കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ അസി. എൻജിനീയർ വിജിലൻസ് പിടിയിലായി. എടക്കാട് സോണലിലെ അസിസ്റ്റന്റ് എൻജിനീയർ താഴെ ചൊവ്വ സ്വദേശി പി. മുഹമ്മദ് അസ്ലമി (31)നെയാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കാനായി പരാതിക്കാരനിൽ നിന്നും 15,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
കെട്ടിട ഉടമയോട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ ആദ്യ ഗഡുവായി 15,000 രൂപയാണ് ആവശ്യപ്പെട്ടത്. കണ്ണൂർ സന്നിധാൻ ബാറിനു സമീപത്ത് തിങ്കളാഴ്ച രാത്രി 7.30 ന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. വിവരം വിജിലൻസിന് കൈമാറിയ ശേഷം പണവുമായി സ്ഥലത്തെത്തിയ പരാതിക്കാരൻ എൻജിനീയർക്ക് പണം നൽകി. ഉടൻ സമീപത്തുതന്നെയുണ്ടായിരുന്ന വിജിലൻസ് സംഘം എൻജിനീയറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തുമാസമായി ഉദ്യോഗസ്ഥൻ ഫയൽ വച്ചു താമസിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. ഇയാൾക്കതിരെ നേരത്തെ വിജിലൻസിന് പരാതി ലഭിച്ചിരുന്നതിനാൽ എൻജിനീയർ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ താഴെ ചൊവ്വയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, പി.എ ബിനു മോഹൻ, എസ്.ഐമാരായ രാധാകൃഷ്ണൻ, പി.പി. നിജേഷ്, ആർ. പ്രവീൺ, കെ. രാജേഷ്, ഇ.വി. ജയശ്രീ, എ.എസ്.ഐമാരായ കെ.എം സജിത്ത്, ഇ.കെ രാജേഷ്, എസ്.സി.പി.ഒമാരായ സുകേഷ് കുമാർ, ഷിഞ്ചു, വിജിൻ, ഹൈറേഷ്, അജേഷ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |