SignIn
Kerala Kaumudi Online
Monday, 24 August 2026 10.58 PM IST

ജോലി തേടിയെത്തിയവർ കുടുങ്ങി; എയർ ഇന്ത്യ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ മൂന്ന് പേർ പിടിയിൽ

three-arrested
അറസ്റ്റിലായ പ്രതികൾ

ന്യൂഡൽഹി: എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സൈബർ പൊലീസ്. വ്യാജ കോൾ സെന്റർ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പ്രതികളെ ഡൽഹി ഈസ്റ്റ് ജില്ലാ സൈബർ പൊലീസാണ് പിടികൂടിയത്. എയർ ഇന്ത്യയിലെ എച്ച്ആർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സംഘം ഉദ്യോഗാർത്ഥകളെ ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്രൗണ്ട് ഡ്യൂട്ടിക്കുള്ള ജോലി വാഗ്ദാനം ചെയ്ത് രജിസ്‌ട്രേഷൻ, മറ്റ് തൊഴിൽ സംബന്ധമായ ചെലവുകൾ എന്നിവയുടെ പേരിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. യുപിഐ വഴിയാണ് പണം കൈമാറാൻ ഉദ്യോഗാർത്ഥികളോട് പ്രതികൾ ആവശ്യപ്പെട്ടിരുന്നത്.

ഛത്തീസ്‌ഗഢ് സ്വദേശിയായ ഒരാൾ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തുവന്നത്. എയർ ഇന്ത്യയിലെ എച്ച്.ആർ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ 14,000 രൂപയ്ക്ക് ജോലി വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. ജോലി ലഭിക്കുമെന്ന വിശ്വാസത്തിൽ പരാതിക്കാരൻ യുപിഐ വഴി 14,500 രൂപ കൈമാറി. പിന്നീട് തട്ടിപ്പിനിരയായെന്ന് മനസിലാക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം ഈസ്റ്റ് ഡൽഹിയിലെ എടിഎം വഴി പിൻവലിച്ച ബാങ്ക് അക്കൗണ്ട് പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് 20ന് ഈസ്റ്റ് ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ വസീറാബാദ് സ്വദേശിയായ 30കാരൻ മുഹമ്മദ് സെയ്‌ദിലേക്കാണ് പൊലീസ് എത്തിയത്. ലക്ഷ്‌മിനഗറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ രണ്ട് യുവതികളുമായുള്ള ഇയാളുടെ ബന്ധം കണ്ടെത്തിയതോടെ അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷ്‌മി നഗറിൽ സംഘം വ്യാജ കോൾ സെന്റർ പ്രവർത്തിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിവിധ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഉദ്യോഗാർത്ഥികളെ പ്രതികൾ ബന്ധപ്പെട്ടിരുന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെട്ട ശേഷം സമീപത്തെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിച്ച് പ്രതികൾ വീതിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ യുവതികളിൽ ഒരാൾ ഏകദേശം മൂന്ന് മാസമായി കോൾ സെന്റർ നടത്തിവന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തി. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രണ്ട് പരാതികൾ കൂടി രജിസ്റ്റർ ചെയ്തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.

തട്ടിപ്പ് സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും സമാനമായ കേസുകളിൽ ഇവരുടെ പങ്ക് പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930ൽ വിവരം അറിയിക്കുകയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

English Summary

Delhi Cyber Police arrested three people, including two women, for allegedly running a fake call centre that cheated job seekers by promising Air India ground-duty jobs. The accused reportedly posed as Air India HR representatives and collected money through UPI for registration and other employment-related charges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBER FRAUD, JOB SCAM, AIR INDIA JOB SCAM, FAKE JOB CALL CENTRE, CYBER POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY