SignIn
Kerala Kaumudi Online
Sunday, 18 October 2026 1.54 AM IST

സിദ്ധാർഥയുഗം

sidhardh

'നമ്മളി"ൽ ഒരാളാകാൻ സിദ്ധാർഥ് ഭരതൻ എത്തിയപ്പോൾ നമ്മൾ അത്രയൊന്നും ചേർത്തുപിടിച്ചില്ല. കൊടുമൺ പോറ്റിയുടെ കാര്യസ്ഥന്റെ നിസഹായതയും വിധേയത്വവും അമർഷവും എല്ലാം ആ മുഖത്ത് പരന്നപ്പോൾ സിദ്ധാർഥിനെ ശ്രദ്ധിച്ചു.അഭിനയത്തിന്റെ രണ്ടാം വരവിൽ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചപ്പോൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. 'സൂക്ഷ്‌മദർശിനി"യിൽ ചിരിപ്പിക്കുന്ന ചുവടുമായി വന്നപ്പോൾ സൂക്ഷ്‌മമായി ദർശിച്ചു. വ്യത്യസ്തവും തീവ്രവുമായ വേഷങ്ങളുമായി ഗംഭീരമായ അഭിനയയാത്ര നടത്താൻ കഴിയുന്നതിന്റെ ആഹ്ളാദത്തിൽ സിദ്ധാർഥ് ഭരതൻ സംസാരിക്കുന്നു.

നടനായും സംവിധായകനായും വരവറിയിച്ചെങ്കിലും അഭിനയയാത്ര തുടങ്ങിയത് ഇപ്പോഴാണെന്ന് കരുതുന്നുണ്ടോ ? തീർച്ചയായും . ഇപ്പോഴാണ് ശരിക്കും തുടങ്ങിയതെന്ന് തോന്നുന്നു. എന്റെ രൂപവും ഭാവവും പ്രായവുമെല്ലാം ഇപ്പോൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി കൂടുതൽ യോജിക്കുന്നുണ്ടെന്നാണ് കരുതുന്നത്. വേറിട്ട കഥാപാത്രങ്ങൾ ഒാരോന്നായി വന്നുചേരുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ അഭിനേതാവ് എന്ന നിലയിൽ ലഭിക്കുന്ന സന്തോഷം കൂടിയുണ്ട്. കഥാപാത്രങ്ങൾ എല്ലാം ഏറ്റെടുക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴാണ് വരവറിയിച്ചതെന്ന് കരുതാനാണ് ആഗ്രഹവും ഇഷ്ടവും.

പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രങ്ങൾ വന്നുചേരുമ്പോൾ ഈ പരിഗണനയുടെ കാരണം ‘ഭ്രമയുഗ’ത്തിലെ കാര്യസ്ഥൻ തന്നെയല്ലേ ?

‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിനു ശേഷമാണ് അത്തരം കഥാപാത്രങ്ങൾ ഉൾപ്പെടെ കൂടുതൽ മികച്ച അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രങ്ങൾ മാത്രമല്ല, തീവ്രമായി അഭിനയിക്കാൻ അവസരം തരുന്ന കഥാപാത്രങ്ങൾ വന്നുചേരുന്നു. ഭ്രമയുഗ’ത്തിനുശേഷം അഭിനയിച്ച സിനിമയിൽ എല്ലാം ഈ മാറ്റം പ്രകടമാണ്.

അന്നത്തെ ന്യൂജനറേഷൻ സിനിമയായിരുന്നിട്ടും 'നമ്മളി'നു ശേഷം അഭിനയത്തിൽ വേണ്ട ശ്രദ്ധ നേടാൻ കഴിയാതെപോയത് എന്തുകൊണ്ടായിരിക്കും?

‘നമ്മൾ’ അന്നത്തെ ന്യൂജനറേഷൻ സിനിമയായിരുന്നെങ്കിലും പിന്നീട് അത്തരം ചിത്രങ്ങൾ അധികം ഉണ്ടായില്ല. അതുകൊണ്ടായിരിക്കാം എന്റെ പ്രായത്തിനനുസരിച്ച് വേഷങ്ങൾ ലഭിക്കാതെ പോയത്. അക്കാലത്ത് ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കഥകൾ സിനിമയിൽ അധികം വന്നിരുന്നില്ല. കോളേജ് പഠനം കഴിഞ്ഞ് ജോലിക്കുവേണ്ടി കഷ്ടപ്പെടുന്ന നായകന്റെ കഥകളായിരുന്നു കൂടുതലും. ഇന്ന് സ്കൂൾ പിള്ളേരുടെ കഥകൾപോലും സിനിമയിൽ വന്നുതുടങ്ങി. അന്ന് ഞങ്ങളുടെ പ്രായത്തിലുള്ളവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കഥ പറയുന്ന സിനിമകൾ മാത്രമല്ല അത്തരം അവസരങ്ങളും കുറവായിരുന്നു.

അച്ഛന്റെയും അമ്മയുടെയും മേഖലകളിൽ കൈവച്ച സ്ഥിതിക്ക്, പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റുക വലിയ ഉത്തരവാദിത്വമായി മാറുന്നുണ്ടോ ?​

സിനിമയിൽ എത്തിയപ്പോൾത്തന്നെ ഭരതന്റെയും കെ.പി.എ.സി. ലളിതയുടെയും മകൻ എന്നൊരു ടാഗ് ഉണ്ടായിരുന്നു. രണ്ടുപേരും വർഷങ്ങളോളം കഴിവ് തെളിയിച്ചവർ. അതുകൊണ്ട് ഞാൻ സിനിമയിൽ കരിയർ തുടങ്ങുമ്പോൾത്തന്നെ ഇത്തരം പ്രതീക്ഷകൾക്കൊത്ത് ഉയരുക എന്നത് വലിയ ഭാരമായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ ഒരു പരിധിവരെ ശരിയായിരുന്നില്ല എന്ന് പറയാം. കാരണം, ഞാൻ സിനിമയിൽ തുടക്കക്കാരനായിരുന്നു. ശരിയേക്കാൾ തെറ്റുകൾ സംഭവിക്കാൻ സാധ്യതയായിരുന്നു അന്ന് കൂടുതൽ. എങ്കിലും ആ പ്രതീക്ഷകൾ ഒരു ഘട്ടത്തിൽ വലിയൊരു പാഠമായി മാറി. ‘ഭ്രമയുഗ’ത്തിനുശേഷം ‘സൂക്ഷ്മദർശിനി’, 'ആഭ്യന്തര കുറ്റവാളി', ‘സുമതിവളവ്", ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ കൂടുമെന്ന് എനിക്കറിയാം. ഞാൻ അഭിനയിക്കുമ്പോൾ നല്ലൊരു കഥാപാത്രത്തെ കാണാൻ കഴിയുമെന്ന വിശ്വാസം പ്രേക്ഷകരിൽ ഉണ്ടായി എന്നാണ് മനസിലാക്കുന്നത്. ആ പ്രതീക്ഷകൾ നിലനിറുത്തുക എന്നത് ഉത്തരവാദിത്വമായാണ് കാണുന്നത്.

കോമഡിയും വഴങ്ങുമെന്ന് തെളിയിക്കുമ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ ഉതകുന്ന നടനായി മാറണമെന്ന ലക്ഷ്യവും ആഗ്രഹവുമുണ്ടോ?

അഭിനയത്തിൽ അത്തരമൊരു ലക്ഷ്യത്തോടെയല്ല തുടക്കം കുറിച്ചത്. എന്നാൽ സംവിധായകനായി പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങരുത്, സ്റ്റീരിയോടൈപ്പാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. സംവിധായകൻ എന്ന നിലയിൽ എന്നെ കാണുമ്പോൾ ഒരു പ്രത്യേക തരം സിനിമകൾ മാത്രം ചെയ്യുന്നയാളായി പ്രേക്ഷകർ കരുതരുതെന്നും ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ ആദ്യ സിനിമ ‘നിദ്ര’ ഒരു റൊമാന്റിക് ഡ്രാമയായിരുന്നു. അച്ഛൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്കായിരുന്നു അത്. അതിനുശേഷം ഫാമിലി ഡ്രാമയായ ‘ചന്ദ്രേട്ടൻ എവിടെയാ’, പൊളിറ്റിക്കൽ സറ്റയറായ ‘വർണ്യത്തിൽ ആശങ്ക’, ഫാന്റസി ഡ്രാമയായ ‘ജിന്ന്’, ഇറോട്ടിക് ഡ്രാമയായ ‘ചതുരം’ തുടങ്ങിയ സിനിമകൾ ചെയ്തു. ഇവയുടെ പ്രമേയങ്ങളും അവതരണരീതികളും വ്യത്യസ്തമായിരുന്നു. ഈ സിനിമകളെല്ലാം എനിക്ക് ഓരോ പഠനാനുഭവങ്ങളായിരുന്നു. ഓരോ സിനിമകളിലും അഭിനേതാക്കളുമായി സഹകരിക്കുമ്പോൾ കഥാപാത്രത്തെയും സാഹചര്യത്തെയും അവ‌ർ എങ്ങനെ സമീപിക്കുന്നു എന്നതിൽനിന്ന് ഞാൻ അറിയാതെതന്നെ പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹൊറർ കഥാപാത്രമായാലും ഗൗരവം നിറഞ്ഞ വേഷമായാലും കോമഡിയായാലും ആ അനുഭവങ്ങൾ അഭിനയത്തിൽ സഹായിക്കുന്നുണ്ട് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ, സംവിധായകനെന്ന നിലയിൽ ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങാതെ വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ സ്വീകരിച്ച അതേ സമീപനം അഭിനയത്തിലും പിന്തുടരുന്നുണ്ട്.

ഒരു കഥാപാത്രം ലഭിക്കുമ്പോൾ വേറിട്ടതാക്കാൻ സ്വീകരിക്കുന്ന രീതി ഏതു വിധമാണ് ?

സംവിധായകൻ എന്ന നിലയിൽ ഒരു കഥ കേൾക്കുമ്പോൾ മറ്റ് സിനിമകളെയും റഫറൻസുകളെയും ആശ്രയിക്കാറുണ്ട്. അതുപോലെതന്നെ, ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിലും റഫറൻസുകൾ തേടാറുണ്ട്. ‘സൂക്ഷ്മദർശിനി’യിലാണ് എനിക്ക് ആദ്യമായി കോമഡി കഥാപാത്രം ലഭിക്കുന്നത്. ആ കഥാപാത്രത്തിനായി തിലകൻ സാറിന്റെ നാടോടിക്കാറ്റിലെ പ്രകടനമാണ് റഫറൻസായി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശരീരഭാഷയും സംസാരശൈലിയുമെല്ലാം ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ‘പവനായി ശവമായി’, ‘നിന്നോട് ഞാൻ ചായ ചോദിച്ചോ കുമാരാ’ തുടങ്ങിയ രംഗങ്ങളിലെ അദ്ദേഹത്തിന്റെ സമീപനവും അവതരണരീതിയുമൊക്കെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ‘സൂക്ഷ്മദർശിനി’യിൽ അത് ഏറെ പ്രയോജനപ്പെടുകയും ചെയ്തു. ഇതുപോലെ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ റഫറൻസുകൾ കണ്ടെത്തുകയും അവയിൽനിന്ന് ആവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യാറുണ്ട്. അതാണ് കഥാപാത്രങ്ങൾക്കായി ഞാൻ നടത്തുന്ന തയ്യാറെടുപ്പുകളിൽ ഒന്ന്.

സിദ്ധാർഥ് എന്ന നടനെ കൂടുതലായി കാണുമ്പോൾ സിദ്ധാർഥ് എന്ന സംവിധായകൻ അടുത്ത സിനിമയുടെ ശ്രമങ്ങൾ നടത്തുന്നുണ്ടോ?

സിദ്ധാർഥ് എന്ന സംവിധായകൻ അടുത്ത സിനിമയുടെ ശ്രമത്തിലാണ്. അത് എത്രയും പെട്ടെന്ന് പ്രഖ്യാപിക്കാൻ കഴിയട്ടേ എന്നാണ് ആഗ്രഹം. അതേസമയം, അഭിനയ അവസരങ്ങൾ എന്നെ തിരക്കിലാക്കി നിറുത്തുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്. ഇനിയും കൂടുതൽ സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം. ഇതുവരെ അന്യഭാഷകളിൽനിന്ന് അവസരങ്ങളൊന്നും വന്നിട്ടില്ല. വരികയാണെങ്കിൽ തീർച്ചയായും ഒരു കൈ നോക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA