SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.26 PM IST

അവസാനത്തെ സൂപ്പർ സ്റ്റാർ ഞാനെന്ന് ഷാരൂഖ്; ബച്ചനോളം വരില്ലെന്ന് അന്നു കപൂർ

-shahrukh-khan-annu-
ബോളിവുഡ് നടൻ ഷാരൂഖ് ഖാനും അന്നു കപൂറും

അവസാനത്തെ സൂപ്പർസ്റ്റാർ താനായിരിക്കുമെന്ന ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് നടൻ അനുപം ഖേർ നയിച്ച ടോക്ക് ഷോയിലാണ് ഷാരൂഖ് പറഞ്ഞ അഭിപ്രായം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേനേടുന്നത്. അന്ന് ഷാരൂഖിന്റെ പ്രസ്താവനയോട് പലരും യോജിച്ചെങ്കിലും, 'ഡർ' എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടൻ അന്നു കപൂറിന് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലാണ് അന്നു കപൂർ സിനിമാ മേഖലയിലെ സൂപ്പർസ്റ്റാർ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്നത്.

'വർഷങ്ങളായി മാദ്ധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത കഥയാണിത്— രാജേഷ് ഖന്നയുടെ കാലത്തും ആളുകൾ ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ, അമിതാഭ് ബച്ചൻ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ എന്നിവരെപ്പോലെ ദീർഘകാലം സിനിമാരംഗത്ത് നിറഞ്ഞുനിൽക്കാൻ ഇൻഡസ്ട്രിയിൽ മറ്റാർക്കും സാധിച്ചിട്ടില്ല. അത്രയും നീണ്ട കരിയർ നിലനിർത്തുക വളരെ പ്രയാസകരമായ കാര്യമാണ്.

നിങ്ങൾ ഈ പറയുന്ന നടൻ അഭിനയം തുടങ്ങുന്നത് 1992ൽ ആണ്. അതായത് ഏകദേശം 34 വർഷത്തെ കരിയർ. ബച്ചന്റെ 53 വർഷത്തെ കരിയറിൽ നിന്ന് ഈ 34 വർഷം കുറച്ചാൽ പിന്നെയും 19 വർഷം ബാക്കിയുണ്ട്. ഇനിയൊരു 19 വർഷം കൂടി ഇതുപോലെ ജനപ്രിയനായി നിലനിൽക്കാൻ ഷാരൂഖ് ഖാന് സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? (ഞാൻ വേണമെന്നു വച്ച് അദ്ദേഹത്തിന്റെ പേര് പറയാതിരിക്കുകയാണ്. 2045ലും അദ്ദേഹം ഇതുപോലെ പ്രസക്തനായിരിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. എങ്കിലും, ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ നടൻ ഷാരൂഖ് ആണെന്ന സത്യം ആർക്കും നിഷേധിക്കാനാവില്ല. സൂപ്പർസ്റ്റാറുകൾ വരും, പോകും; എന്നാൽ ഷാരൂഖാനെ പോലെ സ്വന്തം സഹോദരിയെയും കുടുംബത്തെയും സ്‌നേഹത്തോടെ പരിപാലിക്കുന്ന ഒരു മനുഷ്യനുണ്ടല്ലോ, അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.'- അന്നു കപൂർ കൂട്ടിച്ചേർത്തു.

English Summary

Actor Shah Rukh Khan's decade-old comment from Anupam Kher's talk show—where he claimed to be "the last of the stars"—has resurfaced online, sparking fresh debate.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARUKH KHAN, LATESTNEWS, BOLLYWOOD ACTOR, SUPERSTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY