
കൊച്ചി: യുവതികളെ മർദ്ദിച്ചതിന് അറസ്റ്റിലായ പെൺവാണിഭ നടത്തിപ്പുകാരൻ പാലക്കാട് മണ്ണാർക്കാട് പുല്ലശേരി സ്വദേശി അക്ബർ അലിയെ (26) കൊച്ചി സിറ്റി പൊലീസ് 'കാപ്പ" ചുമത്തി കരുതൽ തടങ്കലിൽ അടയ്‌ക്കും. ചെർപ്പുളശേരിയിൽ നിന്ന് എറണാകുളം നോർത്ത് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതി ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു. സ്ഥിരം കുറ്റവാളിയായ അക്ബറിനെ ഒരു വർഷത്തേക്ക് കാപ്പ തടങ്കലിൽ ആക്കാനാണ് തീരുമാനം. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങൾ വൈകാതെ തുടങ്ങും.
എറണാകുളത്ത് പെൺവാണിഭം നടത്തിയതിനും അനാശാസ്യകേന്ദ്രം നടത്തിപ്പിനും അക്ബർ അലിയെ പ്രതിയാക്കി വെള്ളിയാഴ്ച നോർത്ത് പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അനാശാസ്യകേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് നിലവിലുണ്ട്. 15 വയസുകാരിയെ കടന്നുപിടിച്ചതിനും ശല്യപ്പെടുത്തിയതിനും പാലക്കാട് കസബ പൊലീസ് 2023 ൽ രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, നാട്ടുകൽ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളും ട്രാഫിക് കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ട്.
കഴിഞ്ഞ 3ന് പുലർച്ചെ കലൂർ ചക്കാലപ്പാടം റോഡിൽ ചായകുടിക്കാൻ എത്തിയ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിലാണ് അക്ബർ അലിയും മറ്റ് അഞ്ചു പേരും അറസ്റ്റിലായത്. ഈ കേസിൽ നാലു പേർ കൂടി പിടിയിലാകാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |