SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.37 AM IST

കെണി​യൊരുക്കി​ കഴുകന്മാർ

delivery

കൊച്ചി: ഡയറക്ട് മാർക്കറ്റിംഗ് കേന്ദ്രങ്ങളിലെ തട്ടിപ്പുകൾ പലതും അമ്പരപ്പിക്കുന്നതും കേട്ടാൽ അറപ്പുളവാക്കുന്നതുമാണ്. തട്ടിപ്പ് തിരിച്ചറിയുമ്പോഴേക്ക് യുവാക്കൾ കുരുക്കിൽ പെട്ടിട്ടുണ്ടാകും. ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന തട്ടിപ്പുണ്ട്. ഏഴ് യുവതികൾ ഉൾപ്പെടെ 19 പേർ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത് .

13 വർഷങ്ങൾക്ക് മുമ്പ് കോട്ടയം സ്വദേശിയായ യുവാവ് ഡിഗ്രി പഠനത്തിനു പിന്നാലെ സുഹൃത്തിനൊപ്പം സ്ഥിര വരുമാനം സ്വപ്നം കണ്ട് കേട്ടറിഞ്ഞ മാർക്കറ്റിംഗ് കേന്ദ്രത്തിലേക്കെത്തി.

ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിന് സമീപത്തെ വാടകവീട്ടിലെ കാപ്സ് മിനിഐക്കോയായിരുന്നു സ്ഥാപനം.

ഞായറാഴ്ചയായിരുന്നു ഇന്റർവ്യൂ. രണ്ടു പേരെയും ഒരുമിച്ചിരുത്തി. ചോദ്യങ്ങൾ ഇല്ല. സ്ഥാപനത്തിന്റെ എച്ച്.ആർ മാനേജരെന്ന് പരിചയപ്പെടുത്തിയ യുവതി കമ്മ്യൂണിക്കേഷൻ സ്കില്ലിനെക്കുറിച്ചും മത്സരസ്വഭാവത്തെക്കുറിച്ചും സംസാരിച്ചു. ഒടുവിൽ ബുധനാഴ്ച ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. ആറു മാസമായിരുന്നു പരിശീലനം. എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകൾ കമ്പനി വാങ്ങിവച്ചു.

നരകജീവിതം

താമസ സൗകര്യം ദുരിതമയമായിരുന്നു. 13 യുവാക്കൾ താഴത്തെ നിലയിലെ ദുർഗന്ധം നിറഞ്ഞ ഒറ്റമുറിയിലും ഏഴ് യുവതികൾ എച്ച്.ആറിനൊപ്പം മുകളിലത്തെ നിലയിലുമായിരുന്നു താമസം. രണ്ടാം ദിവസം മുതൽ ഭാരമേറിയ ബാഗുമായി സീനിയർമാർക്കൊപ്പവും പിന്നീട് ഒറ്റയ്ക്കും ഫീൽഡിൽ പോകേണ്ടിവന്നു. വീടുകളിൽ കയറിയിറങ്ങി മീൻവെട്ടുന്ന കത്തി പോലുള്ള സാധനങ്ങൾ വിൽക്കുന്നതായിരുന്നു പ്രധാന ജോലി. ദിവസവും 10 സാധനങ്ങൾ വിറ്റാൽ അഭിനന്ദനം, അല്ലെങ്കിൽ പരിഹാസം. പിന്നീട് അത് ശിക്ഷകളിലേക്ക് വഴിമാറി. ടാർജറ്റ് തികച്ചാൽ 50 മുതൽ 100 രൂപ വരെയായിരുന്നു തുച്ഛമായ വരുമാനം. ഭക്ഷണത്തിനുപോലും പണമില്ലാതായതോടെ യുവാവ് മടങ്ങാൻ തീരുമാനിച്ചു.

സർട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കൽ പ്രധാന തന്ത്രം

സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുക എന്നത് ഇവരുടെ പ്രധാന തന്ത്രമാണ്. യുവാവിനും സർട്ടിഫിക്കറ്റ് നൽകാൻ അവർ തയ്യാറായില്ല. ബന്ധുക്കളെത്തിയതോടെയാണ് അത് തിരികെ നൽകിയത്. തട്ടിപ്പ് മനസ്സിലാക്കിയ സഹപ്രവർത്തകരും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. ഇതിനെത്തുടർന്ന് യുവാക്കൾ ഉടമയെയും മാനേജർമാരെയും പൂട്ടിയിട്ടു. ഇവരുടെ സുഹൃത്തുക്കളും എത്തിയതോടെ സ്ഥിതി വഷളായി. ഒടുവിൽ ദേഹം വേദനിച്ചപ്പോൾ എല്ലാവർക്കും സർട്ടിഫിക്കറ്റ് തിരികെ നൽകാൻ അവർ നിർബന്ധിതരായി. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന അതേ തന്ത്രങ്ങൾ തന്നെയാണ് ഈ കമ്പനികൾ ഇപ്പോഴും പിന്തുടരുന്നത്. ദൂരദേശങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് പ്രധാനമായും ഇരകൾ.

നാളെ : അടി​മുടി​ തട്ടി​പ്പി​ന്റെ ലോകം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY