SignIn
Kerala Kaumudi Online
Sunday, 27 September 2026 3.10 AM IST

ശിവാജി വീട്ട് പയ്യൻ

dharshan

വിലാസങ്ങൾ പലതാണ് ദർഷൻ ഗണേശന്. നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ. ശിവാജിയുടെ മൂത്ത മകൻ രാംകുമാറിന്റെ മകൻ. റാമിന്റെ സഹോദരൻ പ്രഭു ആരാധകർക്ക് 'ഇളയ തിലകം". പ്രഭുവിന്റെ . മകൻ വിക്രം പ്രഭുത മിഴകത്ത് നായകൻ . ഈ സിനിമാ കുടുംബത്തിൽ നിന്നുവരുന്ന ദർഷൻ ഗണേശൻ നായകനായി അരങ്ങേറ്റം കുറിച്ച 'ലെനിൽ പാണ്ഡ്യൻ" തിയേറ്ററിൽ എത്തി. കേരളത്തിലും പ്രദർശനം തുടരുന്ന 'ലെനിൻ പാണ്ഡ്യന്റെ" വിശേഷങ്ങളുമായി ദർഷൻ ഗണേശൻ ചേരുന്നു.

എവിടെ നിന്നായിരുന്നു 'ലെനിൻ പാണ്ഡ്യ'ന്റെ തുടക്കം?

സിനിമയിലേക്ക് വരുന്നതിന് മുൻപ് അഭിനയം പഠിക്കണമെന്ന് തീരുമാനിച്ചു. കോഴ്സ് കഴിഞ്ഞ് തമിഴ്,​ ഇംഗ്ളീഷ്, ഹിന്ദി, മറാഠി നാടകങ്ങളിൽ അഭിനയിച്ചു.അന്താരാഷ്ട്ര പരസ്യചിത്രങ്ങളുടെ ഭാഗമായി. സിനിമയിൽ അഭിനയിക്കാൻ കഴിയും എന്ന സ്വയം തോന്നി തുടങ്ങിയപ്പോൾ കഥകൾ അന്വേഷിച്ചു. ഒരുപാട് ഓഡിഷൻ പങ്കെടുത്തു.സിനിമയിൽ എത്താൻ കുറച്ചു സമയം എടുത്തു. 'ലെനിൻ പാണ്ഡ്യൻ" നല്ല കഥ എന്നു തോന്നി. എന്നെ പോലെ സംവിധായകൻ ഡി.ഡി. ബാലചന്ദ്രന്റെയും ആദ്യ സിനിയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പൊലീസ് വേഷം അവതരിപ്പിക്കുന്നു. ഗംഗൈ അമരൻ,​ റോജ എന്നിവരാണ് മറ്റ് താരങ്ങൾ. നായിക ശ്രിത റാവു.

പ്രശ്സതമായ സിനിമാ കുടുംബത്തിൽ നിന്ന് വരുമ്പോൾ ഉത്തരവാദിത്വം വലുതാണോ ?

വലിയ ഒരു സിനിമാ കുടുംബത്തിലെ അംഗം എന്ന നിലയിൽമഹാഭാഗ്യവും അനുഗ്രഹവും ആണ് . മുത്തച്ഛന്റെയും അച്ഛന്റെയും ഇളയച്ഛന്റെയും പേര് മോശമാകാതെ ശ്രദ്ധിക്കണം.അത് വലിയ ഉത്തരവാദിത്വം തന്നെ. ഒപ്പം പ്രേക്ഷകരുടെ ഇഷ്ടവും, സ്നേഹവും പിടിച്ചുപറ്റണം. നല്ല സിനിമകൾ ചെയ്ത് പ്രേക്ഷകരോട് ചേർന്നുനിൽക്കാനാണ് ആഗ്രഹം.

ശിവാജി ഗണേശനെക്കുറിച്ച് ആദ്യ ഓർമ എന്തായിരിക്കും?

മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് ഏഴുവയസ് ആണ്. അദ്ദേഹം ഒരു മഹാനടനാണെന്ന് അറിയില്ലായിരുന്നു. വീട്ടിൽ അതിഥികൾ വന്നാൽ അവരെ എങ്ങനെ സ്വീകരിക്കണം, ബഹുമാനത്തോടും സ്നേഹത്തോടും പെരുമാറണം എന്നെല്ലാം ആ പ്രായത്തിൽ ഞങ്ങൾ കൊച്ചുമക്കൾക്ക് പറഞ്ഞുതന്നത് ഒാർക്കുന്നു. പാശമലറിലെയും 'കട്ടബൊമ്മനി"ലെയും 'കർണനി"ലെയും ഡയലോഗുകൾ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. എന്റെ പ്രിയ നടൻ മുത്തച്ഛൻ തന്നെയാണ്. പിന്നെ ഇളയച്ഛൻ. മുത്തച്ഛന്റെ ഗൗരവം, തേവർ മകൻ, ഒരു യാത്രാമൊഴി എന്നിവയാണ് ഇഷ്ട സിനിമകൾ.

സിനിമയിൽ തന്നെ തുടരാനാണോ തീരുമാനം?

ഇവിടെ തന്നെ ഉണ്ടാകും. കഥകൾ എഴുതാറുണ്ട്. ഭാവിയിൽ സിനിമകൾ നിർമ്മിക്കും. തത്കാലം അഭിനയത്തിലായിരിക്കും ശ്രദ്ധ. 'ലെനിൻ പാണ്ഡ്യൻ" കണ്ട് രജനിസാറും കമൽ സാറും അഭിനന്ദിച്ചതും ഉപദേശം നൽകിയതും പ്രചോദനം തരുന്നു. അച്ഛൻ മാത്രമല്ല അമ്മ കണ്ണമ്മയും സഹോദരന്മാരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARSHA, SHIVAJI, CINEMA, RAMKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA