SignIn
Kerala Kaumudi Online
Monday, 27 July 2026 12.30 AM IST

ഗൃഹനാഥനെ കാറിടിച്ച സംഭവം: അന്വേഷണം അട്ടിമറിക്കുന്നതായി പരാതി

anil-k

ചെങ്ങന്നൂ‌ർ: ഗൃഹനാഥനെ കാറിടിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് കുടുംബം. പുലിയൂർ പഞ്ചായത്ത് 11-ാം വാർഡിൽ തോന്നക്കാട് ആദിത്യ ഭവനത്തിൽ അനിൽ കുമാർ (45) ആണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്. മേയ് 11ന് രാത്രി കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനായ അനിൽകുമാർ ജോലി കഴിഞ്ഞ് മടങ്ങവേ മാവേലിക്കര തട്ടാരമ്പലം ജംഗ്ഷനിൽ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട കാർ നിറുത്താതെ പോയി. രക്തം വാർന്ന് റോഡിൽ കിടന്ന ഇദ്ദേഹത്തെ ഹരിപ്പാട്ടുനിന്ന് വന്ന ആംബുലൻസ് ജീവനക്കാരാണ് ആദ്യം മാവേലിക്കര ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിന്റെ കാലിലെ ഒരുവിരൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. മറ്റ് മൂന്ന് വിരലുകളിലെ അസ്ഥികൾ തകർന്ന നിലയിൽ കമ്പിയിട്ടിരിക്കുകയാണ്. പല്ലുകൾ കൊഴിഞ്ഞുപോകുകയും മുഖത്ത് ആഴത്തിലുള്ള പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സകൾ ഇനിയും ആവശ്യമാണ്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ വിലകൂടിയ മരുന്നുകൾ പൂർണമായും പുറത്തുനിന്നാണ് വാങ്ങേണ്ടിവരുന്നത്. ദിവസേന ഡ്രസിംഗിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിൽ എത്തേണ്ട സ്ഥിതിയാണ്.

കുടുംബത്തിന്റെ ഏക ആശ്രയമായ അനിൽ കുമാറിന്റെ വരുമാനം നിലച്ചതോടെ മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി എടുത്ത ലോൺഅടവ് മുടങ്ങിയ സ്ഥിതിയാണ്. തട്ടാരമ്പലം ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാൽ വാഹനം കണ്ടെത്താൻ കഴിയുമെന്നിരിക്കെ പൊലീസ് കാണിക്കുന്ന മെല്ലെപ്പോക്ക് സംശയങ്ങൾക്ക് ഇടയാക്കുന്നതായും ആക്ഷേപമുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY