SignIn
Kerala Kaumudi Online
Sunday, 18 October 2026 1.54 AM IST

ഡാലസിലൊരു പാട്ട് ഫാക്ടറി

jo-paul-lyrics

സിനിമ വിളിച്ചാൽ അമേരിക്കയിൽനിന്ന് പാട്ട് പറന്ന് എത്തും.ജോ പോൾ എന്ന നവപാട്ടെഴുത്തുകാരന്റെ പാട്ടുകൾ ആണ് ആദ്യം സംസാരിച്ചത്. മ്യൂസിക് ആപ്പുകളിലും സ്പോട്ടി ഫൈവിലും പാട്ടുകൾ ഇടിച്ചു കയറിയപ്പോൾ പാട്ടെഴുത്തുകാരനെ അന്വേഷിച്ചു. മലയാളസിനിമയിലെ ഗാനശാഖയിൽ ഹിറ്റുകൾ നിറച്ച് ജോ പോൾ വിജയയാത്രയിൽ. പതിനൊന്ന് വർഷം കൊണ്ട് 100 ലധികം പാട്ടുകൾ . ജോ പോളിന്റെ രചനയിൽ വിസ്മയ മോഹൻലാലിന്റെ തുടക്കം സിനിമയിൽ കെ. എസ്. ചിത്രയുടെ സ്വരമാധുരിയിൽ കേട്ട തളിരോമലേ… ചെറുതൂവലേ…. എന്ന താരാട്ട് പാട്ട് ഹിറ്റ് ചാർട്ടിൽനിന്ന് ഇറങ്ങിപോകാതെ നിൽക്കുന്നു. പാട്ടുവഴിയിലെ വിശേഷങ്ങളുമായി ജോ പോൾ ചേരുന്നു.

ഹിറ്റുകളുടെ കൂമ്പാരം

സ്‌കൂളിൽ പഠിക്കുമ്പോൾ കവിത എഴുതി. 2000ൽ ക്രിസ്തീയ ഭക്തിഗാനത്തിലൂടെയാണ് പാട്ട് എഴുത്ത് ആരംഭിക്കുന്നത് . പിന്നീട് ചില ഭക്തിഗാന ആൽബങ്ങൾക്ക് വരികളും സംഗീതവും ഒരുക്കി. പാട്ടുകൾ പാടി. 2015ൽ റാസ്പുടിൻ , യൂ ടൂ ബ്രൂട്ടസ്” എന്നീ ചിത്രങ്ങൾക്ക് പാട്ട് എഴുതിയെങ്കിലും ശ്രദ്ധ നേടിയില്ല. “ക്വീൻ” സിനിമയിൽ ജേക്സ് ബിജോയ് യുടെ സംഗീതത്തിൽ “പൊന്നും കസവിട്ട്”, “സാറേ ഞങ്ങളിങ്ങനാ”, “ആരാണ്ടാ” തുടങ്ങിയ ഗാനങ്ങൾ വലിയ സ്വീകാര്യത നേടി.'തുടക്കം' സിനിമയിൽ ഞങ്ങൾ ഒരുമിച്ചപ്പോഴും ഹിറ്റുകൾ ആവർത്തിച്ചു. തുടക്കത്തിലെ “മുറിവുകൾ” എന്ന ഗാനത്തിലൂടെ വൈകാരികഭാവം നൽകാൻ കഴിഞ്ഞു എന്നാണ് വിശ്വാസം . മോഹൻലാൽ,​ രണം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൽക്കി, ഇഷ്ക്, മനോഹരം, കുമാരി, മേപ്പടിയാൻ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമയിലെ പാട്ടുകൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി.

മലയാളം തുളുമ്പുന്നല്ലോ

നെഞ്ചിനകത്ത് ലാലേട്ടൻ” ആഘോഷത്തിന്റെയും ആരാധനയുടെയും ഊർജമാണ്. കുമാരിയിലെ “മന്ദാരപ്പൂവേ” ഗ്രാമീണ ഭാവം തുളുമ്പുന്ന നിഷ്കളങ്കമായ കൗതുകവും ആകർഷണവും നിറഞ്ഞതാണ്. “കലാപക്കാരാ” ആക്ഷന്റെയും നൃത്തത്തിന്റെയും ആവേശം ഏറ്റെടുത്തു. മേപ്പടിയാനിലെ 'കണ്ണിൽ മിന്നും മന്ദാരം' മൃദുവായ റൊമാന്റിക് ഭാവമാണ്. എന്നാൽ 2018 എന്ന ചിത്രത്തിൽ മനസിൽ ഒളിപ്പിച്ചുവച്ച പ്രണയം ആണ് “പറയുവാനിതാദ്യമായ്” എന്ന ഗാനത്തിന്റെ ആകർഷണം. വലിയ വാക്കുകളോ സങ്കീർണമായ പ്രയോഗമോ ഇല്ലാതെ, മലയാളത്തിന്റെ സ്വാഭാവികമായ പദപ്രയോഗവും ഭാവവും നിലനിറുത്താൻ ശ്രമം നടത്തി. വിജയ് ദേവരകൊണ്ടയുടെ ‘ഡിയർ കോമ്രേഡ്’ മലയാളം പതിപ്പിന് എഴുതിയ “മധുപോലെ പെയ്ത മഴയേ” സമാനമായ അനുഭവം നൽകി. ആ പാട്ടിന്റെ ആത്മാവിനെ പുതിയ ഭാഷയിൽ വീണ്ടും ജനിപ്പിക്കാൻ ശ്രമിച്ചു. അതിനാൽ ഡബ്ബ് ചെയ്ത സിനിമാ ഗാനം എന്ന തോന്നൽ ഉണ്ടായില്ല. ഒരു മലയാള സിനിമയ്ക്കായി എഴുതിയ മെലഡിയായി തന്നെ “മധു പോലെ” ഇപ്പോഴും ശ്രോതാക്കൾക്ക് പ്രിയങ്കരം.

പാട്ടാണ് പാട്ട്

ആദ്യമായി കേൾക്കുമ്പോൾ തന്നെ മനസിലാകുന്ന വാക്കുകൾ കണ്ടെത്താൻ ശ്രമം നടത്താറുണ്ട്. പ്രണയമായാലും വിരഹമായാലും വാത്സല്യമായാലും, എഴുത്തിലെ ലാളിത്യത്തിന് മാറ്റമില്ല. ഓരോ പാട്ടിന്റെയും പിന്നിൽ സവിശേഷമായ കഥാപാത്രവും സന്ദർഭവും വികാരവുമുണ്ട്. അത് പൂർണമായും ഉൾക്കൊണ്ട് എഴുതാൻ ശ്രമം നടത്തും. പഠിച്ചത് അഗ്രികൾച്ചർ. യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് മിന്നെസോട്ടയിൽ നിന്ന് ഹോർട്ടികൾച്ചറൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ഡാലസിൽ എച്ച്.ആർ കൺസൾട്ടന്റായി ജോലി ചെയ്യുന്നു.ഒരു വശത്ത് കോർപ്പറേറ്റ് ലോകം. അതിന്റെ തിരക്കും സമയക്രമവുമുണ്ട്. ഇതിനിടെയാണ് പാട്ടെഴുത്ത്. ഭൂമിശാസ്ത്രപരമായ അകലം ഭാഷയിൽ കടന്നുവരാതെ സൂക്ഷിക്കുന്നുണ്ട്. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന ആളാണ് മലയാളം തുളമ്പുന്ന പദങ്ങൾ ഉപയോഗിക്കുന്നതെന്ന് ശ്രോതാക്കളിൽ പലർക്കും അറിയില്ല. കൊച്ചി കടവന്ത്രയ്ക്ക് സമീപം എളംകുളമാണ് നാട്. ഭാര്യ ധന്യ ജോൺ. മക്കൾ സാമുവേൽ,​ എെസെയ . കുടുംബത്തിന്റെ പിന്തുണ പാട്ടെഴുത്തിന് ഊർജ്ജം തരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA