത്യേകിച്ച് വിനോദസഞ്ചാര-ഹോസ്പിറ്റാലിറ്റി മേഖലകളിൽ) വിദേശനാണ്യ ചോർച്ച കുറയ്ക്കുന്നതിനൊപ്പം, ആഭ്യന്തര തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ വിദേശനാണ്യ നിയന്ത്രണത്തിനുള്ള നടപടിയായല്ല,മറിച്ച് ധാർമ്മികമായ ആഹ്വാനമായാണ് മനസിലാക്കേണ്ടത്.
ഇന്ത്യൻ ഫാക്ടറികളും നിർമ്മാണ സൈറ്റുകളും ഓഫീസുകളും കൂടുതൽ ഉത്പാദനം നടത്തുമ്പോഴും എണ്ണവില,വ്യാപാരക്കമ്മി,പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളിലെ മാറ്റങ്ങൾ,ആഗോള പലിശനിരക്കുകൾ,ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. ശക്തമായ ജി.ഡി.പി വളർച്ചയും സമ്മർദ്ദത്തിലായ രൂപയും ഒരേസമയം നിലനിൽക്കാവുന്ന കാര്യങ്ങളാണ്. ലളിതമായ സമ്പാദ്യശീലങ്ങളിലൂടെയോ ഉപഭോഗം കുറച്ചുകൊണ്ടോ മാത്രം ഇന്ത്യയ്ക്ക് 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കാനാവില്ല.
വർദ്ധിപ്പിക്കണം,
വിദേശനാണ്യ വരുമാനം
സ്വർണാഭരണങ്ങൾ വാങ്ങുന്നത് മാറ്റിവയ്‌ക്കാനോ വിവാഹച്ചടങ്ങുകൾ ഇന്ത്യയിൽ തന്നെ നടത്താനോ ആവശ്യപ്പെടുന്നത് ചെറിയ തോതിൽ ഗുണം ചെയ്‌തേക്കാമെങ്കിലും, അവയ്ക്ക് കൃത്യമായ സാമ്പത്തിക നയങ്ങൾക്ക് പകരമാവാൻ കഴിയില്ല. ഇന്ത്യൻ വളർച്ചയിലെ വിദേശനാണ്യ ആശ്രയത്വം കുറയ്ക്കുന്നതും അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വിദേശനാണ്യം നേടാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതുമാണ് ഇതിനുള്ള ശാശ്വത പരിഹാരം.
എല്ലാറ്റിനുമുപരിയായി, കൂടുതൽ കയറ്റുമതി ചെയ്യുക എന്നത് പ്രധാനമാണ്. സുസ്ഥിരമായ വളർച്ച ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്, സ്വന്തം സമ്പദ്‌വ്യവസ്ഥയുടെ വിദേശനാണ്യ വരുമാനം വർദ്ധിപ്പിക്കാതെ, ഇറക്കുമതി ചെയ്യുന്ന ഊർജ്ജം, സാങ്കേതികവിദ്യ, മൂലധന ഉപകരണങ്ങൾ എന്നിവയെ മാത്രം അനിശ്ചിതകാലത്തേക്ക് ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല.
ഇന്ത്യയുടെ വളർച്ചയുടെ യഥാർത്ഥ പരീക്ഷണം, വീണ്ടും 7.8ശതമാനം വളർച്ചാനിരക്ക് കൈവരിക്കാൻ കഴിയുമോ എന്നതല്ല. മറിച്ച്,8ശതമാനം നിരക്കിൽ വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക്, അത്രയും വളർച്ച നിലനിറുത്താൻ ആവശ്യമായ വിദേശനാണ്യം (ഡോളർ) ആനുപാതികമായി നേടാൻ കഴിയുമോ എന്നതാണ് പ്രധാനം. അപ്പോഴാണ് മികച്ച വളർച്ചാ നിരക്കും സാമ്പത്തിക ഭദ്രതയും ഒരേ ലക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഘടകങ്ങളായി മാറുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |