തിരുവനന്തപുരം: 70 പവനോളം സ്വര്‍ണം തട്ടിയെടുത്ത സ്ത്രീ തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ കുറിപ്പ് പുറത്ത്. സ്വകാര്യ സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരി അഞ്ജുവാണ് (28) ആത്മഹത്യ ചെയ്തത്. വെണ്ണിയൂര്‍ നെല്ലിവിള ജയാ ഭവനില്‍ വിഷ്ണുവിന്റെ ഭാര്യയാണ് അഞ്ജു. മരിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും നിങ്ങള്‍ സുഖമായി ജീവിക്കൂ എന്നുമാണ് അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
അഞ്ജുവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിയായ ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് അനുസരിച്ച് ആരോപണവിധേയയായ പനങ്ങോട് സ്വദേശി സിന്ധു കുമാരി (53) യെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവിന്റെയും മാതാവിന്റേയും ചികിത്സയിലുള്ള യുവതിയുടേയും പക്കല്‍ നിന്ന് സിന്ധു 70 പവന്‍ കൈക്കലാക്കിയിരുന്നു.
സ്വര്‍ണം തിരികെ ആവശ്യപ്പെട്ട് അഞ്ജു പലതവണ സിന്ധുകുമാരിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം തന്റെ കൈവശമില്ലെന്നും അവ വിറ്റുപോയെന്നും പറഞ്ഞ് പ്രതി കൈമലര്‍ത്തുകയായിരുന്നു. ഇതോടെയാണ് സമ്മര്‍ദ്ദത്തിലായ അഞ്ജുവും സഹപ്രവര്‍ത്തകയും ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ 30ന് വൈകിട്ടായിരുന്ന സംഭവം. ഇരുവരും ചേര്‍ന്ന് വിഴിഞ്ഞത്തെ ജൂസ് കടയില്‍നിന്നു പാനീയം വാങ്ങി വിഷംകലര്‍ത്തി കുടിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ജു മരണപ്പെടുകയാണുണ്ടായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |